ഒമ്പത് മാസം പ്രായമായ കുഞ്ഞിനെ ബലാത്സംഗം ചെയ്ത യുവാവ് അവസാന ശ്വാസംവരെ ജയിലില്‍

ബുലന്ദ്ശഹര്‍- ഉത്തര്‍പ്രദേശില്‍ അയല്‍വീട്ടിലെ ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്ത ഇരുപതുകാരന് കോടതി മരണം വരെ തടവുശിക്ഷ വിധിച്ചു. പോക്‌സോ കേസില്‍ അഡീഷനല്‍ സെഷന്‍സ് ജഡ്ജി പല്ലവി അഗര്‍വാള്‍ ആണ് ശിക്ഷ വിധിച്ചത്.
പ്രതി ഒരു കരുണയും അര്‍ഹിക്കുന്നില്ലെന്നും അവസാന ശ്വാസം വരെ ജയിലില്‍ കഴിയണമെന്നും കോടതി ഉത്തരവില്‍ പറഞ്ഞു. തടവുശിക്ഷയ്ക്കു പുറമേ 50,000  രൂപ പിഴയൊടുക്കാനും കോടതി ഉത്തരവിട്ടു.

കഴിഞ്ഞ ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം.  കളിപ്പിക്കാനെന്ന ഭാവത്തിലാണ് അയല്‍വാസിയായ യുവാവ് തന്റെ മടിയില്‍നിന്ന് കുഞ്ഞിനെ എടുത്തുകൊണ്ടുപോയതെന്ന് അമ്മ കോടതിയില്‍ പറഞ്ഞു. ഒരു മണിക്കൂറിനു ശേഷം തിരികെ കൊണ്ടുവന്നപ്പോള്‍ കുഞ്ഞിന്റെ വസ്ത്രം ചോരയില്‍ കുതിര്‍ന്നിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞിന് രണ്ടു ശസ്ത്രക്രിയകള്‍ വേണ്ടിവന്നു.
അറസ്റ്റ് ചെയ്ത പ്രതിക്കെതിരെ ഐപിസി 376, പോക്‌സോ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. 21 ദിവസം കൊണ്ടു കുറ്റപത്രം നല്‍കിയ കേസില്‍ അഞ്ചു മാസം കൊണ്ടാണ് വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിച്ചത്.

 

Latest News