Sorry, you need to enable JavaScript to visit this website.

സെക്‌സില്‍ പരിശീലനം, കുട്ടികളെ ചൂഷണം ചെയ്ത മാധ്യമ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

വെർമോണ്ട്- അമേരിക്കയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത സി.എന്‍.എന്‍ മാധ്യമ പ്രവര്‍ത്തകന്‍ ജോണ്‍ ഗ്രിഫിന്റെ കേസില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍.
ഏഴ് വയസ്സു പ്രായമുള്ള കുട്ടികളെ വരെ  ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ സി.എന്‍.എന്‍ സീനിയര്‍ പ്രൊഡ്യൂസറായ ജോണ്‍ ഗ്രിഫിനെ കഴിഞ്ഞ ദിവസമാണ് എഫ്.ബി.ഐ അറസ്റ്റ് ചെയ്തത്. ചാനലിലെ പ്രധാന പരിപാടികളിലൊന്നായ ന്യൂ ഡേയുടെ പ്രൊഡ്യൂസറായ ഇയാളെ സി.എന്‍.എന്‍ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
പെണ്‍കുട്ടികള്‍ക്ക് ശരിയായ വിധത്തിലുള്ള ലൈംഗിക പരിശീലനം നല്‍കുമെന്ന് മാതാപിതാക്കളെ വിശ്വസിപ്പിച്ചാണ് ഇയാള്‍ തന്റെ താമസസസ്ഥലത്ത് എത്തിച്ച് ചൂഷണം ചെയ്തിരുന്നത്. കോടതി കുറ്റം ചുമത്തിയ പ്രതി ഇപ്പോള്‍ കസ്റ്റഡിയിലാണ്. ബുധനാഴ്ച രാവിലെ 11 മണിക്ക് വിചാരണ ആരംഭിക്കും.
ലൈംഗിക ബന്ധത്തിനായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കളെ തന്റെ വീട്ടിലെത്തിക്കാന്‍   മാതാപിതാക്കളെ നിര്‍ബന്ധിച്ചുവെന്നതും ഇയാള്‍ക്കെതിരായ കുറ്റങ്ങളില്‍ ഉള്‍പ്പെടുന്നു.
കിക്ക്, ഗൂഗിള്‍ ഹാംഗ്ഔട്ട്, ടെക്‌സ്റ്റ്  എന്നിവ വഴി ഗ്രിഫിന്‍ അയച്ച  സന്ദേശങ്ങള്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെടുന്നു. കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന സന്ദേശങ്ങള്‍ അനുസരിച്ച്, ഏതു പ്രായമായാലും സ്ത്രീ സ്ത്രീയാണെന്നും ലൈംഗിക ബന്ധത്തിന് ശരിയായ പരിശീലനം വേണമെന്നുമാണ് ഇയാള്‍ മാതാപിതാക്കളെ അറിയിച്ചിരുന്നത്.
9 ഉം 13 ഉം വയസ്സുള്ള രണ്ട് പെണ്‍മക്കളുടെ അമ്മയ്ക്ക് ഗ്രിഫിന്‍ അയച്ച സന്ദേശങ്ങള്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്ത്രീകള്‍ നിഷ്‌കളങ്കരായ മാലാഖമാരാണെന്നത് സമൂഹത്തിന്റെ വലിയ നുണകളിലൊന്നാണെന്നും അവര്‍ യഥാര്‍ത്ഥത്തില്‍ ഏറ്റവും വൃത്തികെട്ടവരാണെന്നും സന്ദേശത്തില്‍ പറയുന്നു. 13 വയസ്സായ മകള്‍ക്ക് ശരിയായ പരിശീലനം ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും അമ്മയോട് ആവശ്യപ്പെടുന്നു. ലൈംഗികമായി വിധേയത്വം കാണിക്കുന്നവരായി പെണ്‍മക്കളെ മാറ്റണമെന്നും അതിനായി പരിശീലനം ആവശ്യമാണെന്നുമാണ് ഇയാള്‍ മാതാപിതാക്കളെ വിശ്വസിപ്പിച്ചിരുന്നതെന്ന് വെര്‍മോണ്ടിലെ യു.എസ് അറ്റോര്‍ണി ഓഫീസ് നല്‍കിയ  പ്രസ്താവനയില്‍ പറയുന്നു.  
മാതാവിനും മകള്‍ക്കും ബോസ്റ്റണിലെ ലോഗന്‍ എയര്‍ പോര്‍ട്ടിലെത്താന്‍ വിമാന ടിക്കറ്റിനായി ഗ്രിഫിന്‍ 3,000 ഡോളര്‍ കൈമാറി. അങ്ങനെയാണ് മാതാവും
ഒമ്പത് വയസ്സുള്ള മകളും  2020 ജൂലൈയില്‍ നൊവാഡയില്‍നിന്ന് ബോസ്റ്റണിലത്തെയത്. ഇവിടനിന്ന് ഗ്രിഫിന്‍ അവരെ ടെസ്‌ല കാറില്‍  ലുഡ്‌ലോയിലെ  വീട്ടിലേക്ക് കൊണ്ടുപോയി. വീട്ടില്‍ വെച്ച് ഒമ്പതു വയസ്സുകാരിയെ ചൂഷണം ചെയ്യുകയായിരുന്നുവെന്ന്  യു.എസ് അറ്റോര്‍ണി ഓഫീസ് വ്യക്തമാക്കി. പരിശീലനമെന്ന് മാതാപിതാക്കളെ വിശ്വസിപ്പിച്ച് നിരവധി കുട്ടികളെ ഇയാള്‍ ചൂഷണം ചെയ്തതായി കുറ്റപത്രത്തില്‍ പറയുന്നു.

 

Latest News