42579 പേരാണ് ഇതുവരെ (ഡിസംബർ 11) കേരളത്തിൽ കോവിഡ് ബാധിച്ച് മരിച്ചത്. മരണകണക്കിൽ ഇന്ത്യയിൽ രണ്ടാം സ്ഥാനത്താണ് ഇന്ന് കേരളം. 51 ലക്ഷം പേരാണ് കേരളത്തിൽ കോവിഡ് ബാധിതരായത്. മഹാരാഷ്ട്രയാണ് കോവിഡ് മരണത്തിൽ ഇന്ത്യയിൽ ഒന്നാമത്- 1.41 ലക്ഷമാണ് മഹാരാഷ്ട്രയിലെ മരണം. മരണനിരക്ക് 2.13 ശതമാനം.
എല്ലാ അവകാശവാദങ്ങളും വെറുതെയായിരുന്നു. കോവിഡ് വെച്ചുള്ള ഒന്നാന്തരം രാഷ്ട്രീയ കളിയാണ് കേരളത്തിൽ നടക്കുന്നതെന്ന് എത്രയോ കാലമായി ഈ രംഗം ശ്രദ്ധിക്കുന്നവർ പറഞ്ഞു കൊണ്ടേയിരുന്നതാണ്. അതെല്ലാം പ്രചാരണ ബഹളത്തിൽ അലിഞ്ഞില്ലാതായിപ്പോയി. കോവിഡ് കാര്യങ്ങൾ പറയാൻ നിത്യവും പത്ര സമ്മേളനങ്ങൾ നടത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഒരു കാലത്ത് കേരള ജനമനസ്സിന്റെ ആവേശമായിരുന്നു. അപ്പോഴും പോരായ്മകൾ എടുത്തെടുത്ത് പറഞ്ഞ അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെ എല്ലാവരും ക്രൂരമായി പരിഹസിക്കപ്പെട്ടു. ആളുകൾ മരിക്കുന്നില്ലല്ലോ എന്നതായിരുന്നു അന്നത്തെ വലിയ വിജയം കണ്ട മറുപക്ഷ ന്യായം. ശരിയാണല്ലോ മരിക്കുന്നില്ലല്ലോ എന്ന് മലയാളി ബോധപൂർവം കീഴടങ്ങി. ഇപ്പോഴത്തെ കേരള ഭരണ കക്ഷി പ്രതിപക്ഷത്തായിരുന്നുവെങ്കിൽ എത്ര നന്നായിരുന്നു എന്ന് അന്ന് പല ഘട്ടത്തിലും വെറുതെ ചിന്തിച്ചവരുണ്ടായിരുന്നു. ഭരിക്കുന്നെങ്കിൽ കോവിഡ് കാലത്ത് തന്നെ ഭരിക്കണമെന്ന് ആദ്യം പറഞ്ഞത് പ്രൊഫ. കൽപ്പറ്റ നാരായണനാണ്. ഏറ്റു പറയാൻ വലിയ തോതിലൊന്നും ആളുണ്ടാകാത്തത് സ്വാഭാവികം.
ഇത്രയും കുറിക്കാൻ കാരണം കേരളത്തിന്റെ കോവിഡ് മരണനിരക്ക് (കേസ് ഫേറ്റലിറ്റി റേറ്റ്) പുറത്ത് വന്നതാണ്. മരണ നിരക്ക് 0.81% ആയി ഉയർന്നിരിക്കുന്നു! ഓർക്കുക - നേരത്തെ ഒഴിവാക്കിയ മരണം നിരന്തര ആവശ്യം വഴി പട്ടികയിൽ ഉൾപ്പെടുത്തിയതു കൊണ്ടാണ് മരണ നിരക്ക് ഉയർന്നത്. 12,587 മരണമാണ് പുതുതായി പട്ടികയിൽ വന്നത്. ഈ വിധത്തിൽ കണക്ക് പുറത്തു വരാനും അനുബന്ധ കാര്യങ്ങൾക്കും പുതിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തന്റെ അസാധാരണ രാഷ്ട്രീയ പ്രതിഭ ഉപയോഗിച്ച് പോരാടി നിന്നത് നിയമസഭ കാലത്ത് എല്ലാവരും തത്സമയം കണ്ടു. ബന്ധുക്കൾ അപ്പീൽ നൽകിയ മരണങ്ങളാണ് പുതുതായി പട്ടികയിൽ വരാനിടവന്നത്. ആറ് മാസം മുമ്പ് കേസ് റേറ്റ് 0.42% ആയിരുന്നു. കോവിഡ് പ്രതിരോധത്തിൽ കേരളം ഇന്ത്യയിൽ ഏറ്റവും മികച്ച സംസ്ഥാനമെന്ന് സ്ഥാപിക്കാൻ മറച്ചുവെച്ച മരണ നിരക്ക് സഹായിച്ചു. ആറ് മാസം മുമ്പ് കേരളത്തിൽ തെരഞ്ഞെടുപ്പ് കാലമായിരുന്നുവെന്നോർക്കുക. കണക്കിലെ തട്ടിപ്പ് അന്ന് തന്നെ ചില മാധ്യമങ്ങളെങ്കിലും ചൂണ്ടിക്കാണിച്ചതാണ്. 2020 ലെ ബി.ബി.സി റിപ്പോർട്ട് ഇതിനോടകം വിവാദമായി കഴിഞ്ഞു. കേരളം കോവിഡ് മരണം മറച്ചു വെക്കുന്നു എന്ന 2020 നവംബറിലെ ബി.ബി.സി വാർത്ത എല്ലാവരും ചേർന്ന് ഒതുക്കി.
