ഇന്ത്യ ഭരിക്കുന്നത് വ്യാജ ഹിന്ദുക്കളെന്ന് രാഹുല്‍

ജയ്പുര്‍- ഇന്ത്യ ഭരിക്കുന്നത് ഹിന്ദുക്കളല്ലെന്നും ഹിന്ദുത്വവാദികളാണെന്നും രാഹുല്‍ ഗാന്ധി. 'ഹിന്ദു'വും 'ഹിന്ദുത്വവാദി'യും തമ്മിലുള്ള വ്യത്യാസം ചൂണ്ടിക്കാട്ടി ബി.ജെ.പിക്കെതിരെ ജയ്പൂരിലെ വന്‍ റാലിയില്‍ രാഹുല്‍ ആഞ്ഞടിച്ചു.

'ഞാനൊരു ഹിന്ദുവാണ്, ഇവിടെയുള്ളവരും ഹിന്ദുക്കളാണ്. എന്നാല്‍ 'അവര്‍' ഹിന്ദുത്വവാദികളാണ്. മഹാത്മാഗാന്ധി ഒരു സത്യഗ്രഹി ആയിരുന്നു. സത്യം അന്വേഷിക്കുന്ന ആള്‍. ഗോഡ്‌സെ അദ്ദേഹത്തിനു നേരേ വെടിയുതിര്‍ത്തു. ഗോഡ്‌സെ ഹിന്ദുത്വവാദിയാണ്. ഒരു ഹിന്ദു സത്യഗ്രഹി ആയിരിക്കും. ഹിന്ദുത്വവാദികള്‍ എപ്പോഴും അധികാരത്തിനു പിന്നാലെ ആയിരിക്കും.

അവര്‍ സത്യത്തെക്കുറിച്ചു ചിന്തയുള്ളവര്‍ ആയിരിക്കില്ല, അധികാരത്തെക്കുറിച്ചു മാത്രമായിരിക്കും ചിന്തിക്കുക. എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന, ആരെയും പേടിക്കാത്ത ഒരാളാണ് യഥാര്‍ഥ ഹിന്ദു. അധികാരത്തിലിരിക്കുന്നവര്‍ വ്യാജ ഹിന്ദുക്കളാണ്. ഇന്ത്യ അനുഭവിക്കുന്നത് ഹിന്ദുരാജ് അല്ല, ഹിന്ദുത്വവാദി രാജ് ആണ്. ഈ ഹിന്ദുത്വവാദികളെ നീക്കം ചെയ്ത് എല്ലാവരെയും ഉള്‍ക്കൊള്ളുന്ന എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന സത്യത്തിന്റെ പാതയിലുള്ള ഹിന്ദുരാജ് കൊണ്ടുവരാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്- രാഹുല്‍ പറഞ്ഞു.

ജയ്പുരിലെ റാലിയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി എന്നിവരും പങ്കെടുത്തു. പ്രിയങ്കയും ബി.ജെ.പിക്കെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തി.

നമ്മുടെ ടൂറിസ്റ്റ് പ്രധാനമന്ത്രി ലോകം മുഴുവന്‍ കറങ്ങി. കര്‍ഷകരെ കാണാന്‍ 10 കിലോമീറ്റര്‍ അപ്പുറത്തേക്ക് പോയില്ല. ഇത്തരമൊരു സര്‍ക്കാരാണ് ഇവിടെയുള്ളത്. കോണ്‍ഗ്രസ് കെട്ടിപ്പടുത്ത രാജ്യത്തെ ഏതാനും വ്യവസായികള്‍ക്കായി വില്‍ക്കുകയാണെന്നും  പ്രിയങ്ക പറഞ്ഞു.

 

Latest News