ഒമിക്രോണ്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നെടുമ്പാശ്ശേരിയില്‍ അതീവ ജാഗ്രത

നെടുമ്പാശ്ശേരി- ഈ മാസം ആറിന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്  ഒമിക്രോണ്‍ രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ അതീവ ജാഗ്രത. യു.കെയില്‍ നിന്നെത്തിയ യാത്രക്കാരന് എട്ടിന് നടത്തിയ പരിശോധനയിലാണ് രോഗ ബാധ കണ്ടെത്തിയത്. ഇയാള്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ നടത്തിയ പരിശോധനയില്‍ കോവിഡ് നെഗറ്റീവായിരുന്നുവെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ.സി.കെ നായര്‍ പറഞ്ഞു. ചില സാഹചര്യങ്ങളില്‍ രോഗബാധയുണ്ടായാല്‍ ഏഴ് മുതല്‍ പത്ത് ദിവസം വരെയുള്ള പരിശോധനയില്‍ ഇത് വ്യക്തമാകണമെന്നില്ല. ഇക്കാരണത്താലാണ് വിദേശത്ത് നിന്നും എത്തുന്ന യാത്രക്കാരോട് നിര്‍ബന്ധമായും ഏഴ് ദിവസം ക്വാറന്റൈനില്‍ കഴിയണമെന്ന് നിര്‍ദ്ദേശിച്ചിട്ടുള്ളത്.
പുതിയ സാഹചര്യത്തില്‍ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും എത്തുന്നവരെ പ്രത്യേകമായി പരിശോധനകള്‍ക്ക് വിധേയമാക്കും. ഇവര്‍ക്കായി പ്രത്യേക എമിഗ്രേഷന്‍ കൗണ്ടറുകളും തുറക്കും. ഒരേ സമയം 700 അന്താരാഷ്ട്ര യാത്രക്കാരെ പരിശോധിക്കാനുള്ള സൗകര്യം സിയാലില്‍ നിലവില്‍ ഏര്‍പ്പെടുത്തിട്ടുണ്ട്. 350 പേര്‍ക്ക് റാപിഡ് ടി.പി.സി.ആര്‍ പരിശോധനക്കും 350 പേര്‍ക്ക് സാധാരണ ആര്‍.ടി.പി.സി.ആര്‍ പരിശോധനകള്‍ക്കാണ് സൗകര്യമുള്ളത്. റാപിഡ് ടി.പി.സി.ആര്‍ പരിശോധനയുടെ ഫലം അര മണിക്കൂറിനകവും സാധാരണ ആര്‍.ടി.പി.സി.ആര്‍ പരിശോധനയുടെ ഫലം അഞ്ച് മണിക്കൂറിനകവുമാണ്  ലഭ്യമാകുന്നത്.
 ഒമിക്രോണ്‍ സ്ഥിരീകരിച്ച എറണാകുളം സ്വദേശിയുടെ സീറ്റിന് സമീപത്തെ സീറ്റുകളില്‍ യാത്ര ചെയ്ത 40 ഓളം പേരുടെ പട്ടിക തയ്യാറാക്കുകയും ഇവരുമായി ബന്ധപ്പെട്ട് പ്രത്യേക നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. യാതൊരു കാരണവശാലും മറ്റുള്ളവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടരുതെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും ഇക്കാര്യത്തിന്‍ നിരീക്ഷണം നടത്തും. കൂടാതെ ഈ വിമാനത്തില്‍ ഉണ്ടായിരുന്ന മറ്റ് 109 പേര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം കൈമാറിയിട്ടുണ്ട്. ഈ മാസം അഞ്ചിന് ലണ്ടനിലെ ഹീത്രുവില്‍ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ റഷ്യന്‍ സ്വദേശി കലാഷിനോവ് ഇലിയയ്ക്ക് (25) വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയത് ആശങ്ക പരത്തിയിരുന്നു. ഇയാളെ അമ്പലമുകളിലെ പ്രത്യേക കേന്ദ്രത്തിലാണ് നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരുന്നത്. എന്നാല്‍ പിന്നീട് നടത്തിയ വിശദമായ പരിശോധനയില്‍ ഇയാള്‍ക്ക് ഒമിക്രോണ്‍ ഇല്ലെന്ന് കണ്ടെത്തിയതോടെയാണ് ആശങ്കയൊഴിഞ്ഞത്.

 

Latest News