Sorry, you need to enable JavaScript to visit this website.

ഒമിക്രോണ്‍ വാക്‌സിന്‍ ഫലം കുറക്കുന്നതായി ലോകാരോഗ്യ സംഘടന

ജനീവ- ഒമിക്രോണ്‍ കൊറോണ വൈറസ് ഡെല്‍റ്റ വകഭേദത്തേക്കാള്‍ വേഗത്തില്‍ പടര്‍ന്നു പിടിക്കുന്നുവെന്നും കോവിഡ് വാക്‌സിന്റെ ഫലം കുറക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന. എന്നാല്‍ ഒമിക്രോണ്‍ ബാധയ്ക്ക് ഗുരുതര രോഗലക്ഷണങ്ങള്‍ കുറവാണെന്നും ഇതുവരെ ലഭ്യമായ വിവരങ്ങള്‍ വിശകലനം ചെയ്ത വിദഗ്ധര്‍ പറയുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് വ്യാപനത്തിന് ഇടയാക്കിയത് ഇന്ത്യയില്‍ കണ്ടെത്തിയ വകഭേദമായ ഡെല്‍റ്റയാണെന്നും ലോകാരോഗ്യ സംഘടന പറയുന്നു. അതേസമയം വലിയ തോതില്‍ ജനിതകമാറ്റങ്ങള്‍ സംഭവിച്ച ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ ഒമിക്രോണ്‍ വകഭേദം ലോകത്തുടനീളം വിവിധ രാജ്യങ്ങളെ വീണ്ടും യാത്രാ വിലക്കുകള്‍ ഏര്‍പ്പെടുത്താനും ആഭ്യന്തര നിയന്ത്രണങ്ങള്‍ വീണ്ടും നടപ്പിലാക്കാനും പ്രേരിപ്പിച്ചു. 

ഡിസംബര്‍ ഒമ്പത് വരെയുള്ള കണക്കുകള്‍ പ്രകാരം ഇതുവരെ 63 രാജ്യങ്ങളില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രഭവ കേന്ദ്രമായ ദക്ഷിണാഫ്രിക്കയില്‍ അതിവേഗമാണ് ഇതിന്റെ വ്യാപനം. ദക്ഷിണാഫ്രിക്കയില്‍ ഡെല്‍റ്റയുടെ സാന്നിധ്യം താരമമ്യേന കുറവാണ്. ബ്രിട്ടനില്‍ ഡെല്‍റ്റയാണ് ഏറ്റവും കൂടുതല്‍ റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. സാമൂഹിക വ്യാപനം സംഭവിക്കുന്ന ഇടങ്ങളില്‍ ഒമിക്രോണ്‍ ഡെറ്റല്‍യെ കവച്ചുവയ്ക്കുമെന്നാണ് ലഭ്യമായ വിവരങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന. മതിയായ വിവരങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ ഒമിക്രോണിന്റെ പകര്‍ച്ചാ നിരക്ക് വ്യക്തമായി പറയാന്‍ ഇപ്പോള്‍ കഴിയില്ലെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. 

ഒമിക്രോണ്‍ ബാധ ശക്തികുറഞ്ഞ രോഗത്തിനും പ്രകടമായ ലക്ഷണങ്ങളില്ലാത്ത കോവിഡിനുമാണ് കാരണമാകുന്നത്. എന്നാല്‍ ഒമിക്രോണിന്റെ രൂക്ഷത സ്ഥിരീകരിക്കാന്‍ മതിയായ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.

Latest News