കണ്ണൂര്‍-മുസ് ലിം ലീഗിനെതിരെ വീണ്ടും അതിരൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സി.പി.എം ജില്ലാ സമ്മേളനത്തിന്റെ സമാപനവുമായി ബന്ധപ്പെട്ട് ലീഗിന്റെ തട്ടകമായ പഴയങ്ങാടിയില്‍ സംഘടിപ്പിച്ച പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് പിണറായി ലീഗിനെ കടന്നാക്രമിച്ചത്.
ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് ലീഗിനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ വന്‍ വിവാദമായതിന് പിന്നാലെയാണ് സമാപന സമ്മേളനത്തിലും പിണറായി ലീഗിനെതിരെ തിരിഞ്ഞത്. അമ്മയേയും പെങ്ങളേയും തിരിച്ചറിയാനുള്ള സംസ്‌കാരമെങ്കിലും വേണമെന്നും വിരട്ടല്‍ കൊണ്ട് കാര്യം നേടിക്കളയാമെന്ന് കരുതരുതെന്നുമായിരുന്നു ലീഗിനുള്ള പിണറായിയുടെ മുന്നറിയിപ്പ്.
ഉദ്ഘാടന പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ക്കെതിരെ ലീഗ് നേതാക്കളായ ഡോ എം.കെ.മുനീര്‍, കെ.പി.എ മജീദ്, പി.എം.എ സലാം എന്നിവര്‍ രംഗത്തു വന്നിരുന്നു. എന്നാല്‍ ഇതൊന്നും തെല്ലും വകവെക്കാതെയായിരുന്നു പിണറായിയുടെ പ്രതികരണം.
വഖഫ് ബോര്‍ഡുമായി ബന്ധപ്പെട്ട വിഷയത്തില്‍ തന്റെ ഹൈസ്‌കൂള്‍ കാലത്ത് മരണപ്പെട്ടുപോയ പാവം അച്ഛനെക്കുറിച്ച് പറയുന്നതെന്താണ്? അദ്ദേഹം എന്തു തെറ്റാണ് നിങ്ങളോട് ചെയ്തത്. ചെത്തുകാരന്‍ കോരന്റെ മകനാണെന്നതില്‍ അഭിമാനിക്കുന്നു എന്ന് പലതവണ പറഞ്ഞതാണ്. നിങ്ങള്‍ ആരെയാണ് തോണ്ടാന്‍ വരുന്നത്. ചെത്തുകാരന്റെ മകനാണെന്ന് പറഞ്ഞാല്‍ പിണറായി വിജയന്‍ ചൂളിപ്പോവുമെന്നാണ് കരുതുന്നതെങ്കില്‍ ആ ചിന്ത വേണ്ടെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.
മന്ത്രി മുഹമ്മദ് റിയാസിനെ അവഹേളിച്ച ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ കല്ലായിയുടെ പ്രസംഗത്തിനും അദ്ദേഹം മറുപടി പറഞ്ഞു. ലീഗ് നേതാക്കളുടെ സംസ്‌കാരമെന്താണെന്ന് കോഴിക്കോട്ടെ സമ്മേളനത്തോടെ ജനങ്ങള്‍ക്ക് മനസ്സിലായി. ഓരോരുത്തരുടെ സംസ്‌കാരത്തിന് അനുസരിച്ചാണ് ഓരോരുത്തരും സംസാരിക്കുക. അതുകൊണ്ട് അതിനെക്കുറിച്ച് കൂടുതല്‍ പറയാനാഗ്രഹിക്കുന്നില്ല. സംസ്‌കാരം വീട്ടില്‍ നിന്നാണുണ്ടാവേണ്ടത്. അമ്മയേയും പെങ്ങളേയും തിരിച്ചറിയണമെന്ന് മാത്രമാണ് ഓര്‍മിപ്പിക്കാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ലീഗിന് എന്താണിത്രയും അസഹിഷ്ണുത. വര്‍ഗ്ഗീയവികാരം ഇളക്കിവിടാനാണ് ലീഗ് ശ്രമിക്കുന്നത്. എല്ലാ കാലത്തും ലീഗ് ഇതു തന്നെയാണ് ചെയ്തിരുന്നത്. മലപ്പുറത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ വോട്ടുവിഹിതത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ലീഗിന്റെ കാലിനടിയിലെ മണ്ണ് ഒലിച്ചുപോവുകയാണ്. വഖഫ് ബോര്‍ഡ് വിഷയത്തില്‍ മുസ്‌ലിം ബഹുജനങ്ങള്‍ക്ക് സര്‍ക്കാര്‍ നിലപാട് ബോധ്യപ്പെട്ടിട്ടുണ്ട്. അത് അവര്‍ തന്നെ പറഞ്ഞിട്ടുണ്ട്. വിരട്ടി കാര്യം നേടാമെന്ന് ലീഗ് കരുതേണ്ടെന്നും പിണറായി മുന്നറിയിപ്പ് നല്‍കി.
മുസ് ലീം ലീഗിനെതിരെ കടുത്ത വിമര്‍ശനത്തിന് സി.പി.എം ഒരുങ്ങുന്നുവെന്ന മുന്നറിയിപ്പ് കൂടിയാണ് പിണറായിയുടെ അവര്‍ത്തിച്ചുള്ള ആക്രമണം നല്‍കുന്ന മുന്നറിയിപ്പ്. ആദ്യം ആക്രമണം ഉന്നയിച്ചത് സമ്മേളന പ്രതിനിധികള്‍ക്ക് മുന്നിലാണെങ്കില്‍, രണ്ടാമത് നടത്തിയ അതിരൂക്ഷമായ വിമര്‍ശനം പൊതു സമൂഹത്തിന് മുന്നിലായിരുന്നുവെന്നതാണ് പ്രത്യേകത.