42579 പേരാണ് ഇതുവരെ (ഡിസംബർ 11) കേരളത്തിൽ കോവിഡ് ബാധിച്ച് മരിച്ചത്. മരണകണക്കിൽ ഇന്ത്യയിൽ രണ്ടാം സ്ഥാനത്താണ് ഇന്ന് കേരളം. 51 ലക്ഷം പേരാണ് കേരളത്തിൽ കോവിഡ് ബാധിതരായത്. മഹാരാഷ്ട്രയാണ് കോവിഡ് മരണത്തിൽ ഇന്ത്യയിൽ ഒന്നാമത് -1.41 ലക്ഷമാണ് മഹാരാഷ്ട്രയിലെ മരണം. മരണനിരക്ക് 2.13 ശതമാനം.
മരണ പട്ടികയിൽ ഉൾപ്പെടാതെ പോയവരിൽ ആശുപത്രികളിൽനിന്ന് ബോധപൂർവം ഒഴിവാക്കപ്പെട്ടവർ മാത്രമല്ല ഉൾപ്പെടുന്നത്. ജില്ലയിൽനിന്ന് റിപ്പോർട്ട് ചെയ്തിട്ടും അഹങ്കാരപൂർവം ഒഴിവാക്കിയവരും പെടുന്നു. വിഷയത്തിലെ കേന്ദ്ര സർക്കാർ ഇടപെടലുകളുടെ സമ്മർദ്ദവും കണക്ക് പുറത്തുവിടാൻ കാരണമായിട്ടുണ്ടാകാം. കോവിഡ് കാരണമാണ് മരിച്ചതെന്ന് പറയാൻ ജനങ്ങൾ കാണിച്ച മടിയും സർക്കാർ പ്രചാരണങ്ങൾക്ക് തുണയായിരിക്കാം. കോവിഡിനോടുള്ള ജനങ്ങളുടെ നിലപാട് മാറ്റവും, പ്രഖ്യാപിക്കപ്പെട്ട ആനുകൂല്യങ്ങളും കോവിഡ് കാരണം തന്നെയാണ് മരണമുണ്ടായത് എന്ന് പറയാൻ ജനങ്ങളെ പ്രേരിപ്പിച്ചു. കോവിഡ് മരണത്തിന്റെ യഥാർഥ കണക്ക് പുറത്തുവരുന്നില്ലെന്ന് അന്ന് പറഞ്ഞവരെ പരിഹസിക്കുമ്പോൾ ഇങ്ങിനെ ഒരവസ്ഥ വരുമെന്ന് കുതന്ത്ര ശാലികൾ ഓർത്തു കാണില്ല. മരിച്ചവരിൽ കുട്ടികൾ അധികമില്ലെന്നത് ആശ്വാസകരമാണ്. അപ്പോഴും 79 കുട്ടികൾ കോവിഡ് ബാധിച്ചു മരിച്ചിട്ടുണ്ടെന്നത് ആശങ്കപ്പെടുത്തുന്ന കാര്യം തന്നെ. 18-40 വയസിനിടക്ക് പ്രായമുള്ള 1,114 പേരാണ് മരണത്തിന് കീഴടങ്ങിയത്. 41-59 വയസുകാർ 6,125 പേർ കോവിഡിൽ ഈ ലോകം വിട്ടു പോയി. 60 വയസിന് മേൽ പ്രായമുള്ളവരുടെ മരണ സംഖ്യ കാൽ ലക്ഷത്തിനടുത്തെത്തി (22405).
കേരളത്തിൽ 11 ജില്ലകളിൽ അതീവ ജാഗ്രത വേണമെന്ന് കേന്ദ്രം കഴിഞ്ഞ ദിവസം നിർദ്ദേശിച്ചു കഴിഞ്ഞു. കോഴിക്കോടും (10.81), തിരുവനന്തപുരവും (10.55) ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ മുന്നിട്ടു നിൽക്കുന്നു. കോവിഡ് വിഷയത്തിൽ കേരളത്തിന് ആശ്വസിക്കാൻ സമയമായിട്ടില്ലെന്ന സൂചന നൽകുന്നവയാണ് പുറത്തു വന്നുകൊണ്ടിരിക്കുന്ന ഇത്തരം വാർത്തകൾ. ഇതൊന്നും ഗൗനിക്കാത്ത നിലക്കാണ് കേരളം മുന്നോട്ട് പോകുന്നതെന്നതാണ് പേടിപ്പെടുത്തുന്ന കാര്യം.






