മക്ക - വിവിധയിനം വിസകളില്‍ വിദേശങ്ങളില്‍ നിന്ന് വരുന്ന, പന്ത്രണ്ടും അതില്‍ കൂടുതലും വയസ് പ്രായമുള്ളവര്‍ക്ക് ഉംറ പെര്‍മിറ്റുകള്‍ അനുവദിക്കുമെന്ന് ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. വിദേശങ്ങളില്‍ നിന്ന് വരുന്ന 18 മുതല്‍ 50 വരെ വയസ് പ്രായവിഭാഗത്തില്‍ പെട്ടവര്‍ക്കു മാത്രമാണ് നേരത്തെ ഉംറ നിര്‍വഹിക്കാനും വിശുദ്ധ ഹറമില്‍ നമസ്‌കാരങ്ങളില്‍ പങ്കെടുക്കാനും മന്ത്രാലയം പെര്‍മിറ്റുകള്‍ അനുവദിച്ചിരുന്നത്. അടുത്തിടെ വിദേശങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഉംറ നിര്‍വഹിക്കാനും വിശുദ്ധ ഹറമില്‍ നമസ്‌കാരങ്ങളില്‍ പങ്കെടുക്കാനും പെര്‍മിറ്റുകള്‍ അനുവദിക്കുന്നതിനുള്ള ഉയര്‍ന്ന പ്രായപരിധി മന്ത്രാലയം റദ്ദാക്കി. ഇതോടെ വിദേശങ്ങളില്‍ നിന്ന് വരുന്ന 50 ല്‍ കൂടുതല്‍ പ്രായമുള്ളവര്‍ക്കും ഉംറ നിര്‍വഹിക്കാനും വിശുദ്ധ ഹറമില്‍ നമസ്‌കാരങ്ങളില്‍ പങ്കെടുക്കാനും പെര്‍മിറ്റുകള്‍ ലഭിച്ചു തുടങ്ങി. വിദേശങ്ങളില്‍ നിന്ന് വരുന്ന പതിനെട്ടില്‍ കൂടുതല്‍ പ്രായമുള്ളവര്‍ക്കാണ് പെര്‍മിറ്റുകള്‍ അനുവദിച്ചിരുന്നത്. രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ച് വിദേശങ്ങളില്‍ നിന്ന് വരുന്ന 12 ഉം അതില്‍ കൂടുതലും പ്രായമുള്ളവര്‍ക്ക് ഉംറ, നമസ്‌കാര, സിയാറത്ത് പെര്‍മിറ്റുകള്‍ അനുവദിക്കുമെന്നാണ് ഹജ്, ഉംറ മന്ത്രാലയം ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.
സൗദി അറേബ്യക്കകത്തു നിന്നും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും മറ്റു വിദേശ രാജ്യങ്ങളില്‍ നിന്നുമുള്ള, പന്ത്രണ്ടും അതില്‍ കൂടുതലും പ്രായമുള്ളവര്‍ക്ക് ഉംറ നിര്‍വഹിക്കാനും വിശുദ്ധ ഹറമില്‍ നമസ്‌കാരം നിര്‍വഹിക്കാനും റൗദ ശരീഫില്‍ നമസ്‌കാരം നിര്‍വഹിക്കാനും പ്രവാചകന്റെയും അനുചരന്മാരുടെയും ഖബറിടങ്ങളില്‍ സിയാറത്ത് നടത്താനും പെര്‍മിറ്റുകള്‍ അനുവദിക്കും. വിദേശങ്ങളില്‍ നിന്ന് വരുന്നവര്‍ വാക്‌സിന്‍ സ്വീകരിച്ചത് സ്ഥിരീകരിക്കുന്ന വിവരങ്ങള്‍ സൗദിയില്‍ പ്രവേശിക്കുന്നതിനു മുമ്പായി ഖുദൂം പ്ലാറ്റ്‌ഫോം വഴി രജിസ്റ്റര്‍ ചെയ്യണം. സൗദിയിലെത്തിയ ശേഷം ഇവര്‍ തവക്കല്‍നാ, ഇഅ്തമര്‍നാ ആപ്പുകളില്‍ രജിസ്റ്റര്‍ ചെയ്യണം. തവക്കല്‍നാ ആപ്പില്‍ ആരോഗ്യനില അപ്‌ഡേറ്റ് ചെയ്ത ശേഷം തവല്‍ക്കല്‍നാ ആപ്പോ ഇഅ്തമര്‍നാ ആപ്പോ വഴി ഇവര്‍ക്ക് ഉംറക്കും ഹറമില്‍ നമസ്‌കാരം നിര്‍വഹിക്കാനും റൗദ ശരീഫ് സിയാറത്തിനുമുള്ള പെര്‍മിറ്റുകള്‍ക്ക് സ്വയം ബുക്ക് ചെയ്യാന്‍ സാധിക്കും. വിദേശങ്ങളില്‍ നിന്ന് ഉംറ വിസകളില്‍ എത്തുന്നവര്‍ക്ക് പെര്‍മിറ്റുകള്‍ നേടിക്കൊടുക്കുന്ന ചുമതല ഉംറ സര്‍വീസ് കമ്പനികളാണ് വഹിക്കുക.
സൗദി അറേബ്യക്കകത്തു നിന്നുള്ള സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഉംറ നിര്‍വഹിക്കാനും ഹറമിലും റൗദ ശരീഫിലും നമസ്‌കാരം നിര്‍വഹിക്കാനും മദീന സിയാറത്തിനും ത്വവാഫ് കര്‍മം മാത്രം നിര്‍വഹിക്കാനുമുള്ള പെര്‍മിറ്റുകള്‍ ഇഅ്തമര്‍നാ ആപ്പ് വഴിയാണ് അനുവദിക്കുക. ഇതിന് ഗുണഭോക്താക്കളുടെ വിവരങ്ങള്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിറില്‍ അപ്‌ഡേറ്റ് ചെയ്തിരിക്കണമെന്നും തവക്കല്‍നാ ആപ്പില്‍ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് പ്രത്യക്ഷപ്പെടണമെന്നും വ്യവസ്ഥയുണ്ടെന്നും ഹജ്, ഉംറ മന്ത്രാലയം പറഞ്ഞു.






