Sorry, you need to enable JavaScript to visit this website.

പതിനേഴാം വയസ്സില്‍ ബാര്‍ ലൈസന്‍സ്: സമീര്‍ വാംഖഡെക്ക് നോട്ടീസ്

മുംബൈ- അനര്‍ഹമായി ബാര്‍ ലൈസന്‍സ് നേടിയെന്ന പരാതിയില്‍ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ സോണല്‍ ഡയറക്ടര്‍ സമീര്‍ വാംഖഡേക്ക് മഹാരാഷ്ട്ര എക്‌സൈസ് വകുപ്പ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. പ്രായപൂര്‍ത്തിയാവും മുമ്പേ വാംഖഡെക്ക് ബാര്‍ ലൈസന്‍സ് അനുവദിച്ചതായി പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയതായി താനെ ജില്ലാ എക്‌സൈസ് സൂപ്രണ്ട് നിലേഷ് സാംഗ്‌ഡേ അറിയിച്ചു.
നവി മുംബൈയിലെ വാഷിയിലുള്ള ഹോട്ടല്‍ സദ്ഗുരുവിന് 1997 ഒക്ടോബര്‍ 27നാണ് ബാര്‍ ലൈസന്‍സ് ലഭിച്ചത്. സമീര്‍ വാംഖഡെയുടെ പേരിലാണ് ലൈസന്‍സ്. ലൈസന്‍സ് ലഭിക്കുമ്പോള്‍ വാംഖഡെയ്ക്ക് 17 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് എന്‍.സി.പി. നേതാവ് നവാബ് മാലിക് ചൂണ്ടിക്കാണിച്ചിരുന്നു. മഹാരാഷ്ട്രയിലെ എക്‌സൈസ് നിയമമനുസരിച്ച് 21 വയസ്സ് തികഞ്ഞാലേ വീര്യം കുറഞ്ഞ ബിയര്‍ പോലും കഴിക്കാന്‍ അനുമതിയുള്ളൂ. വീര്യമുള്ള മദ്യം കഴിക്കണമെങ്കില്‍ 25 വയസ്സ് തികയണം. അതുകൊണ്ടുതന്നെ ചുരുങ്ങിയത് 21 വയസ്സുള്ളയാള്‍ക്കേ ബാര്‍ ലൈസന്‍സിന് അപേക്ഷിക്കാനാവൂ. ലൈസന്‍സിനുള്ള അപേക്ഷയ്‌ക്കൊപ്പം സമീര്‍ വാംഖഡെ വയസ്സ് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കിയിരുന്നില്ല.
ബാര്‍ ലൈസന്‍സ് കിട്ടുമ്പോള്‍ സമീര്‍ വാംഖഡെയ്ക്ക് 17 വയസ്സേയുണ്ടായിരുന്നുള്ളൂവെന്ന് വ്യക്തമായതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതേപ്പറ്റി അന്വേഷിച്ച് നടപടിയെടുക്കണമെന്ന് താനെ ജില്ലാ കലക്ടര്‍ക്കും താനെ എക്‌സൈസ് സൂപ്രണ്ടിനും സംസ്ഥാന എക്‌സൈസ് വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ വാംഖഡെയ്ക്ക് നോട്ടീസ് അയച്ചതായി താനെ എക്‌സൈസ് സൂപ്രണ്ട് അറിയിച്ചു. ഡിസംബര്‍ 17ന് മുമ്പ് മറുപടി നല്‍കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. മറുപടി ലഭിച്ചതിനു ശേഷം താനെ ജില്ലാ കലക്ടര്‍ തെളിവെടുപ്പു നടത്തും. മറുപടി തൃപ്തികരമല്ലെങ്കില്‍ ബാര്‍ ലൈസന്‍സ് റദ്ദാക്കുമെന്ന് എക്‌സൈസ് വകുപ്പ് അറിയിച്ചു. അപേക്ഷകന്റെ വയസ്സ് പരിശോധിക്കാതെ ലൈസന്‍സ് നല്‍കിയത് എങ്ങനെയെന്ന് വകുപ്പു തല അന്വേഷണവും നടത്തും.
ബാര്‍ലൈസന്‍സ് ലഭിക്കാനുള്ള ചുരുങ്ങിയ പ്രായം 18 വയസ്സ് ആണെന്ന ധാരണയിലാണ് മകന്റെ പേരില്‍ ബാര്‍ ലൈസന്‍സിന് അപേക്ഷ നല്‍കിയതെന്ന് അച്ഛന്‍ ധ്യാന്‍ദേവ് വാംഖഡെ പറയുന്നു. അപേക്ഷ നല്‍കുമ്പോള്‍ സമീറിന് 17 വയസ്സും 10 മാസവുമായിരുന്നു പ്രായം. ലൈസന്‍സ് ലഭിക്കുമ്പോഴേക്ക് 18 വയസ്സ് തികയുമെന്നാണ് കരുതിയിരുന്നത്. എക്‌സൈസ് വകുപ്പില്‍ ജോലി ചെയ്തിരുന്ന ധ്യാന്‍ദേവ് വാംഖഡെ സ്വാധീനമുപയോഗിച്ച് മകന്റെ പേരില്‍ അനധികൃതമായി ബാര്‍ ലൈസന്‍സ് സമ്പാദിക്കുകയാണുണ്ടായതെന്നാണ് എന്‍.സി.ബിക്കെതിരേ യുദ്ധപ്രഖ്യാപനം നടത്തിയ മന്ത്രി നവാബ് മാലിക് പറയുന്നത്.
 

Latest News