മുല്ലപ്പെരിയാറില്‍ മുന്നറിയിപ്പ് നല്‍കി, സംയുക്ത സമിതി വേണ്ടെന്നും തമിഴ്‌നാട്

ന്യൂദല്‍ഹി- മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍നിന്ന് ജലം തുറന്ന് വിടുന്നതിന് മുമ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നെന്ന് തമിഴ്നാട്. നവംബര്‍ മാസം മൂന്ന് തവണ പ്രളയ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത മറുപടി സത്യവാങ്മൂലത്തില്‍ അവകാശപ്പെട്ടു. അണക്കെട്ടില്‍നിന്ന് ജലം തുറന്ന് വിടുന്നത് നിശ്ചയിക്കാന്‍ സംയുക്ത സമിതി വേണമെന്ന ആവശ്യം സ്വീകാര്യമല്ലെന്നും തമിഴ്നാട് സര്‍ക്കാര്‍ വ്യക്തമാക്കി.

നവംബര്‍ 14-ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയാക്കിയപ്പോള്‍ കേരളത്തിന് പ്രളയ മുന്നറിയിപ്പ് നല്‍കിയിരുന്നതായി സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു. തുടര്‍ന്ന് നവംബര്‍ 18, 30 തീയതികളിലും കേരളത്തിന് പ്രളയ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പുറമെ ജലം തുറന്ന് വിടുന്നതിന് മുമ്പ് അറിയിപ്പ് നല്‍കിയിരുന്നതായും തമിഴ്നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ പറയുന്നു.

മുല്ലപ്പെരിയാറില്‍ മഴമാപിനി യന്ത്രം സ്ഥാപിക്കാമെന്ന ഉറപ്പ് കേരളം ഇത് വരെ പാലിച്ചിട്ടില്ലെന്ന് തമിഴ്നാട് ആരോപിക്കുന്നു. ഇത് കാരണം പെട്ടെന്ന് ഉണ്ടാകുന്ന മഴ പ്രവചിക്കാന്‍ കഴിയുന്നില്ല. ചില മണിക്കൂറുകളില്‍ പെട്ടെന്ന് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കൂടും. എന്നാല്‍ തൊട്ടടുത്ത മണിക്കൂറില്‍ നീരൊഴുക്ക് കുറയും. രാത്രികാലങ്ങളില്‍ ചിലപ്പോള്‍ നീരൊഴുക്ക് കൂടുന്നതിനാലാണ് പെട്ടെന്ന് ഷട്ടറുകള്‍ തുറക്കേണ്ടി വരുന്നത്. ജലത്തിന്റെ ഒഴുക്ക് കണക്കാക്കാന്‍ കഴിയാത്തതിന്റെ ഉത്തരവാദി കേരളമാണെന്നും തമിഴ്നാട് മറുപടി സത്യവാങ്മൂലത്തില്‍ ആരോപിച്ചു.

 

Latest News