സൗമ്യയുടെ വിവാഹ സദ്യ പ്രതീക്ഷിച്ചതു പോലെ, പതിവു പോലെ, വിഭവ സമൃദ്ധമായിരുന്നു. നൂറ്റൊന്നു കറികൾ ഉണ്ടായിരുന്നോ എന്ന് എണ്ണിനോക്കിയില്ല. അത്രയുമായാലേ കേമത്തമാകൂ എന്നൊരു ധാരണ നമ്മെ വിടാതെ പിടികൂടിയിരിക്കുന്നു. പണ്ടു മുതലേ അങ്ങനെത്തന്നെ. നൂറ്റൊന്നെണ്ണം തികക്കാൻ വേണ്ട കുന്തിരിക്കം കുറവായതുകൊണ്ട്, അതിനൊരു ബദലായി ഇഞ്ചിത്തൈര് ഇറക്കി. തൈരും ഇഞ്ചിയും പച്ചമുളകും ഉപ്പും കറിവേപ്പിലയും ചേർത്താൽ നൂറ്റൊന്നു കറിയായി. ശ്രാദ്ധത്തിന് അതു വിളമ്പിയാൽ എളുപ്പത്തിൽ മതിവരാത്ത പിതൃക്കൾ പോലും തൃപ്തരാകും.
മുമ്പിൽ നിരന്ന കറികളുടെ സമുദ്രത്തിൽ നൂറ്റൊന്നിനു ബദലായ ഇഞ്ചിത്തൈര് ഉണ്ടായിരുന്നോ എന്നു രൂപമില്ല. അതില്ലെങ്കിലും നിറമായ നിറമെല്ലാം സ്ഥാനം പിടിച്ച ഇലയിൽ നൂറ്റൊന്നു കറികൾ തന്നെ തെളിഞ്ഞിറങ്ങിയിരിക്കും. ഏതാനും കൊല്ലം മുമ്പ് സ്വന്തമായൊരു കല്യാണ മണ്ഡപം പണിയിച്ച ഒരു വിരുതൻ പറഞ്ഞു കേട്ടതാണ് ഈ പ്രയോഗം: പൊട്ടു കുത്തിയ ഇല. പച്ചയും നീലയും ചുവപ്പും കറുപ്പും വെളുപ്പും മഞ്ഞയും മറ്റുമായ കുറെ പൊട്ടുകൾ തൊടുവിച്ച ഇല. അന്നദ്ദേഹം കണക്കു കൂട്ടിയപ്പോൾ ഒമ്പതായിരുന്നു പൊട്ടുകളുടെ എണ്ണം. കൊല്ലങ്ങൾ കൊഴിഞ്ഞു വീണപ്പോൾ പൊട്ടുകളുടെ എണ്ണം വീർത്തിരിക്കും. പൊട്ടെന്ന പ്രയോഗത്തിന് ഒരു റെഡി വ്യാഖ്യാനവും അദ്ദേഹം ഉണ്ടാക്കിയിരുന്നു: പൊട്ടുപോലെ കറികൾ അളവിൽ നന്നേ ചെറുതായിരിക്കും; പൊട്ടു പോലെ അലങ്കാരത്തിനുള്ളതായിരിക്കും. കൊതിയന്മാരും വയറന്മാരും തയ്യാറായിറങ്ങിയിട്ടുണ്ടെങ്കിൽ അവർ അതു മുഴുവൻ വെട്ടിവിഴുങ്ങിയെന്നും വരാം. അത്ര മാത്രം.
നാലു കൂട്ടം ഉപ്പിലിട്ടതും ഉപ്പേരിയും ഇടതു വശത്തു വിളമ്പിയാൽ തന്നെ ഇല പാതി നിറയും. പിന്നെ നിയമമെന്ന പോലെ കാളൻ, ഓലൻ, അവിയൽ, എരിശ്ശേരി, പരിപ്പ്, പപ്പടം.....എണ്ണി പേരു വിളിക്കുന്നില്ല, ഇതൊക്കെ പ്രധാന ഭക്ഷണത്തിന് അകമ്പടി സേവിക്കുന്ന ഉപദംശങ്ങളിൽ ചിലതു മാത്രം.
