ഭാര്യയുടെ ക്രൂരത തെളിയിക്കാന്‍ റെക്കോര്‍ഡ് ചെയ്ത സംഭാഷണം, സ്വീകാര്യമല്ലെന്ന് ഹൈക്കോടതി

ചണ്ഡീഗഡ്- ഭാര്യ ക്രൂരമായി പെരുമാറിയെന്ന് തെളിയിക്കാന്‍ ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്ത് സമര്‍പ്പിച്ചത് പഞ്ചാബ്-ഹരിയാന ഹൈക്കോടതി തള്ളി. സ്വകാര്യതയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നടപടി.
2020 ല്‍ കുടുംബ കോടതി പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്ത് യുവതി സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതി ജസ്റ്റിസ് ലിസ ഗില്ലിന്റെ നിരീക്ഷണം.  
യുവതിയും  ഭര്‍ത്താവും തമ്മിലുള്ള റെക്കോര്‍ഡ് ചെയ്ത ഫോണ്‍ സംഭാഷണങ്ങള്‍ സി.ഡിയിലാക്കി സമര്‍പ്പിക്കാന്‍ ഭര്‍ത്താവിന് കുടുംബ കോടതി അനുമതി നല്‍കിയിരുന്നു. ഇതിനു പിന്നാലെ കുടുംബ കോടതി ഉത്തരവിനെ ചോദ്യംചെയ്ത് യുവതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഇത്തരം സംഭാഷണങ്ങളുടെ ആധികാരിക ഉറപ്പുവരുത്താന്‍ കഴിയില്ലെന്നും കോടതിയില്‍ ആദ്യം സമര്‍പ്പിച്ച ഹരജിയില്‍ ഇത്തരം സംഭാഷണങ്ങളെക്കുറിച്ചൊന്നും പറയുന്നില്ലെന്നും യുവതി ചൂ്ണ്ടിക്കാട്ടി.  വിവാഹമോചന ഹരജി നല്‍കുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പേയുള്ള ടെലിഫോണ്‍ സംഭാഷണമാണിതെന്നും ഹരജിക്കാരിയുടെ സമ്മതമില്ലാതെ റെക്കോര്‍ഡ് ചെയ്തതിനാല്‍ അവ തെളിവായി സ്വീകരിക്കാന്‍ സാധിക്കില്ലെന്നും യുവതിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.  ഭാര്യ ക്രൂരമായി പെരുമാറിയതിനുള്ള തളിവാണിതെന്നാണ് ഭര്‍ത്താവിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാണിച്ചത്.  ഭാര്യയുടെ അറിവോടെയല്ലാതെ ടെലിഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്യുന്നത് സ്വകാര്യതയുടെ വ്യക്തമായ ലംഘനമാണെന്ന് നിരീക്ഷിച്ച ഹൈക്കോടതികുടുംബ കോടതി ഉത്തരവ് റദ്ദാക്കുകയായിരുന്നു. വിവാഹമോചനം ആവശ്യപ്പെട്ട് 2017ലാണ് ഭര്‍ത്താവ് കോടതിയെ സമീപിച്ചത്. 2009 ല്‍ വിവാഹിതരായി ഇവര്‍ക്ക് ഒരു മകളുണ്ട്.

 

Latest News