Sorry, you need to enable JavaScript to visit this website.

സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരായ നിവേദനത്തില്‍ എന്തുകൊണ്ട് ഒപ്പിട്ടില്ല, വിശദീകരിച്ച് ശശി തരൂര്‍

തിരുവനന്തപുരം- വിശദമായി പഠിക്കേണ്ട കാര്യമായതിനാലാണ് സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ യു.ഡി.എഫ് എം.പിമാര്‍ ഒപ്പുവെച്ച നിവേദനത്തില്‍ ഒപ്പിടാതിരുന്നതെന്ന് ശശി തരൂര്‍ എം.പി.
ഫേസ് ബുക്ക് പോസ്റ്റിലാണ് ശശി തരൂരിന്റെ വിശദീകരണം.
പോസ്റ്റ് വായിക്കാം


തിരുവനന്തപുരം- കാസര്‍ഗോഡ്
സെമി ഹൈ സ്പീഡ് റെയില്‍ (സില്‍വര്‍ ലൈന്‍) പദ്ധതി സംബന്ധിച്ച കേരളത്തിലെ യുഡിഎഫ്  എം പി മാര്‍ ഒപ്പ് വെച്ച നിവേദനത്തില്‍ ഞാന്‍ ഒപ്പ് വെച്ചിട്ടില്ല എന്നത് പല ഊഹാപോഹങ്ങള്‍ക്കും വഴിവെച്ചിട്ടുണ്ട് എന്നത് മലയാളം വാര്‍ത്താ മാധ്യമ സുഹൃത്തുക്കള്‍ മുഖേന അറിയാന്‍ കഴിഞ്ഞു.

ഈ പദ്ധതി സംബന്ധിച്ച്  കൃത്യമായി പഠിക്കേണ്ടതുണ്ടെന്നും പ്രത്യേകിച്ചും  അതിന്റെ സങ്കീര്‍ണമായ വിവിധ വശങ്ങള്‍ മൂലം സംസ്ഥാനത്തിനും ജനങ്ങള്‍ക്കും എന്ത് നേട്ടം എന്ത് നഷ്ടം എന്നതിനെക്കുറിച്ചു പഠിക്കാന്‍ സമയം വേണമെന്നുമുള്ള അഭിപ്രായം ഞാന്‍ നേരത്തെ പറഞ്ഞിരുന്നു.

അതു കൊണ്ടു തന്നെ ഈ നിവേദനത്തില്‍ ഒപ്പ് വെച്ചില്ല എന്നത് കൊണ്ട് കെ റെയില്‍ പദ്ധതിക്ക് ഞാന്‍ നിലവില്‍ അനുകൂലമാണ് എന്നതല്ല അര്‍ത്ഥം. മറിച്ച് ഈ  പദ്ധതിയെക്കുറിച്ച് കൃത്യമായി പഠിക്കാന്‍ സമയം വേണമെന്നാണ്.

എന്റെ സുഹൃത്തുക്കളായ എം പി മാര്‍ ഒപ്പ് വെച്ച നിവേദനത്തില്‍ നിന്ന് (ഇതിന് മുന്‍പ് ഞാന്‍ അത് കണ്ടിട്ടില്ലായിരുന്നു) വ്യക്തമാകുന്നത് ഈ പദ്ധതിയെക്കുറിച്ചുള്ള വളരെ പ്രസക്തമായ ചില ചോദ്യങ്ങള്‍ക്ക് മറുപടി ലഭിക്കേണ്ടതുണ്ട് എന്നതാണ്. പ്രത്യേകിച്ചും ഇതിന്റെ സാമൂഹ്യ പ്രശ്‌നങ്ങള്‍ (തദ്ദേശവാസികളെ ബാധിക്കുന്നവ), പരിസ്ഥിതി പ്രശ്‌നങ്ങള്‍ (പ്രത്യേകിച്ചും പരിസ്ഥിതി ലോലപ്രദേശങ്ങളിലെ ആഘാതം), അത് പോലെ തന്നെ ഈ പദ്ധതി വരുത്തി വെക്കുന്ന സാമ്പത്തിക ബാധ്യത (പ്രത്യേകിച്ചും ഈ പദ്ധതിയുടെ ഫണ്ടിങ്ങ്, ഈ പദ്ധതി അടിച്ചേല്‍പ്പിക്കുന്ന സാമ്പത്തിക ബാധ്യത,  യാത്രയുടെ ചിലവ്), തുടങ്ങിയവ.

ഇതെല്ലാം കൂടുതല്‍ പഠനവും, കൂടിയാലോചനയും വേണ്ട കാര്യമായ പ്രശ്‌നങ്ങളാണ്. അത് കൊണ്ട് തന്നെ ഞാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത് ഈ വിഷയം കൃത്യമായും പഠിക്കാനും, ചര്‍ച്ച ചെയ്യാനും ഒരു ഫോറം രൂപീകരിക്കേണ്ടതുണ്ട് എന്നതാണ്. പ്രസ്തുത ഫോറത്തില്‍ സര്‍ക്കാര്‍ പ്രതിനിധികളോടൊപ്പം, സാങ്കേതികരംഗത്തും അതെ പോലെ അഡ്മിനിട്രേറ്റിവ് രംഗത്തുമുള്ള കെ റെയില്‍ പദ്ധതിയുടെ വിദഗ്ധരും, ജനപ്രതിനിധികളും, പദ്ധതി ബാധിക്കുന്നവരുടെ പ്രതിനിധികളെയും ഉള്‍പ്പെടുത്തി ഓരോരുത്തരും ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ ഒരു തുറന്ന പഠനത്തിനും കൂടിയാലോചനക്കും ചര്ച്ചക്കും വിധേയമാക്കിയ ശേഷം മാത്രമേ മുന്നോട്ട് പോകാന്‍ പാടുള്ളൂ.

അത്തരമൊരു പ്രക്രിയയിലൂടെ മാത്രമേ സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും താല്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുകയുള്ളൂ. മാത്രവുമല്ല അതിലൂടെ നമുക്ക് ഈ സങ്കീര്‍ണ്ണവും, അതേ സമയം  പ്രധാനപ്പെട്ടതുമായ വികസന  പദ്ധതിയുടെ കാര്യത്തില്‍ കൃത്യമായ ഒരു തീരുമാനത്തിലെത്താന്‍ കഴിയുകയും ചെയ്യും.

 

Latest News