സാമ്പാറിൽ തുടങ്ങി, രസവും തൈരും കഴിഞ്ഞ് ഒന്നു തളർന്നു തല നിവർത്തുമ്പോൾ പ്രഥമൻ വരികയായി. മൂന്നു പായസമെങ്കിലുമില്ലെങ്കിൽ ആതിഥേയന് കുറച്ചിലായി, സദ്യ വ്യവസായിക്ക് പരിഭവമായി. വേണ്ടതും വേണ്ടാത്തതുമായ വിഭവങ്ങൾ പെരുകിയാലല്ലേ സദ്യ കൊഴുക്കുകയും വ്യവസായിയുടെ കീശ കനക്കുകയുമുള്ളൂ?
വിവാഹത്തിന് സദ്യ വേണമെന്നു തന്നെയില്ല. നിർബ്ബന്ധമാണെങ്കിൽ, പണ്ടു പല നേതാക്കന്മാരും മാതൃക കാണിച്ചതുപോലെ, കുടിക്കാൻ ഒരു കപ്പു ചായയും കടിക്കാൻ രണ്ടു ബിസ്‌കറ്റും കൊടുത്ത് അതിഥികളെ യാത്രയാക്കാമായിരുന്നു. പിന്നെപ്പിന്നെ വിവാഹസദ്യ ഒന്നല്ല, രണ്ടായി. വിവാഹത്തിന്റെ തലേന്നും അന്നും അതിഥികൾ എത്തിത്തുടങ്ങി, അവരെ മൃഷ്ടാന്നം ഊട്ടി ആതിഥേയർ കേമത്തം കാട്ടുമായിരുന്നു. മകളെ കെട്ടിച്ചയക്കുമ്പോൾ വിവാഹ ദിവസം സദ്യക്ക് ചെലവായ തുക തലേന്നത്തെ സൽക്കാരത്തിനും ചെലവായിക്കാണും. അയൽപക്കത്തെ പെൺകൊടയേക്കാൾ എണ്ണത്തിലും വണ്ണത്തിലും വർണ്ണത്തിലും എന്റെ വീട്ടിലെ സംരംഭം കുറഞ്ഞുപോകരുതല്ലോ. വീടു വെക്കുമ്പോൾ അടുത്ത വീട്ടിലെ ഗൃഹനാഥക്ക് അസൂയ വരുത്താൻ പറ്റിയാലേ സമാധാനമാകൂ. മകളെ കല്യാണം കഴിച്ചുവിടുമ്പോൾ അയൽക്കാരിയുടെ പെൺകൊച്ചിന്റെ സ്വയംവരത്തെ കടത്തി വെട്ടണം.
വാസ്തവത്തിൽ വിവാഹ സദ്യയിലെ വിഭവാവലി ഉണ്ണുന്ന ആളെ ഉദ്ദേശിച്ചുണ്ടാക്കിയതാവില്ല. ആരോഗ്യമുള്ള ഒരാൾ വിചാരിച്ചാൽ തിന്നു തീർക്കാവുന്നതല്ല അതൊക്കെ. പ്രധാന ഭക്ഷണം കഴിഞ്ഞ് മധുരത്തിലേക്ക് കടന്നാൽ പഴവും മൂന്നു കൂട്ടം പായസവും ബോളിയും ഉണ്ടായാലേ 'അടി പൊളി' എന്നാരെങ്കിലും പറയുകയുള്ളൂ. അങ്ങനെ പറഞ്ഞാലേ ബന്ധപ്പെട്ടവർക്ക് ഉള്ളു കുളിർക്കുകയുള്ളൂ. മര്യാദ പുലർത്തുന്ന ഒരു സൽക്കാരത്തിൽ പഴവും പ്രഥമനുമായാൽ മതി; പക്ഷേ പ്രഥമന്റെ എണ്ണം വിളിച്ചു പറഞ്ഞ് നമ്മൾ വീമ്പടിക്കുന്നു. സദ്യക്കരാറുകാരൻ തമ്പേറടിക്കുന്നു.
