ജോഥ്പൂർ- രാജസ്ഥാനിൽ മുസ്‌ലിം തൊഴിലാളിയെ ക്യാമറക്കുമുന്നിൽ വെട്ടിക്കൊല്ലുകയും പച്ചക്കു തീ കത്തിക്കുകയും ചെയ്ത നിഷ്ഠുര കൊലയാളി ജയിലിലിരുന്ന് വീണ്ടും കൊലവിളിക്കുന്നു. ചെയ്ത കൃത്യത്തിൽ തനിക്ക് അൽപം പോലും ഖേദമില്ലെന്നും ജിഹാദികളെ ഇനിയും കൊല്ലുമെന്നും ജയിലിൽനിന്ന് നടത്തിയ സെൽഫി വീഡിയോയിൽ ശംഭുലാൽ റെഗർ പറഞ്ഞു. ജോഥ്പുർ സെൻട്രൽ ജയിലിൽ കഴിയുന്ന ഇയാൾക്ക് ജയിൽ അധികൃതർ എല്ലാ സഹായവും ചെയ്തുകൊടുക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു വീഡിയോ. ജയിൽ വസ്ത്രങ്ങൾക്കു പകരം ഹൂഡി ടീഷർട്ട് ധരിച്ചാണ് ഇയാൾ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പ്രതിക്ക് ജയിലിൽ മൊബൈൽ ഉപയോഗിക്കാൻ കഴിഞ്ഞതും ഗുരുതര സുരക്ഷാ വീഴ്ചയാണ്. മൊബൈൽ ഫോൺ തന്റേതല്ലെന്ന് പറയുന്ന റെഗർ, പക്ഷെ അതാരുടേതാണെന്ന് വ്യക്തമാക്കിയിട്ടില്ല. സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ് കൊലയാളിയുടെ വിദ്വേഷ പ്രസംഗത്തിന്റെ വീഡിയോ. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് സംസ്ഥാന ആഭ്യന്തര മന്ത്രി ഗുലാബ് ചന്ദ് കട്ടാരിയ ഉത്തരവിട്ടു.
രാജസ്ഥാനിലെ രാജസമന്ദിൽ കഴിഞ്ഞ ഡിസംബറിലാണ് ബംഗാൾ സ്വദേശിയായ കൂലിപ്പണിക്കാരൻ മുഹമ്മദ് അഫ്രാസുലിനെ (45) ശംഭുലാൽ പിക്കാസ് കൊണ്ട് വെട്ടിവെട്ടി കൊല്ലുകയും പിന്നീട് കത്തിക്കുകയും ചെയ്തത്. ശംഭുലാലിന്റെ 15 കാരനായ അനന്തിരവൻ മൊബൈലിൽ പകർത്തിയ ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിയതോടെ ബീഭത്സമായ രംഗങ്ങൾ കണ്ട് രാജ്യം ഞെട്ടി. ലൗ ജിഹാദ് ആരോപിച്ചാണ് അഫ്രാസുലിനെ ഇയാൾ കൊന്ന് കത്തിക്കുന്നത്. എന്നാൽ ഗ്രാമവാസിയായ പ്രായപൂർത്തിയാവാത്ത ഒരു പെൺകുട്ടി ഇയാളുടെ പ്രണയാഭ്യർഥന നിരസിച്ചതിന് കാരണം അഫ്രാസുലാണെന്ന് സംശയിച്ചാണ് ഇയാൾ ക്രൂരമായ കൊലപാതകം നടത്തിയതെന്ന വിവരം പിന്നീട് മാധ്യമങ്ങൾ പുറത്തുകൊണ്ടുവന്നു. മറ്റൊരു മുസ്‌ലിം യുവാവിനെയാണ് ഇയാൾ കൊല്ലാൻ ഉദ്ദേശിച്ചിരുന്നതെന്നും ആളു മാറിയാണ് അഫ്രാസുലിനെ കൊലപ്പെടുത്തിയതെന്നും വാർത്തകൾ പുറത്തുവന്നു. വിവാഹിതനും മൂന്ന് മക്കളുടെ പിതാവുമായ ശംഭുലാൽ തീവ്ര ഹിന്ദു സംഘടനകളിൽ നേരത്തെ സജീവമായിരുന്നു.
തനിക്ക് കുറ്റബോധമില്ലെന്ന ഇയാളുടെ വീഡിയോ രാജ്യത്തെ വീണ്ടും നടുക്കിയിരിക്കുകയാണ്. 'ഹിന്ദു സ്ത്രീകൾക്ക് ഭീഷണിയുണ്ടാവുന്നത് എനിക്ക് സഹിക്കാനാവില്ല. എന്റെ ജീവിതം നശിപ്പിച്ചതിൽ എനിക്ക് അശ്ശേഷം ഖേദമില്ല. എന്നാൽ ആ പെൺകുട്ടിയും ഞാനും തമ്മിൽ അവിഹിത ബന്ധമുണ്ടെന്ന് മാധ്യമങ്ങൾ വാർത്ത കൊടുത്തതിൽ എനിക്ക് ദുഃഖമുണ്ട്' -ശംഭുലാൽ പറയുന്നു.
ജയിലിൽ തനിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്നാണ് ഇയാളുടെ മറ്റൊരു വെളിപ്പെടുത്തൽ. ജയിലിലെ ഏറ്റവും സുരക്ഷിതമായ സെല്ലിൽ തന്നെ പാർപ്പിച്ചാലും, പശ്ചിമ ബംഗാളിൽനിന്നുള്ള ഒരു കുറ്റവാളി എന്നെ കൊന്നേക്കുമെന്ന് ഞാൻ ഭയക്കുന്നതായും 36 കാരൻ പറഞ്ഞു.
ഹിന്ദുത്വ വാദികളായ കുറ്റവാളികൾ രാജസ്ഥാൻ ജയിലുകളിൽ സുഖജീവിതമാണ് നയിക്കുന്നതെന്ന് വ്യക്തമാക്കുന്ന വീഡിയോ പുറത്തുവന്നത് സർക്കാരിനെയും പോലീസിനെയും ജയിൽ ഉദ്യോഗസ്ഥരെയും അമ്പരപ്പിച്ചിട്ടുണ്ട്. ബലാത്സംഗ കേസിൽ ശിക്ഷിക്കപ്പെട്ട ആത്മീയ നേതാവ് അസാറാം ബാപു അടക്കമുള്ളവർ കഴിയുന്ന സ്ഥലമാണ് ജോഥ്പുർ സെൻട്രൽ ജയിൽ. ഇവിടെ മൊബൈൽ ജാമറുകൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് അധികൃതർ പറയുന്നത്.
എന്നിട്ടും ശംഭുലാലിന് മൊബൈലിൽ വീഡിയോ അപ് ലോഡ് ചെയ്യാൻ കഴിഞ്ഞതെങ്ങിനെയെന്ന ചോദ്യത്തിന് അവർക്ക് ഉത്തരമില്ല. ഇത് തന്റെ ഫോണല്ലെന്ന് പോലീസിനോട് പറഞ്ഞ ശംഭുലാൽ, ആരുടേതാണെന്ന് വെളിപ്പെടുത്തിയില്ല. ജയിൽ മുഴുവൻ അരിച്ചുപെറുക്കിയിട്ടും ഇതുവരെ ഫോൺ കണ്ടെത്താനുമായിട്ടില്ല.






