ലഖിംപൂര്‍ ഖേരിയിലെ കര്‍ഷക കൊല ആസൂത്രിതമെന്ന് പ്രത്യേക അന്വേഷണ സംഘം

ലഖ്‌നൗ- ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ കര്‍ഷകര്‍ക്ക് നേരെ കേന്ദ്രമന്ത്രിയുടെ മകന്റെ വാഹനവ്യൂഹം പാഞ്ഞുകയറി കര്‍ഷകരുടെ മരണത്തിനിടയാക്കിയ സംഭവം ആസൂത്രിതമെന്ന് പ്രത്യേക അന്വേഷണ സംഘം. കേസിലെ പതിമൂന്നു പ്രതികള്‍ക്ക് നേരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് പ്രത്യേക അന്വേഷണ സംഘം ഇക്കാര്യം പറഞ്ഞത്.
സംഭവത്തിന് പിന്നില്‍ ബോധപൂര്‍വമായ ആസുത്രണമുണ്ടെന്നും അശ്രദ്ധകൊണ്ടുണ്ടായ അപകടമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍കൂട്ടി ആസൂത്രണം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ മനഃപൂര്‍വ്വമാണ് കൊലപാതകം നടത്തിയത്. അതിനാല്‍ നിലവില്‍ അലക്ഷ്യമായി പൊതുനിരത്തില്‍ വാഹനം ഓടിച്ചതിന് ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 279 ആം വകുപ്പ് പ്രകാരം ചുമത്തിയത് ഉള്‍പ്പടെയുള്ള മൂന്ന് കുറ്റങ്ങള്‍ പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന് പ്രത്യേക അന്വേഷണ സംഘം കോടതിയോട് അഭ്യര്‍ത്ഥിച്ചു. കെലപാതക ശ്രമത്തിനുള്ള സെഷന്‍ 307, മാരകായുധങ്ങള്‍ പ്രയോഗിച്ചുള്ള അക്രമം (സെഷന്‍ 326), ഗൂഢാലോചന എന്നീ വകുപ്പുകള്‍ ചേര്‍ക്കണമെന്ന് എസ്‌ഐടി ആവശ്യപ്പെട്ടു.

കഴിഞ്ഞ ഒക്ടോബര്‍ മൂന്നിനാണ് പ്രതിഷേധക്കാര്‍ക്ക് നേരെ കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ് മിശ്രയുടെ വാഹന വ്യൂഹം പാഞ്ഞുകയറിയത്. ഇടിച്ചു കയറിയ വാഹനത്തിലുണ്ടായിരുന്ന അജയ് മിശ്രയുടെ മകന്‍ ആഷിഷ് മിശ്രയാണ് കേസിലെ മുഖ്യ പ്രതി.

വാഹനം പാഞ്ഞു കയറി നാലു കര്‍ഷകരാണ് മരിച്ചത്. സംഘര്‍ഷത്തില്‍ ഒരു പ്രാദേശിക പത്ര പ്രവര്‍ത്തകനും മരിച്ചു. കേസില്‍ ഉത്തര്‍പ്രദേശ് പോലീസിന്റെ മെല്ലെപ്പോക്ക് നയത്തെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാനായി റിട്ട. ജസ്ജി രാകേഷ് കുമാര്‍ ജെയിനിനെ സുപ്രീംകോടതി നിയോഗിക്കുകയും ചെയ്തു.  
പ്രത്യേക അന്വേഷണ സംഘത്തെയും സുപ്രീംകോടതി പുനഃസംഘടിപ്പിച്ചു. മൂന്ന് മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരെ സംഘത്തില്‍ ഉള്‍പ്പെടുത്തി. എസ് ബി ഷിരോദ്കര്‍, ദീപീന്ദര്‍ സിങ്, പദ്മജ ചൗഹാന്‍ എന്നിവരെയാണ് പുതുതായി അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തിയത്.

ജസ്റ്റിസ് രാകേഷ് കുമാര്‍ ജെയിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണസംഘം അന്വേഷണം തുടരുമെന്നും, പുതിയ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ചീഫ് ജസ്റ്റിസ് എന്‍വി രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ചാണ് അന്വേഷണ സംഘത്തെ പുനഃസംഘടിപ്പിച്ചുകൊണ്ട് ഉത്തരവിട്ടത്.

യു പി സര്‍ക്കാര്‍ നടത്തുന്ന അന്വേഷണത്തില്‍ പുരോഗതിയില്ലാത്ത സാഹചര്യത്തിലാണ് മേല്‍നോട്ടത്തിന് റിട്ട. ഹൈക്കോടതി ജഡ്ജിയെ നിയമിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചത്.

 

Latest News