Sorry, you need to enable JavaScript to visit this website.

മന്ത്രി ബിന്ദുവിനെ പൂട്ടാന്‍ കോണ്‍ഗ്രസ്, രമേശ്  ചെന്നിത്തല ഇന്ന് ലോകായുക്തയ്ക്ക് പരാതി നല്‍കും

തിരുവനന്തപുരം- കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിനെതിരെ പ്രതിഷേധം കടുപ്പിച്ച് കോണ്‍ഗ്രസ്. മന്ത്രിയുടെ രാജിയില്ലാതെ പിന്നോട്ടില്ലെന്ന പ്രഖ്യാപനത്തിലാണ് നേതാക്കള്‍. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിഷയം ചൂണ്ടികാട്ടി ഇന്ന് ലോകായുക്തയില്‍ പരാതി നല്‍കും. ഗോപിനാഥ് രവീന്ദ്രനെ നിയമിക്കാന്‍ മന്ത്രി സ്വജനപക്ഷ പാതം കാണിച്ചുവെന്നാണ് പരാതി. ചട്ടം ലംഘിച്ച് നിയമനം നല്‍കാന്‍ മന്ത്രി ഇടപെട്ടതിനാല്‍ ശക്തമായ നടപടിവേണമെനനാണ് ആവശ്യം. സെര്‍ച്ച് കമ്മിറ്റി റദ്ദാക്കി നിയമനം നല്‍കണമെന്നാവശ്യപ്പെട്ട് മന്ത്രി ആര്‍ ബിന്ദു ഗവര്‍ണര്‍ക്ക് നല്‍കിയ കത്ത് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സമാനമായ പരാതിയിലാണ് മുന്‍ മന്ത്രി കെ ടി ജലീലിനെതിരെ ലോകായുക്ത ഉത്തരവുണ്ടായത്. അതിനാല്‍ ബിന്ദുവിന് പരാതി നിര്‍ണായകമാണ്. ചട്ടം ലംഘിച്ച് നല്‍കിയ നിയമത്തിനെതിരെ നിയമനടപടി തുടങ്ങുന്നതിന്റെ ഭാഗമായാണ് ലോകായുക്തയില്‍ പരാതി നല്‍കുന്നത്. ബിന്ദു രാജിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്.
കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ പുനഃനിയമനത്തിന് ശുപാര്‍ശ ചെയ്തതിലൂടെ മന്ത്രി ആര്‍ ബിന്ദു സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന് രമേശ് ചെന്നിത്തല ഇന്നലെ രാത്രി പറഞ്ഞിരുന്നു. മന്ത്രിയുടെ നടപടി സ്വജനപക്ഷപാതമാണെന്നും രാജിയല്ലാതെ മറ്റ് പോംവഴിയില്ലെന്നും ചെന്നിത്തല വിശദീകരിച്ചു. സെര്‍ച്ച് കമ്മിറ്റി റദ്ദാക്കാനും മന്ത്രി പറഞ്ഞതായി രേഖകള്‍ പുറത്തു വന്നിട്ടുണ്ട്. മന്ത്രി ചെയ്തത് ഇല്ലാത്ത അധികാരം പ്രയോഗിക്കുന്ന നടപടിയാണെന്നും ചെന്നിത്തല പറഞ്ഞു.
ഉന്നതവിദ്യാഭ്യാസ മന്ത്രിക്ക് സര്‍വ്വകലാശാല നിയമങ്ങളെക്കുറിച്ച് ധാരണയില്ലെന്ന് പറഞ്ഞാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വിമര്‍ശനം കടുപ്പിച്ചത്. അങ്ങനെ ഉള്ള വ്യക്തി ഉന്നത വിദ്യാഭ്യാസ മന്ത്രിയായത് നാണക്കേടാണ്. ചാന്‍സലറായ ഗവര്‍ണറെ നോക്കുകുത്തിയാക്കിയാണ് നിയമനം നടക്കുന്നത്. പഴയ കമ്മീഷന്‍ ശുപാര്‍ശ ചര്‍ച്ചയാക്കുന്നത് നിലവിലെ വിഷയങ്ങളെ ലഘുകരിക്കാനുള്ള ശ്രമമാണെന്നും സതീശന്‍ ആരോപിച്ചു.കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ പുനര്‍ നിയമനത്തിന് ശുപാര്‍ശ ചെയ്തത് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു എന്നതിന് തെളിവായി മന്ത്രി അയച്ച കത്ത് ഇന്നലെ രാത്രിയോടെ പുറത്തു വന്നിരുന്നു. ഇതു സംബന്ധിച്ച് ഗവര്‍ണ്ണര്‍ക്കാണ് പ്രൊഫ. ബിന്ദു കത്ത് നല്‍കിയത്. വി സി നിയമനത്തിന് ഇറക്കിയ അപേക്ഷ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടതും മന്ത്രിയാണ്. സെര്‍ച്ച് കമ്മിറ്റി റദ്ദാക്കാനും മന്ത്രി ശുപാര്‍ശ ചെയ്‌തെന്നാണ് പുറത്തുവരുന്ന വിവരം. എന്നാല്‍ വിവാദത്തെ കുറിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ബിന്ദു ഇതുവരെ പ്രതികരിച്ചിട്ടില്ല.
 

Latest News