തോന്നുമ്പോള്‍ മാത്രമെ രാജ്യസഭയില്‍ പോകൂ; വിവാദ പരാമര്‍ശത്തില്‍ ജസ്റ്റിസ് ഗോഗോയിക്കെതിരെ അവകാശ ലംഘന നോട്ടിസ്

ന്യൂദല്‍ഹി- ഇഷ്ടമുണ്ടെങ്കിലെ രാജ്യസഭയില്‍ പോകൂവെന്ന മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസും ഇപ്പോള്‍ രാജ്യസഭാംഗവുമായ ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ പരാമര്‍ശം വിവാദമായി. പാര്‍ലമെന്റിനെ അവഹേളിച്ചതിന് അദ്ദേഹത്തിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് അവകാശ ലംഘന നോട്ടീസ് നല്‍കി. ഗൊഗോയിയുടെ പരാമര്‍ശം രാജ്യസഭയെ അധിക്ഷേപിക്കുന്നതാണെന്നും സഭയുടെ പവിത്രതയ്ക്ക് കളങ്കമാണെന്നും തൃണമൂല്‍ നോട്ടീസില്‍ ചൂണ്ടിക്കാട്ടി. എന്‍ഡിടിവിക്കു നല്‍കിയ അഭിമുഖത്തിലാണ് ഗൊഗോയ് വിവാദ പരാമര്‍ശം നടത്തിയത്. 

രാജ്യസഭാംഗമായി നാമനിര്‍ദേശം ചെയ്യപ്പെട്ടതിനു ശേഷം അപൂര്‍വമായി മാത്രം പാര്‍ലമെന്റിലെത്തുന്നതിനെ കുറിച്ചും സഭയിലെ മോശം ഹാജര്‍ നിലയെ കുറിച്ചുമുള്ള ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് ഗൊഗോയിയുടെ വിവാദ പരാമര്‍ശങ്ങളുണ്ടായത്. 2020 മാര്‍ച്ച് മുതല്‍ വെറും 10 ശതമാനത്തില്‍ താഴെ മാത്രമാണ് ഗൊഗോയിയുടെ ഹാജര്‍ നില. 

കോവിഡ് കാരണം മെഡിക്കല്‍ നിര്‍ദേശങ്ങള്‍ അനുസരിച്ച് തനിക്ക് സമ്മേളനത്തില്‍ പങ്കെടുക്കാനാകില്ലെന്ന് രാജ്യസഭയെ നേരത്തെ അറിയിച്ചിരുന്നു. ആര്‍ടി പിസിആര്‍ നടത്തി മാത്രമെ അവിടേക്കു പോകാനാകുമായിരുന്നുള്ളൂ. വ്യക്തിപരമായി സഭയില്‍ പോകുന്നതിന് എനിക്ക് അസ്വസ്ഥത ഉണ്ടായിരുന്നു. സമൂഹിക അകലം പാലിച്ചിരുന്നില്ല. സീറ്റ് ക്രമീകരണങ്ങളും സൗകര്യപ്രദമായിരുന്നില്ല. ഇഷ്ടമുണ്ടാകുമ്പോള്‍, എന്തെങ്കിലും എനിക്ക് സംസാരിക്കേണ്ടതായിട്ട് ഉണ്ടെങ്കില്‍ മാത്രമെ ഞാന്‍ രാജ്യസഭയില്‍ പോകൂ. ഞാന്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗമാണ്. പാര്‍ട്ടി വിപ്പുകള്‍ ബാധകമല്ല. പാര്‍ട്ടി അംഗങ്ങളെ വിളിക്കുമ്പോള്‍ എനിക്ക് അതു ബാധകമല്ല. ഞാന്‍ അവിടെ പോകുന്നതും തിരിച്ചിറങ്ങുന്നതും എന്റെ ഇഷ്ടപ്രകാരമാണ്. ഞാന്‍ സഭയിലെ ഒരു സ്വതന്ത്ര അംഗമാണ്- എന്നായിരുന്നു ജസ്റ്റിസ് ഗൊഗോയിയുടെ പരാമര്‍ശം.

Latest News