ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ മുൻനിര ഓഹരികളിൽ നിക്ഷേപകരായിട്ടും സെൻസെക്‌സിനും നിഫ്റ്റിക്കും തകർച്ചയെ പിടിച്ചു നിർത്താനായില്ല. പ്രദേശിക നിക്ഷേപകർ വിപണിയിൽ പിടിമുറുക്കാനുള്ള നീക്കത്തിലാണ്. അതേ സമയം വിദേശ ഫണ്ടുകൾ വിൽപനക്കാരായി തുടരുന്നു. ബോംബെ സെൻസെക്‌സ് 402 പോയന്റും നിഫ്റ്റി 125 പോയന്റും പ്രതിവാര നഷ്ടത്തിലാണ്.
ഡിസംബർ വരെ നിക്ഷേപത്തിന് ഉത്സാഹിച്ച വിദേശ ഫണ്ടുകൾ പക്ഷേ പിന്നീട് വിൽപനയിലേക്ക് ശ്രദ്ധതിരിച്ചു. കഴിഞ്ഞ രണ്ടാഴ്ചകളിൽ മാത്രം 1.2 ബില്യൺ ഡോളറിന്റെ ഓഹരികൾ വിറ്റു. പഞ്ചാബ് നാഷണൽ ബാങ്കിലെ വൻ വെട്ടിപ്പിന്റെ റിപ്പോർട്ടുകൾ വിദേശ ഫണ്ടുകളെ ഇന്ത്യയിൽ വീണ്ടും വിൽപനക്കാരാക്കിയാൽ വിപണിയുടെ തിരിച്ചുവരവിന് അൽപം കൂടി കാത്തിരിക്കേണ്ടി വരും.
ബോംബെ സെൻസെക്‌സ് 34,535 പോയന്റിൽ നിന്ന് 33,957 ലേയ്ക്ക് ഇടിഞ്ഞ ശേഷം വാരാന്ത്യം 34,010 ലാണ്. ഈ വാരം 34,377 ൽ പ്രതിരോധമുണ്ട്. ഇത് മറികടക്കാനായില്ലെങ്കിൽ സെൻസെക്‌സ് 33,799 പോയന്റിലെ ആദ്യ താങ്ങിൽ പിടിച്ചു നിൽക്കാം. ഈ സപ്പോർട്ട് നഷ്ടപ്പെട്ടാൽ വിപണി 33,589-33,221 വരെ സാങ്കേതിക പരീക്ഷണങ്ങൾക്ക് വിധേയമാകും. എന്നാൽ 34,377 മറികടന്നാൽ ലക്ഷ്യം 34,745-34,955 റേഞ്ചിലേയ്ക്ക് തിരിയും.
നിഫ്റ്റി കഴിഞ്ഞ വാരം 10,616 വരെ ഉയർന്ന ശേഷം 10,439 ലേയ്ക്ക് ഇടിഞ്ഞു. ക്ലോസിങിൽ 10,452 പോയന്റിലാണ്. ജനുവരി മുന്ന് ശേഷമുള്ള ഏറ്റവും താഴ്ന്ന വാരാന്ത്യ ക്ലോസിങാണിത്. ഈ വാരം 10,388 ലെ സപ്പോർട്ട് നിലനിർത്താൻ സൂചികയ്ക്കായാൽ തുടർന്നുള്ള ദിവസങ്ങളിൽ 10,565 ലേയ്ക്കും ഉയരാനാവുമെങ്കിലും ഈ റേഞ്ചിൽ ശക്തമായ പ്രതിരോധത്തിന് സാധ്യതയുണ്ട്. ഇത് മറികടന്നാൽ 10,679 ലേയ്ക്കും അവിടെ നിന്ന് 10,742 ലേയ്ക്കും ഉയരാൻ ശ്രമിക്കും. എന്നാൽ ആദ്യ താങ്ങ് നഷ്ടപ്പെട്ടാൽ സൂചിക 10,325-10,211 റേഞ്ചിലേയ്ക്ക് സാങ്കേതിക പരീക്ഷണം നടത്താം.
ബാങ്കിങ്, കൺസ്യൂമർ ഗുഡ്‌സ്, ഓട്ടോമൊബൈൽ വിഭാഗങ്ങളെ ബാധിച്ച മാന്ദ്യം തുടരുന്നു. അതേ സമയം സ്റ്റീൽ, ഓയിൽ ആന്റ ഗ്യാസ്, എഫ് എം സി ജി വിഭാഗങ്ങളിൽ നിക്ഷേപ താൽപര്യം ഉടലെടുക്കുന്നുണ്ട്.