ശാപ്പാട് കൊടുത്ത് അനുശോചനത്തിനെത്തുന്നവരെ ആദരിക്കുന്ന പതിവ് പണ്ട് ചില സമുദായങ്ങളുടെ ഇടയിൽ ഉണ്ടായിരുന്നു. മരണം കഴിഞ്ഞ് പതിനഞ്ചാം ദിവസം രാത്രിയും പതിനാറാം ദിവസം ഉച്ചക്കും സദ്യ ഒരുക്കും. ധാരാളിത്തം എന്ന ആരോപണം ഉയരാതിരിക്കാൻ ചില നിബന്ധനകൾ ഉണ്ടായിരിക്കുമെന്നു മാത്രം.
സഞ്ചയനത്തിന് ഇഡ്ഡലിയും വടയും പഴവുമില്ലാതെ പരേതൻ പുണ്യം പ്രാപിക്കില്ല എന്നായിരുന്നു വിചാരം. അടുത്ത കാലത്തായി ആ സൽക്കാരം നിരുൽസാഹപ്പെടുത്തിയിരിക്കുന്നു. സഞ്ചയനത്തിനു പോകുന്നവർ ഇഡ്ഡലിക്കു കാത്തുകെട്ടിക്കിടക്കുന്നത് മൂന്നാം തരം ഏർപ്പാടാണെന്ന ധാരണ പടർന്നു കഴിഞ്ഞു, ഭാഗ്യം ഭാഗ്യം.
അയൽക്കാരെയും സമപ്രായക്കാരെയും മോഹിപ്പിക്കാൻ വേണ്ടി വിഭവ സമൃദ്ധി പ്രദർശിപ്പിക്കുന്ന രീതിയിൽ കച്ചവടക്കണ്ണൂണ്ട്, ശരി തന്നെ. സദ്യക്കരാർകാരൻ അതു തന്നെ നോക്കിയിരിക്കും. നല്ല വിൽപനക്കാരനെപ്പോലെ അയാൾ പുതിയ വിഭവങ്ങളുടെ ഗുണഗണങ്ങൾ ഉരുക്കഴിക്കും. അതെല്ലാം അംഗീകരിക്കാതിരിക്കാൻ ആതിഥേയനാവില്ല. ഇടത്തരം ഹോട്ടലിലെ സ്‌പെഷൽ മീൽസ് കൂടുതൽ കൂടുതൽ ആകർഷകമാക്കുന്നത് പക്ഷേ ആതിഥേയനല്ലല്ലോ. കുറച്ചാണെങ്കിലും കൂടുതൽ കൂടുതൽ വിഭവങ്ങൾ; കൂടി വരുന്ന ലാഭം: അതാണ് അന്നപ്രമാണം.
പണ്ടൊരിക്കൽ ഉദാരനായ ഒരു ചങ്ങാതി കോയമ്പത്തൂരിലെ ഒരു ഹോട്ടലിൽ കയറ്റിയതോർക്കുന്നു. മൂന്നു വക ഭക്ഷണമുണ്ടായിരുന്നു. ലഘുഭോജനം, മധ്യാഹ്ന വന്ദനം, രാജഭോജനം. എനിക്കായി ചങ്ങാതി രാജഭോജനം കൽപിച്ചു. സ്വയം ലഘുഭോജനം തെരഞ്ഞെടുത്തു. രാജത്വവുമായി അന്നാദ്യം ബന്ധപ്പെടുകയായിരുന്നു ഞാൻ, പേരിൽ മാത്രമാണെങ്കിലും. രാജഭോജനത്തിന്റെ ഭാഗമായി ആദ്യം പഴച്ചാറും പിന്നെ സൂപ്പും വന്നു. ചപ്പാത്തി, ബൂരി, ചോറ് നാലു തരം (വെറും ചോറ്, ടൊമാറ്റോ റൈസ്, ലെമൺ റൈസ്, വെജിറ്റബൾ റൈസ്), ഒടുവിൽ പായസത്തിനു ശേഷം പഴം നുറുക്കും ഐസ് ക്രീമും. വേണ്ടവർക്ക് മധുരിക്കുന്ന മുറുക്കാനും കിട്ടും. ഇതൊന്നും ഒരാൾക്ക് കഴിക്കാവുന്നതല്ല. വില കൊടുത്ത് വാങ്ങുന്നതല്ലേ എന്നു കരുതി തിന്നാവുന്നതൊക്കെ അകത്താക്കിയാൽ വശക്കേടാകുമെന്നത് മൂന്നു തരം. എന്റെ വശക്കേടു കണ്ട് നിർവൃതി കൊണ്ടും തന്റെ ലഘുഭോജനത്തിൽ തൃപ്തനായും ചങ്ങാതി ആ സൽക്കാരം ആഘോഷിച്ചു.
