Sorry, you need to enable JavaScript to visit this website.

നിരോധനാജ്ഞ ലംഘിച്ച് മുംബൈയില്‍ ഉവൈസിയുടെ വന്‍ റാലി

മുംബൈ- മുംബൈയിലെ മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് അടക്കം മഹാരാഷ്ട്രയില്‍ പലയിടത്തും നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ മുംബൈയില്‍ വന്‍ റാലി സംഘടിപ്പിച്ചു. അസദുദ്ദീന്‍ ഉവൈസി എംപിയുടെ നേതൃത്വത്തിലുള്ള റാലി തടയാന്‍ സര്‍ക്കാര്‍ നിരോധജ്ഞ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇത് ലംഘിച്ചാണ് റാലി സംഘടിപ്പിച്ചത്. സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് തിരംഗ റാലി സംഘടിപ്പിച്ചത്. ദേശീയ പതാകയേന്തി ആയിരക്കണക്കിന് പ്രവര്‍ത്തകരും വാഹനങ്ങളും റാലിയില്‍ പങ്കെടുത്തു. 

നാലോ അതിലധികമോ ആളുകള്‍ ഒത്തുകൂടുന്നത് നിരോധിച്ചുകൊണ്ട് വാരാന്ത്യത്തില്‍ മുംബൈ പോലീസ് സെക്ഷന്‍ 144 ഏര്‍പ്പെടുത്തിയിരുന്നെങ്കിലും റാലിക്ക് ശേഷം പാര്‍ട്ടിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് മുംബൈ പോലീസ് വക്താവ് ഡിസിപി ചൈതന്യ എസ് പറഞ്ഞു. കോണ്‍ഗ്രസ്-ശിവസേന-എന്‍സിപി നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സര്‍ക്കാര്‍ ശനിയാഴ്ച ചണ്ഡിവാലിയില്‍ തിരംഗ റാലി തടയാന്‍ നിരോധന ഏര്‍പ്പെടുത്തിയതായി ഉവൈസി ആരോപിച്ചു.

മജ്‌ലിസിനെയോ മുസ്‌ലിംകളെയോ നിങ്ങള്‍ക്ക് ഇഷ്ടപ്പെടണമെന്നില്ല. പക്ഷേ ദേശീയതയുടേയും സ്വാതന്ത്ര്യത്തിനായി ജീവത്യാഗം ചെയ്തവരുടെ പ്രതീകവുമായ ത്രിവര്‍ണ പതാകയെ ആര്‍ക്കും ഇഷ്ടപ്പെടാതിരിക്കാനാകില്ല. മുംബൈയില്‍ ക്വിറ്റ് ഇന്ത്യാ മുദ്രാവാക്യം ആദ്യമായി മുഴക്കിയത് ഒരു മുസ്‌ലിം ആയിരുന്നു- ഉവൈസ് പറഞ്ഞു. മഹാരാഷ്ട്രയില്‍ മുസ്‌ലിംകള്‍ക്ക് സംവരണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനത്തെ മുസ്‌ലിംകളില്‍ 83 ശതമാനവും ഭൂരഹിതരാണ്. മറാത്ത വിഭാഗത്താര്‍ വെറും എട്ടു ശതമാനമെ ഭൂരഹിരായിട്ടുള്ളൂ. 67 ശതമാനത്തോളം മുസ്‌ലിംകളും താമസിക്കുന്നത് കുടിലുകളിലാണ്. കോണ്‍ഗ്രസും എന്‍സിപിയും ഇതിനെ കുറിച്ചൊന്നും പറയില്ലെന്നും ഉവൈസി ആരോപിച്ചു. 

തെരഞ്ഞെടുപ്പ് വരുമ്പോള്‍ ഞാന്‍ മുസ്‌ലിം വോട്ടുകള്‍ ഭിന്നിപ്പിക്കുകയാണെന്ന് പലരും പറയും. കോണ്‍ഗ്രസിനും എന്‍സിപിക്കും അധികാരം കിട്ടുമെന്നായപ്പോള്‍ അവര്‍ ബാബരി മസ്ജിത് തകര്‍ത്തതിനെ പരസ്യമായി പിന്തുണച്ച ശിവസേനയുമായി കൈകോര്‍ത്തു. രാഷ്ട്രീയ മതേതരത്വത്തില്‍ എനിക്ക് വിശ്വാസമില്ല. ഭരണഘടനയില്‍ പറയുന്ന മതേതരത്വത്തിലാണ് ഞാന്‍ വിശ്വസിക്കുന്നത്- ഉവൈസി കൂട്ടിച്ചേര്‍ത്തു.

Latest News