Sorry, you need to enable JavaScript to visit this website.

റഷ്യയില്‍ പുരാതന കോണ്‍വെന്റിനു സമീപം ചാവേര്‍ ആക്രമണം

മോസ്‌കോ- റഷ്യന്‍ തലസ്ഥാനത്ത് പുരാതന കോണ്‍വെന്റിനു സമീപം ഓര്‍ത്തഡോക്‌സ് സ്‌കൂളില്‍ കൗമാരക്കാരന്റെ ചാവേര്‍ ആക്രമണം.
മോസ്‌കോയ്ക്ക് പുറത്തുള്ള 14ാം നൂറ്റാണ്ടിലെ കോണ്‍വെന്റിന് സമീപമുള്ള സ്‌കൂളിലാണ് റഷ്യന്‍ കൗമാരക്കാരന്‍ സ്വയം പൊട്ടിത്തെറിക്കാന്‍ ശ്രമിച്ചത്. ഏതാനും വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റതായി ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി റഷ്യയില്‍  സ്‌കൂളുകള്‍ക്ക് നേരെ സമാന ആക്രമണങ്ങള്‍ വര്‍ധിച്ചുവെങ്കിലും മതപരമായ സ്ഥലങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ വിരളമാണ്.
സ്‌കൂളിലെ 18 വയസ്സായ വിദ്യാര്‍ഥി  വെവെഡെന്‍സ്‌കി വ്‌ലാഡിച്‌നിയാണ് കോണ്‍വെന്റിലെ ഓര്‍ത്തഡോക്‌സ് ജിംനേഷ്യത്തിന്റെ പരിസരത്ത് പ്രവേശിച്ച് സ്വയം പൊട്ടിത്തെറിച്ചത്.
മോസ്‌കോയില്‍ നിന്ന് 100 കിലോമീറ്റര്‍ തെക്ക് സെര്‍പുഖോവ് നഗരത്തില്‍ നടന്ന ആക്രമണത്തില്‍ 15 വയസ്സുകാരന് പരിക്കേറ്റതായി ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
ചാവേര്‍ ആക്രമണം നടത്തിയ യുവാവും പരിക്കുകളോടെ രക്ഷപ്പെട്ടു.  
സ്‌ഫോടനത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റതായി വിവിധ  റഷ്യന്‍ വാര്‍ത്താ ഏജന്‍സികള്‍ അറിയിച്ചു. 7 മുതല്‍ 16 വയസ്സുവരെയുള്ള കുട്ടികളെയാണ് സ്‌കൂളില്‍ പഠിപ്പിക്കുന്നത്.
എത്ര വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് മോസ്‌കോ മേഖലയുടെ ഗവര്‍ണര്‍ ആന്ദ്രേ വോറോബിയേവ് വ്യക്തമാക്കിയിട്ടില്ലെങ്കിലും ആരുടേയും പരിക്ക് ഗുരുതരമല്ലെന്നും ജീവന് ഭീഷണിയില്ലെന്നും അദ്ദേഹം പറഞ്ഞു. 1360 ലാണ് കോണ്‍വെന്റ്  സ്ഥാപിതമായത്.

 

Latest News