കണ്ണൂര്‍- പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ ലോഡ്ജില്‍ എത്തിച്ച് കൂട്ടബലാത്സംഗം ചെയ്ത കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ഹോട്ടല്‍ മാനേജരെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. പറശിനി പാര്‍ക്ക് ഹോട്ടല്‍ മാനേജര്‍ കയരളത്തെ കോറോത്ത് പവിത്രനെയാണ് ഹൈക്കോടതി ജഡ്ജി എം.ആര്‍. അനിത കുറ്റവിമുക്തനാക്കിയത്. പോക്‌സോ കേസില്‍ പ്രതിപട്ടികയില്‍ നിന്ന് ഒരാളെ ഒഴിവാക്കുന്നത് അപൂര്‍വമാണ്.
പാപ്പിനിശേരി സ്വദേശിനിയായ 16 കാരിയെ, 2018 നവംബര്‍ 11 ന് ലോഡ്ജില്‍ കൊണ്ടുവന്ന് നാലുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചുവെന്നായിരുന്നു കേസ്. 2018 ഡിസംബര്‍ മൂന്നിനാണ് തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. മാട്ടൂല്‍ സ്വദേശി
സന്ദീപ്, തളിപ്പറമ്പ് കുറുമാത്തൂരിലെ സി.പി. ഷംസുദീന്‍, ശ്രീകണ്ഠപുരം ചെങ്ങളായി പരിപ്പായിലെ വി.സി.ഷബീര്‍, നടുവില്‍ സ്വദേശി കെ.വി. അയൂബ് എന്നിവരായിരുന്നു പ്രതികള്‍ .
സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കേസിലെ ലോഡ്ജില്‍ കൊണ്ടു വന്ന് പീഡിപ്പിച്ച വിവരം പോലീസിന് കൈമാറിയില്ലെന്നും സംഭവത്തിലെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും കാണിച്ച് അഞ്ചാം പ്രതിയായി പവിത്രനെ കൂടി പ്രതി ചേര്‍ക്കുകയായിരുന്നു . ഡിസംബര്‍ അഞ്ചിന് തളി പ്പറമ്പ് ഡിവൈ.എസ്.പി അറസ്റ്റ് ചെയ്ത് കോടതി റിമാന്റ് ചെയ്ത പവിത്രന് 35 ദിവസം ജയിലില്‍ കഴിഞ്ഞ ശേഷമാണ് ജാമ്യം ലഭിച്ചത്. പിന്നീട് പെണ്‍കുട്ടിയുടെ വിശദമായ മൊഴിയെടുത്തതിനെ തുടര്‍ന്ന് കുട്ടിയുടെ പിതാവടക്കം നിരവധി പേര്‍ക്കെതിരെ കേസെടുത്തിരുന്നു. 18 കേസുകള്‍ പുതുതായി രജിസ്റ്റര്‍ ചെയ്തു. പ്രതികളില്‍ പലരും ഇപ്പോഴും ജാമ്യം ലഭിക്കാതെ ജയിലില്‍ കഴിയുന്നുമുണ്ട്. കേസിന്റെ വിചാരണ ഇതുവരെ ആരംഭിച്ചിട്ടില്ല.
കേസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും യൂനിഫോം മാറ്റി സാധാരണ വസ്ത്രം ധരിച്ചാണ് പെണ്‍കുട്ടി എത്തിയതെന്നും ഇതിനാല്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയാണെന്നും പ്രായപൂര്‍ത്തിയായിട്ടില്ലെന്നും മനസ്സിലായിട്ടില്ലെന്നും താന്‍ നിരപരാധിയാണെന്നും കാണിച്ച് പവിത്രന്‍, അഡ്വ . നിക്കോളസ് ജോസഫ് മുഖേന ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ വാദം അംഗീകരിച്ചാണ് കേസില്‍ നിന്ന് ഒഴിവാക്കി വിധി പുറപ്പെടുവിച്ചത്.






