Sorry, you need to enable JavaScript to visit this website.

സോവിയറ്റ് യൂനിയന്‍ തകര്‍ന്ന ശേഷം വരുമാനത്തിനായി ടാക്‌സി ഓടിച്ചിരുന്നതായി പുടിന്‍

മോസ്‌കോ- സോവിയറ്റ് യൂനിയന്‍ കമ്യൂണിസ്റ്റ് ഭരണകൂടം തകര്‍ന്നടിഞ്ഞ കാലത്ത് അധിക വരുമാനത്തിനായി ടാക്‌സി ഓടിച്ചിരുന്നതായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്‍. റഷ്യയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയുടെ ഡോക്യൂമെന്ററിയിലാണ് പുടിന്റെ വെളിപ്പെടുത്തല്‍. 'ചിലസമയങ്ങളില്‍ എനിക്ക് അധികമായി പണം കണ്ടെത്തേണ്ടതായി വന്നിരുന്നു. ഒരു കാറോടിച്ച്, സ്വകാര്യ ഡ്രൈവറായിട്ടായിരുന്നു അത്. ഇതിനെ കുറിച്ച് പറയാന്‍ ഇഷ്ടമില്ലെങ്കിലും സത്യസന്ധമായി പറയുകയാണെങ്കില്‍ ദൗര്‍ഭാഗ്യകരമായ കാര്യമായിരുന്നു അത്'- പുടിന്‍ പറഞ്ഞു. 

സോവിയറ്റ് യൂണിയന്റെ തകര്‍ച്ച ചരിത്രപരമായ റഷ്യയുടെ അവസാനമായിരുന്നുവെന്നും പുടിന്‍ പറഞ്ഞു. പൗരന്മാരില്‍ അധികപേര്‍ക്കും ഇതൊരു ദുരന്തമായി തന്നെ തുടരുന്നുവെന്ന് നേരത്തെ പുടിന്‍ പറഞ്ഞിരുന്നു. സോവിയറ്റ് തകര്‍ച്ച കടുത്ത സാമ്പത്തിക അസ്ഥിരതയ്ക്ക് കാരണമാകുകയും ലക്ഷക്കണക്കിന് ആളുകളെ ദരിദ്രരാക്കുകയും ചെയ്തു.

പുടിന്റെ നേതൃത്വത്തില്‍ റഷ്യ പഴയ യുഎസ്എസ്ആറിനെ വീണ്ടും പുനഃസൃഷ്ടിക്കാന്‍ ശ്രമിക്കുന്നുവെന്ന് വിമര്‍ശകരുടെ ആരോപണത്തിനിടെയാണ് പുടിന്റെ പ്രതികരണം.

Latest News