ടാറ്റാ സ്റ്റീൽ ഓഹരി വില രണ്ടര ശതമാനം വർധിച്ച് 688 ലേക്ക് കയറി. ആർ ഐ എൽ രണ്ട് ശതമാനം നേട്ടവുമായി 921 രൂപയിലാണ്. ഒന്നര ശതമാനത്തിൽ അധികം നേട്ടവുമായി ഡോ. റെഡീസ് ലാബ് 2212 രൂപയിലും എച്ച് യു എൽ 1352 രൂപയിലും ഏഷ്യൻ പെയിന്റ് 1143 രൂപയിലും ക്ലോസിങ് നടന്നു. അതേ സമയം എസ് ബി ഐ എട്ട് ശതമാനം ഇടിഞ്ഞ് 271 രൂപയായി. യെസ് ബാങ്ക് ഏഴ് ശതമാനം കുറഞ്ഞ് 311 രൂപയിലും ആക്‌സിസ് ബാങ്ക് 537 രൂപയിലും ഐ സി ഐ സി ഐ ബാങ്ക് 321 രൂപയിലുമാണ്.
ഫോറെക്‌സ് മാർക്കറ്റിൽ യു എസ് ഡോളറിന് മുന്നിനൽ ഇന്ത്യൻ നാണയം കരുത്ത് നേടി. രൂപയുടെ മൂല്യം 19 പൈസ വർധിച്ച് 64.21 ലേക്ക് കയറി. വാരാരംഭത്തിൽ വിനിമയ നിരക്ക് 64.40 ലായിരുന്നു. രൂപക്ക് 64.42 ൽ പ്രതിരോധമുണ്ട്. മാസാവസാനതോടെ രൂപ 64.01 ലേയ്ക്കും തുടർന്ന് 63.50 ലേയ്ക്കും നീങ്ങാൻ ഇടയുണ്ട്.
വിദേശ മാർക്കറ്റുകൾ ഈ വാരം തിരിച്ചുവരവിന്റെ സൂചനകൾ പുറത്തു വിടാം. എട്ട് പ്രവൃത്തി ദിനങ്ങളിലായി ഏകദേശം 10,000 കോടി രൂപയുടെ ഓഹരികളാണ് വിദേശ ഫണ്ടുകൾ വിറ്റത്. അവർ 2849 കോടി രൂപയുടെ വിൽപന പോയ വാരം നടത്തി. അതേ സമയം ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങൾ ഈ നാല് ദിവസങ്ങൾ 2368 കോടി രൂപയുടെ ഓഹരി വാങ്ങി.
ഈ മാസം വിദേശ ഫണ്ടുകൾ മൊത്തം 6844 കോടി രൂപ പിൻവലിച്ചു. ഈ കാലയളവിൽ അവർ 3215 കോടി രൂപയുടെ നിക്ഷേപം കടപത്രത്തിൽ നടത്തി. ജനുവരിയിൽ വിദേശ നിക്ഷേപകർ 13,780 കോടി രൂപ ഇന്ത്യയിൽ ഇറക്കി.
ഏഷ്യൻ ഓഹരി വിപണികൾ പലതും നേട്ടത്തിലാണ്. ചൈനീസ് ലുണാർ ന്യൂ ഇയർ ആഘോഷങ്ങളിലേയ്ക്ക് നിക്ഷേപകർ തിരിഞ്ഞതിനാൽ വാരമധ്യം വരെ ഹോളി ഡേ മൂഡിൽ ഏഷ്യൻ മാർക്കറ്റുകൾ നീങ്ങും. യു എസ് മാർക്കറ്റിൽ നിന്നുള്ള അനുകൂല വാർത്തകൾ യൂറോപ്യൻ ഓഹരി ഇൻഡക്‌സുകൾക്കും നേട്ടമായി. അമേരിക്കയിൽ എസ് ആന്റ പി 500 ഇൻഡക്‌സ് 2013 ന് ശേഷമുള്ള ഏറ്റവും മികച്ച പ്രതിവാര നേട്ടത്തിലാണ് ഡൗ ജോൺസ്.
മൂന്ന് വർഷത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ നിന്ന് യു എസ് ഡോളർ തിരിച്ചുവരവ് നടത്തി. ക്രൂഡ് ഓയിൽ വിലയിൽ നേരിയ മുന്നേറ്റം. അതേ സമയം രണ്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന റേഞ്ചായ 1367 ഡോളറിലേക്ക് കയറിയ സ്വർണ വാരാന്ത്യം അൽപം തളർന്നു.