Sorry, you need to enable JavaScript to visit this website.

ഇന്ധന വില വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ വാരിക്കൂട്ടിയത് 8 ലക്ഷം കോടി രൂപ

ന്യൂദല്‍ഹി- സാധാരണക്കാരുടെ നടുവൊടിച്ച് ഇന്ധന വില കുത്തനെ ഉയര്‍ത്തിയതിലൂടെ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കേന്ദ്ര സര്‍ക്കാര്‍ വാരിക്കൂട്ടിയത് 8 ലക്ഷം കോടി രൂപയുടെ നികുതി വരുമാനം. 2020-21 വര്‍ഷം മാത്രം 3.71 കോടി രൂപയാണ് സര്‍ക്കാര്‍ ഖജനാവിലെത്തിയത്. രാജ്യസഭയില്‍ ഒരു ചോദ്യത്തിനുള്ള മറുപടിയായി ധനമന്ത്രി നിര്‍മല സീതാരാമന്‍ ആണ് ഈ കണക്കുകള്‍ വെളിപ്പെടുത്തിയത്. 2018നും 2021നുമിടയിലാണീ വരുമാനം. പെട്രോളിന്റെ എക്‌സൈസ് തീരുവ പ്രതി ലീറ്ററിന് 2018 ഒക്ടോബര്‍ അഞ്ചിന് 19.48 രൂപ ആയിരുന്നത് 2021 നവംബര്‍ നാലിന്  27.90 രൂപയിലെത്തി നില്‍ക്കുന്നു. ഡീസലിന്റെ തീരുവ 15.33 രൂപയില്‍ നിന്നും 21.80 രൂപയായും ഇക്കാലയളവില്‍ ഉയര്‍ത്തി.

2019ല്‍ പെട്രോള്‍ തീരുവ 17.98 രൂപയും ഡീസലിന്റേത് 13.83 ആയി കുറച്ചിരുന്നു. പിന്നീട് 2021 ഫെബ്രുവരി വരെ പെട്രോള്‍, ഡീസല്‍ തീരുവകള്‍ കുതിച്ചുയര്‍ന്നു കൊണ്ടിരുന്നു. യഥാക്രമം 32.98 രൂപയും 31.83 രൂപയുമായി. ഇതിനു ശേഷം വീണ്ടും കുറഞ്ഞാണ് ഇപ്പോഴത്തെ 27.90 രൂപയിലും 21.80 രൂപയിലുമെത്തിയത്. 

ഈ വര്‍ധനവിലൂടെ സര്‍ക്കാര്‍ 2018-19 സാമ്പത്തിക വര്‍ഷം തീരുവ ഇനത്തില്‍ 2,10,282 കോടി രൂപയും 2019-20 വര്‍ഷത്തില്‍ 2,19,750 കോടി രൂപയും 2020-21 വര്‍ഷത്തില്‍ 3,71,908 കോടി രൂപയുമാണ് നേടിയതെന്നും ധനമന്ത്രി അറിയിച്ചു. നവംബര്‍ ആദ്യത്തില്‍ നിരവധി സംസ്ഥാനങ്ങള്‍ പെട്രോളിന്റേയും ഡീസലിന്റേയും വാറ്റ് വെട്ടിക്കുറച്ചതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ യഥാക്രമം അഞ്ച് രൂപയും 10 രൂപയും എക്‌സൈസ് തീരുവ വെട്ടിക്കുറച്ചിരുന്നു.
 

Latest News