പാക് ഭീകരന്‍ അബുസറാറിനെ കശ്മീരില്‍ വെടിവെച്ചുകൊന്നു

ശ്രീനഗര്‍- പാകിസ്ഥാനി ഭീകരന്‍ അബു സറാറിനെ കശ്മീരില്‍ ഇന്ത്യന്‍ സൈന്യം വെടിവെച്ച് കൊന്നു. കശ്മീരിലെ പൂഞ്ചില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്ന് സൈന്യം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

സൈനിക നീക്കത്തിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച ഭീകരവാദികള്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരിച്ചടിയിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്.

ഇയാളില്‍നിന്ന് എ.കെ 47 തോക്കുകളും തിരകളും ഗ്രനേഡുകളും കറന്‍സികളും പിടിച്ചെടുത്തു. ഇയാളുടെ പാകിസ്ഥാന്‍ ബന്ധം തെളിയിക്കുന്നവയാണ് ഇവയെന്ന് സൈനിക വക്താവ് വ്യക്തമാക്കി.

കശ്മീരിലെ ഇയാളുടെ സാന്നിധ്യത്തെക്കുറിച്ച് കഴിഞ്ഞ ഓഗസ്റ്റിലാണ് സൈന്യത്തിന് വിവരം ലഭിക്കുന്നത്. പ്രദേശത്തെ വനത്തിലാണ് ഇയാള്‍ ഒളിച്ചുകഴിഞ്ഞിരുന്നതെന്നാണ് കരുതുന്നത്. പ്രദേശവാസികള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സൈനിക നീക്കമുണ്ടായത്.

സൈന്യവും കശ്മീര്‍ പോലീസും ചേര്‍ന്ന് നടത്തിയ നീക്കത്തിലാണ് അബു സറാര്‍ കൊല്ലപ്പെട്ടത്. കശ്മീരില്‍ ഈ വര്‍ഷം കൊല്ലപ്പെടുന്ന എട്ടാമത്തെ ഭീകരവാദിയാണ് ഇയാള്‍.

 

Latest News