- സാധാരണ ചെലവിൽ എ.സിയിൽ യാത്ര, പ്രതിഷേധത്തിന്റെ ഭാഗമെന്ന് ഉടമകൾ
തൃശൂർ- സ്വകാര്യ ബസ് സമരത്തിന്റെ നാലാം ദിവസം തൃശൂരിൽ ടൂറിസ്റ്റ് ബസുകൾ യാത്രാ ബസുകളായി നിരത്തിലിറങ്ങിയത് സമരത്തിൽ വലഞ്ഞ യാത്രക്കാർക്ക് ആശ്വാസമായി. ടൂറിസ്റ്റ് ബസ് ഓണേഴ്‌സ് അസോസിയേഷന്റെ തീരുമാന പ്രകാരമാണ് മുന്നൂറോളം ടൂറിസ്റ്റ് ബസുകൾ സ്വകാര്യ ബസുകൾ ഈടാക്കുന്ന അതേ ചാർജ് മാത്രം ഈടാക്കി നിരത്തിലിറങ്ങിയത്. നിലവിലെ മിനിമം ചാർജായ ഏഴു രൂപ മാത്രമേ ഇവർ ഈടാക്കിയുള്ളൂ.
പ്രധാനപ്പെട്ട ജംഗ്ഷനുകളിലും സ്റ്റാൻഡുകളിലുമെത്തി ആളുകളെ വിളിച്ചുകയറ്റിയായിരുന്നു യാത്ര. അമിത ചാർജാണെന്ന് കരുതി ബസിൽ കയറാൻ ആദ്യം മടിച്ചെങ്കിലും സാധാരണ ചാർജേ നൽകേണ്ടൂവെന്ന് അറിഞ്ഞതോടെ ആളുകൾ ടൂറിസ്റ്റ് ബസുകളിൽ കയറാൻ തുടങ്ങി. അമിത ചാർജ് വാങ്ങിയിരുന്ന സമാന്തര സർവീസുകൾക്കും ടൂറിസ്റ്റ് ബസുകളുടെ വരവ് തിരിച്ചടിയായി. ജില്ലാ ഭരണകൂടത്തേയും ആർ.ടി.ഒയേയും അറിയിച്ചാണ് തങ്ങൾ സർവീസ് നടത്തുന്നതെന്ന് ടൂറിസ്റ്റ് ബസ് ഓണേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് പി. കിഷോർ കുമാർ, സെക്രട്ടറി ഇ.ജെ. ദിലീഷ് എന്നിവർ പറഞ്ഞു.
ജനസേവനം എന്നതിനൊപ്പം പ്രതിഷേധത്തിന്റെ ഭാഗം കൂടിയാണ് തങ്ങളുടെ ഈ യാത്രയെന്ന് അവർ കൂട്ടിച്ചേർത്തു. സ്വകാര്യ ബസുകൾ ടൂറിസ്റ്റ് വണ്ടികൾക്ക് കിട്ടേണ്ട പല ഓട്ടങ്ങളും അനുമതിയില്ലാതെ അനധികൃതമായി ഏറ്റെടുക്കുന്നതിലുള്ള പ്രതിഷേധമാണ് സർവീസെന്ന് ഉടമകൾ പറഞ്ഞു.
ടൂറിസ്റ്റ് ബസുകൾക്കും ട്രാവലറുകൾക്കുമൊക്കെ ലഭിക്കേണ്ട പല ഓട്ടങ്ങളും സ്വകാര്യ ബസുകൾ പെർമിറ്റ് പോലും എടുക്കാതെ സർക്കാരിനെയും തൊഴിൽ മേഖലയെയും വഞ്ചിച്ച് നിരന്തരം ഏറ്റെടുക്കുന്നുണ്ട്. സമരം ചെയ്യുന്ന ബസുടമകളിൽനിന്ന് ഭീഷണികളുണ്ടെങ്കിലും സർക്കാരിനെ അറിയിച്ചാണ് ജനങ്ങളെ സഹായിക്കാൻ സർവീസ് നടത്തുന്നതെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. സ്വകാര്യ ബസുടമകൾ കഴിഞ്ഞ ദിവസം ഒരു ടൂറിസ്റ്റ് ബസ് ജീവനക്കാരനെ തല്ലിയതും പ്രതിഷേധത്തിന് കാരണമായി.
വിദ്യാർഥികളെയും ടൂറിസ്റ്റ് ബസുകളിൽ കയറ്റിയിരുന്നു. കൺസഷൻ ചാർജിനു പകരം ഫുൾ ചാർജാണ് ഈടാക്കിയത്.