Sorry, you need to enable JavaScript to visit this website.

കേരളം ഏറ്റവുമധികം കോവിഡ് മരണം  സംഭവിച്ച രണ്ടാമത്തെ സംസ്ഥാനമായി 

തിരുവനന്തപുരം- രാജ്യത്ത് ഏറ്റവുമധികം കോവിഡ് മരണം സംഭവിച്ച രണ്ടാമത്തെ സംസ്ഥാനമായി കേരളം. സര്‍ക്കാര്‍ കണക്ക് പ്രകാരം 42,579 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ചോ അതിനെത്തുടര്‍ന്നുള്ള ശാരീരിക അവശതകളെ തുടര്‍ന്നോ മരിച്ചത്. കോവിഡ് കണക്കുകളില്‍ ഉള്‍പ്പടാതിരുന്ന മരണങ്ങള്‍ അപ്പീല്‍ വഴി സ്ഥിരീകരിച്ചതോടെയാണ് മരണനിരക്ക് ഉയര്‍ന്നത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് മരണം ആരോഗ്യവകുപ്പ് പൂഴ്ത്തിവെക്കുകയോ മരണം കോവിഡ് കണക്കില്‍ ഉള്‍ക്കൊള്ളിക്കാതെ ഒഴിവാക്കിയെന്നുമുള്ള പ്രതിപക്ഷ ആരോപണം ശരിയെന്ന് തെളിഞ്ഞു.
കേരളത്തില്‍ കോവിഡ് ബാധിച്ചവരുടെയും അതിനെ തുടര്‍ന്ന് മരിച്ചവരുടെയും അനുപാതമായ കേസ് ഫാറ്റിലിറ്റി നിരക്ക് ( സി.എഫ്.ആര്‍) ഇതോടെ 0.81 ശതമാനമായി ഉയര്‍ന്നു. ആറുമാസം മുമ്പ് 0.41 ശതമാനമായിരുന്നു കേരളത്തിന്റെ സിഎഫ്ആര്‍. കേരളത്തില്‍ 51 ലക്ഷം ആളുകള്‍ക്കാണ് കോവിഡ് ബാധിച്ചത്. അതില്‍ ഇതുവരെ സ്ഥിരീകരിച്ച കണക്കുകള്‍ പ്രകാരം 42579 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ മഹാരാഷ്ട്ര കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മരണനിരക്കുള്ള സംസ്ഥാനമായി കേരളം. 1.41 ലക്ഷം ആളുകളാണ് മഹാരാഷ്ട്രയില്‍ മരിച്ചത്. 2.13 ശതമാനമാണ് സി.എഫ്.ആര്‍. കേരളത്തെ അപേക്ഷിച്ച് വലിയ സംസ്ഥാനമാണെന്ന ന്യായം ഇവിടെ പറയാം. എന്നാല്‍ കേരളത്തേക്കാള്‍ വലിയ മറ്റ് സംസ്ഥാനങ്ങളിലെല്ലാം നമ്മളെ അപേക്ഷിച്ച് സി.എഫ്.ആര്‍ കുറവാണെന്നത് ആരോഗ്യ വകുപ്പിന് തിരിച്ചടിയാകും.
സര്‍ക്കാര്‍ കണക്കുകളില്‍ ഉള്‍പ്പെടാതിരുന്ന 12826 മരണങ്ങളാണ് ഇപ്പോള്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. ആശുപത്രികളില്‍ നിന്ന് ഒഴിവാക്കിയവര്‍, ജില്ലകളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടും സംസ്ഥാന തലത്തില്‍ ഒഴിവാക്കിയവര്‍, കേന്ദ്രസര്‍ക്കാരിന്റെ പുതുക്കിയ മാര്‍ഗനിര്‍ദ്ദേശ പ്രകാരം ഉള്‍പ്പെടുത്തിയവര്‍ എന്നിവരെയും ചേര്‍ത്ത് പട്ടിക വിപുലപ്പെടുത്തിയതോടെയാണ് ഇത്രയും മരണം കേരളത്തില്‍ ഉണ്ടായത്. വ്യാപകമായി മരണം ഒഴിവാക്കുകയോ പൂഴ്ത്തിവെക്കുകയോ ചെയ്തുവെന്ന് പ്രതിപക്ഷം തുടക്കം മുതല്‍ ഉന്നയിച്ച ഇടുക്കി ഉള്‍പ്പെടെയുള്ള ജില്ലകളിലും മരണനിരക്ക് ഉയര്‍ന്നു.
സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടും സംസ്ഥാന തലത്തില്‍ അത്തരം കോവിഡ് മരണങ്ങള്‍ ഒഴിവാക്കിയെന്ന് പ്രതിപക്ഷം കണക്കുകള്‍ സഹിതം ഉന്നയിച്ചിരുന്നു. 13,000 മരണങ്ങള്‍ ഇത്തരത്തില്‍ ഒഴിവാക്കിയെന്നാണ് പ്രതിപക്ഷം നിയമസഭയില്‍ അടക്കം ഉന്നയിച്ചത്. എന്നാല്‍ സര്‍ക്കാര്‍ അതൊക്കെയും നിഷേധിച്ചിരുന്നു. നിലവിലെ കണക്കുകള്‍ പ്രകാരം പ്രതിപക്ഷ ആരോപണം ശരിയെന്ന് വിശ്വസിക്കേണ്ടിവരും. സംസ്ഥാനത്ത് കൃത്യമായി കോവിഡ് മരണം രേഖപ്പെടുത്തുന്നുണ്ടെന്നും കുറഞ്ഞ മരണനിരക്കാണ് സംസ്ഥാനത്തേതെന്നും സര്‍ക്കാരും ആരോഗ്യവകുപ്പും നിരന്തരം അവകാശപ്പെട്ടിരുന്നു. കോവിഡ് നിയന്ത്രണത്തില്‍ സംസ്ഥാനം മികച്ച മാതൃകയെന്ന് ഉയര്‍ത്തിക്കാട്ടാന്‍ സംസ്ഥാനത്തെ കുറഞ്ഞ മരണനിരക്കാണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍ ആ വാദവും പൊളിഞ്ഞിരിക്കുകയാണ് ഇപ്പോള്‍
 

Latest News