Sorry, you need to enable JavaScript to visit this website.

ഖത്തറില്‍ കൊണ്ടുപോയി ഭർതൃസഹോദരന്‍ പീഡിപ്പിച്ചു; യുവതി മുഖ്യമന്ത്രിക്കു പരാതി നല്‍കി

കല്‍പറ്റ-ജോലി വാഗ്ദാനം ചെയ്തു വിദേശത്തു കൊണ്ടുപോയി മുറിയില്‍ പൂട്ടിയിട്ടു മാസങ്ങളോളം പീഡിപ്പിച്ചെന്ന കേസില്‍ മതിയായ നടപടിയെടുക്കാത്ത തൊണ്ടര്‍നാട് പോലീസിനെതിരെ യുവതി മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നല്‍കി.
തൊണ്ടര്‍നാട് പഞ്ചായത്തിലെ നിരവില്‍പ്പുഴയില്‍ താമസിക്കുന്ന 34കാരിയാണ് പരാതി അയച്ചത്. സ്‌കൂളില്‍ ജോലി വാഗ്ദാനം ചെയ്തു 2019 മാര്‍ച്ചിലാണ് യുവതിയെ  നാദാപുരം കന്നംകോട് സ്വദേശിയായ ഭര്‍തൃസഹോദരന്‍ ഖത്തറിലെത്തിച്ചത്. മുറിയില്‍ പൂട്ടിയിട്ട് ഒമ്പതു മാസത്തോളം ഭര്‍തൃസഹോദരനും കണ്ണൂര്‍ ഇരിട്ടി സ്വദേശിയായ സുഹൃത്തും പീഡിപ്പിച്ചു. പീഡന ദൃശ്യങ്ങള്‍ യുവതി അറിയാതെ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. പ്രവാസികളില്‍ ഒരാളുടെ സഹായത്തോടെയാണ് യുവതി ഇവരുടെ പിടിയില്‍നിന്നു രക്ഷപ്പെട്ടു നാട്ടിലെത്തിയത്. സ്വദേശത്തു തിരിച്ചെത്തിയശേഷവും ഭര്‍തൃസഹോദരന്‍ പീഡനം തുടര്‍ന്നു. മൈബൈല്‍ ഫോണില്‍ പകര്‍ത്തിയ നഗ്നദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നു ഭയപ്പെടുത്തിയായിരുന്നു പീഡനം. ഇതു സംബന്ധിച്ചു പരാതി നല്‍കിയെങ്കിലും പ്രതികള്‍ക്കു സഹായകമായ നിലപാടാണ് പോലീസ് സ്വീകരിച്ചത്. മജിസ്‌ട്രേറ്റിനു മൊഴികൊടുക്കാന്‍ പോകുമ്പോള്‍ പീഡന വിവരം അറിയിക്കരുതെന്നും അക്കാര്യം രേഖപ്പെടുത്താന്‍ വനിതാ ജഡ്ജി വരുമെന്നും തൊണ്ടര്‍നാട് സ്റ്റേഷനിലെ പോലീസുകാരി തെറ്റിദ്ധരിപ്പിച്ചു. ക്രൂരമായ പീഡനത്തിനു ഇരയായെന്നു കാണിച്ചാണ് പരാതി നല്‍കിയെങ്കിലും ദുര്‍ബലമായ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് പ്രതികള്‍ക്കെതിരെ കേസെടുത്തത്. പ്രതികളെ അറസ്റ്റു ചെയ്യാനും തയാറായില്ല. കേസ് സ്വാധീനത്തിനു വഴങ്ങി പോലീസ് അട്ടിമറിക്കുകയാണ്. ഇതിനിടെ പ്രതികള്‍ നിരന്തരം ഭീഷണിപ്പെടുത്തുന്നതായും യുവതിയുടെ പരാതിയില്‍ പറയുന്നു.

 

Latest News