മോഡിയുടെ ട്വിറ്റര്‍ ഹാന്‍ഡില്‍ ഹാക്ക് ചെയ്തു; ഇന്ത്യക്കാര്‍ക്കെല്ലാം സമ്മാനമായി ബിറ്റ്‌കോയിന്‍ വിതരണമെന്ന് വ്യാജ പ്രഖ്യാപനം

ന്യൂദല്‍ഹി- പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പേഴ്‌സനല്‍ ട്വിറ്റര്‍ ഹാന്‍ഡ്ല്‍ അക്കൗണ്ട് ചെയ്തു. ബിറ്റ്‌കോയിന്‍ രാജ്യത്തെ നിയമാനുസൃത കറന്‍സിയായി അംഗീകരിച്ചെന്ന വ്യാജ സന്ദേശവും ഒരു സ്പാം ലിങ്കുമാണ് ട്വീറ്റായി പ്രത്യക്ഷപ്പെട്ടത്. സര്‍ക്കാര്‍ 500 ബിറ്റ്‌കോയിന്‍ വാങ്ങിയെന്നും ഇത് രാജ്യത്തെ എല്ലാവര്‍ക്കുമായി വിതരണം ചെയ്യുമെന്ന പ്രഖ്യാപനവും ട്വീറ്റിലുണ്ടായിരുന്നു. ഇതുകണ്ട് ട്വിറ്ററാറ്റികള്‍ ഞെട്ടി. ട്വീറ്റിന്റെ സ്‌ക്രീന്‍ഷോട്ട് ശരവേഗത്തില്‍ ട്വിറ്ററില്‍ പ്രചരിക്കുകയും ചെയ്തു. ഹാക്കര്‍മാരുടെ ട്വീറ്റ് ഉടന്‍ നീക്കം ചെയ്‌തെങ്കിലും ട്വിറ്റരില്‍ ഇത് ട്രെന്‍ഡിങായി. ഞായറാഴ്ച പുലർച്ചെയാണ് ഹാക്കിങ് നടന്നത്.

ഹാക്കിങ് നടന്നതായി ഉടന്‍ കണ്ടെത്തുകയും ട്വിറ്ററുമായി ബന്ധപ്പെട്ട് ഇത് നീക്കം ചെയ്ത് അക്കൗണ്ട് സുരക്ഷിതമാക്കുകയും ചെയ്തു. കുറഞ്ഞ സമയത്തേക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായും ആ ട്വീറ്റ് അവഗണിക്കമെന്നും പ്രശ്‌നം പരിഹരിച്ചതായും പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റിലൂടെ അറിയിച്ചു.
 

Latest News