പൂനെ- വിദേശ ജോലി ലഭിച്ചതായി മാതാപാതിക്കളെ വിശ്വസിപ്പിക്കാന്‍ കാനഡയിലെ വാന്‍കൂവറിലേക്കുള്ള വ്യാജ വിസയും ടിക്കറ്റും തയാറാക്കിയ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ അറസ്റ്റില്‍. സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്) ഉദ്യോഗസ്ഥരുടെ സംഘം വിമാനത്താവളത്തില്‍ വെച്ചാണ് 30 കാരനായ ഇയാളെ പിടികൂടിയത്.
ഔന്ദ് സ്വദേശിയായ പ്രതിയെയും മാതാപിതാക്കളെയും പ്രാദേശിക കോടതി രണ്ട് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. യുവാവ് അമേരിക്കയില്‍ പഠിക്കുകയും ജോലി നോക്കുകയും ചെയ്ത ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
2019 മുതല്‍ ജോലിയില്ലാത്തതിനാല്‍ നാട്ടിലായിരുന്നു. കാനഡയില്‍ ജോലി കണ്ടെത്തിയെന്ന് മാതാപിതാക്കളെ വിശ്വസിപ്പിക്കാനാണ് താന്‍ വ്യാജ വിസയും ടിക്കറ്റും നിര്‍മിച്ചതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ ഇയാള്‍ 2019 വരെ യുഎസ്എയില്‍ ജോലി ചെയ്തു വരികയായിരുന്നു. ജോലി നഷ്ടപ്പെട്ടതിനുശേഷം മാതാപിതാക്കളോടൊപ്പമായിരുന്നു താമസമെന്ന് കേസ് അന്വേഷിക്കുന്ന എയര്‍പോര്‍ട്ട് പോലീസ് സ്‌റ്റേഷനിലെ അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ മിലിന്ദ് പഥക് പറഞ്ഞു.
മാതാപിതാക്കള്‍ നോക്കിനില്‍ക്കെ പൂനെയില്‍ നിന്ന് ദല്‍ഹിയിലേക്കും ദല്‍ഹിയില്‍നിന്ന് കാനഡയിലെ വാന്‍കൂവറിലേക്കുമുള്ള വ്യാജ ടിക്കറ്റ് കാണിച്ചാണ് ഇയാള്‍ എയര്‍പോര്‍ട്ടില്‍ പ്രവേശിച്ചത്. പാസ്‌പോര്‍ട്ടില്‍ വ്യാജ വിസയും പതിച്ചിരുന്നു. മാതാപിതാക്കള്‍ എയര്‍പോര്‍ട്ടില്‍നിന്ന് മടങ്ങിയതിനു പിന്നാലെ യുവാവ് മെയിന്‍ ഗേറ്റിലൂടെ പുറത്തേക്ക് വരാന്‍ ശ്രമിച്ചതാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ സംശയത്തിനു കാരണമായത്. തുടര്‍ന്ന് ഇയാളുടെ പിഎന്‍ആര്‍ പരിശോധിച്ചപ്പോള്‍ ടിക്കറ്റിലെ പിഎന്‍ആര്‍ സിസ്റ്റത്തില്‍ കാണാന്‍ കഴിഞ്ഞില്ല.
മാതാപിതാക്കള്‍ വീട്ടിലേക്ക് പോയാല്‍ നഗരത്തില്‍ സുഹൃത്തുക്കളോടൊപ്പം താമസിക്കാനായിരുന്നു യുവാവിന്റെ പദ്ധതി. വ്യാജ വിസയും ടിക്കറ്റും ഉണ്ടാക്കിയതിനെ കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.