ന്യൂദല്‍ഹി-മുല്ലപ്പെരിയാറില്‍ നിന്നു തമിഴ്‌നാട് മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നു വിടുന്നുവെന്ന പരാതിയില്‍ സുപ്രീംകോടതിയില്‍നിന്നു കേരളത്തിനു വന്‍ തിരിച്ചടി. കോടതിക്കുള്ളിലേക്ക് രാഷ്ട്രീയം കടത്തിക്കൊണ്ടു വരേണ്ടെന്ന താക്കീതാണ് കേരളത്തിന് കിട്ടിയത്.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ദൈനദിന കാര്യങ്ങള്‍ കോടതിക്കു മുന്നിലെത്തിക്കാതെ മേല്‍നോട്ട സമിതിയോട് പറയാനും ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍ക്കര്‍, സി.ടി രവികുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് നിര്‍ദേശിച്ചു. നിങ്ങള്‍ക്ക് രാഷ്ട്രീയപരമായ പിടിവാശികള്‍ കാണാം. പക്ഷേ, കോടതിക്ക് അതൊന്നും കേള്‍ക്കേണ്ട കാര്യമില്ലെന്നാണ് ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ പറഞ്ഞത്.
അതേസമയം ജലനിരപ്പ് സംബന്ധിച്ച റൂള്‍ കര്‍വ് ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ കേരളത്തിന്റെ പരാതികള്‍ ജനുവരി പതിനൊന്നിനു സുപ്രീംകോടതി പരിഗണിക്കും. വെള്ളം തുറന്നു വിടുന്ന വിഷയത്തില്‍ മേല്‍നോട്ട സമിതിക്കു മുന്നില്‍ ചര്‍ച്ച ചെയ്തു സമവായത്തിലെത്താനാണു നിര്‍ദേശം. വെള്ളം തുറന്നു വിടുന്ന വിഷയത്തില്‍ അടിയന്തര സ്വഭാവം പരിഗണിച്ച് മേല്‍നോട്ട സമിതിക്കു തീരുമാനം എടുക്കാമെന്നു വ്യക്തമാക്കിയ കോടതി ഇക്കാര്യത്തില്‍ കേരളത്തിന്റെ ആവശ്യം തള്ളി ഹര്‍ജി തീര്‍പ്പാക്കി. സമാന സ്വഭാവമുള്ള പരാതികളുമായി മേലില്‍ സുപ്രീംകോടതിയെ സമീപിക്കരുതെന്നും നിര്‍ദേശിച്ചു.
വെള്ളം തുറന്നു വിടുന്നതിന് എതിരേയല്ല, മറിച്ച് മുന്നറിയിപ്പില്ലാതെ അര്‍ധരാത്രിയില്‍ ഉള്‍പ്പടെ വെള്ളം തുറന്നു വിടുന്നു എന്നതാണ് പരാതിയെന്ന് കേരളത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ജയദീപ് ഗുപ്ത ചൂണ്ടിക്കാട്ടി. ഇതു മൂലം വെള്ളപ്പൊക്കവും പ്രദേശവാസികള്‍ക്കു മറ്റു ദുരിതങ്ങളും ഉണ്ടാകുന്നു. വെള്ളം തുറന്നു വിടുന്നതിന് 24 മണിക്കൂര്‍ മുന്‍പ് എങ്കിലും മുന്നറിയിപ്പ് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാല്‍, ഇക്കാര്യം ആവശ്യപ്പെട്ടു കേരളം നല്‍കിയ ഹര്‍ജിയും റൂള്‍കര്‍വുമായി ബന്ധപ്പെട്ടു നല്‍കിയ ഹര്‍ജിയുമായി ബന്ധിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് തമിഴ്‌നാടിന്റെ അഭിഭാഷകന്‍ ശേഖര്‍ നഫാഡെ ചൂണ്ടിക്കാട്ടി. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഒന്നിനു പുറകേ ഒന്നൊന്നായി കേരളം ഓരോ ഹര്‍ജികള്‍ നല്‍കുകയാണെന്നും തമിഴ്‌നാടിന്റെ അഭിഭാഷകന്‍ കുറ്റപ്പെടുത്തി.
മുല്ലപ്പെരിയാര്‍ ഡാം സംബന്ധിച്ച വിഷയങ്ങള്‍ പരിശോധിക്കാനല്ലേ ഒരു സമിതി രൂപീകരിച്ചതെന്നും സമിതിക്കു മുന്നില്‍ ഈ വിഷയം ഉന്നയിക്കാതിരിക്കുന്നത് എന്ത് കൊണ്ടാണെന്നും കോടതി ചോദിച്ചു. വെള്ളം തുറന്നു വിടണോ വേണ്ടയോ എന്ന കാര്യം മേല്‍നോട്ട സമിതി തീരുമാനിക്കട്ടെ എന്നും ജസ്റ്റീസ് ഖാന്‍വില്‍ക്കര്‍ പറഞ്ഞു. എന്നാല്‍, മേല്‍നോട്ട സമിതി ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണെന്ന് ജയദീപ് ഗുപ്ത ചൂണ്ടിക്കാട്ടി. മേല്‍നോട്ട സമിതിയില്‍ കേരളത്തിന്റെ പ്രതിനിധി കൂടി ഉണ്ടല്ലോ എന്നായിരുന്നു ജസ്റ്റീസ് ഖാന്‍വില്‍ക്കറുടെ ചോദ്യം. സമിതിയുടെ നിസംഗതയില്‍ ആ പ്രതിനിധിയെക്കൂടി കുറ്റപ്പെടുത്തേണ്ടതല്ലേ എന്നും അദ്ദേഹം ചോദിച്ചു. സമിതി ഒരുപക്ഷേ നിഷ്പക്ഷമായിരിക്കും. എന്നാല്‍, എല്ലാ കക്ഷികളുടെയും പ്രതിനിധികള്‍ അതില്‍ ഉള്‍പ്പെട്ടിട്ടുണ്ടല്ലോ എന്നായിരുന്നു ജയദീപ് ഗുപ്തയുടെ മറുപടി.






