മലപ്പുറം-കസ്റ്റഡിയിലെടുത്ത ബൈക്ക് സ്വന്തം ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ച കാടാമ്പുഴ പോലീസ് സ്റ്റേഷനിലെ എസ്.ഐമാരായ സന്തോഷ്, പോളി എന്നിവരെ തൃശൂര്‍ റേഞ്ച് ഡി.ഐ.ജി അക്ബര്‍ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ്് ചെയ്തു.
അപകടത്തില്‍ കേടുപാടുകള്‍ സംഭവിച്ച് സ്റ്റേഷന്‍ വളപ്പില്‍ സൂക്ഷിച്ചിരുന്ന ബൈക്ക് ഇവര്‍ വര്‍ക്ക്‌ഷോപ്പിലെത്തിച്ച് അറ്റകുറ്റപ്പണികള്‍ നടത്തി ഉപയോഗിക്കുകയായിരുന്നു. ഓഗസ്റ്റ് 26നാണ് കര്‍ണാടക ചിക്മംഗ്ലൂര്‍ ജക്ലി സ്വദേശി വിന്‍സെന്റ് കാടാമ്പുഴക്കടുത്ത് വെട്ടിച്ചിറയില്‍ ബൈക്കപകടത്തില്‍ മരിച്ചത്. പിറകില്‍ നിന്നെത്തിയ ലോറി ബൈക്കിലിടിക്കുകയും നിര്‍ത്താതെ പോവുകയും ചെയ്തു. കാടാമ്പുഴ പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ച ഈ ബൈക്കാണ് സ്റ്റേഷനിലെ എസ്.ഐമാര്‍ സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചത്. സംഭവം ശ്രദ്ധയില്‍പെട്ട ചില പോലീസുകാര്‍ തന്നെയാണ് വിവരം ഉന്നത പോലീസ് ഉദ്യോഗസ്ഥരെ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ വകുപ്പുതല പരിശോധനയ്ക്ക് പിന്നാലെയാണ് എസ്.ഐമാരെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്.