ഇങ്ങനെ ഉണ്ടു തകർക്കുന്ന ആഘോഷം നമുക്ക് വേണോ? സാമൂഹ്യ സംരംഭമായാലും വ്യവസായമായാലും വിശന്നു വരുന്നവരെ ഭക്ഷണം കൊണ്ട് അഭിഷേകം ചെയ്യുന്ന ഈ ഏർപ്പാട് എന്നു നിൽക്കും? മിതത്വം സദ്ഗുണമാക്കുന്ന ഒരു ആഹാര രീതി ആകർഷകമാക്കാൻ കാരണവന്മാരില്ല. ഉണ്ണുമ്പോൾ വയറിന്റെ ഒരു ഭാഗം ഭക്ഷണത്തിനും ഒരു ഭാഗം വെള്ളത്തിനും ഒരു ഭാഗം വെറുതെയും ഒഴിച്ചിടണമെന്ന് അമ്മ പറയുമായിരുന്നു. അമ്മയുടെ വേദാന്തം എന്നേ കേൾക്കാതായി. മിതത്വം ഒരിടത്തും ആദർശമല്ലാതായി. കട്ടൻ കാപ്പിയും പരിപ്പുവടയും കൊണ്ട് തൃപ്തിപ്പെടുന്നവർ കമ്യൂണിസ്റ്റുകാർ പോലുമല്ലാതായി. ആവശ്യം നിറവേറ്റുന്നതല്ല, ആഡംബരം കാണിക്കുന്നതാണ് പുതിയ വഴക്കം ഏതു രംഗത്തും.
ഉണ്ണാൻ ചോറും ഉടുക്കാൻ തുണിയും കിടക്കാൻ ഇടവുമാണല്ലോ ആദ്യാവശ്യങ്ങൾ. തീറ്റയിലെ ആഡംബരം പറഞ്ഞു കഴിഞ്ഞു. കുറഞ്ഞ വസ്ത്രം ധരിക്കുന്ന സംസ്‌കാരം പ്രാകൃതമായിരിക്കുന്നു. ഗാന്ധിയുടെ വസ്ത്രധാരണത്തെച്ചൊല്ലി ഉള്ളുകൊണ്ട് അരിശം കൊള്ളുന്നവർ ഏറെ കാണും. അദ്ദേഹം അണിഞ്ഞ ഉടുപ്പിടാൻ ഗാന്ധിക്കേ ധൈര്യം ഉണ്ടാകൂ. ഗാന്ധി ശിഷ്യൻ നെഹ്‌റു തല മറക്കാൻ തൊപ്പിയും മാറ് മറക്കാൻ ജാക്കറ്റും ധരിച്ചു. നെഹ്‌റുവിന്റെ ജാക്കറ്റ് ഇപ്പോൾ സർവത്ര ഫാഷൻ ആയിരിക്കുന്നു. തണുപ്പില്ലാത്ത നമ്മുടെ നാട്ടിലും മൂന്നും നാലും അടരുകളായി വസ്ത്രം വളർന്നതാണ് വികസനത്തിന്റെ ഒരു വശം.
പർണശാലകളും വൈക്കോൽ പുരകളും കുടിലുകളും ഇനി ലാളിത്യത്തിന്റെ വിളംബരമല്ല. ചാണകം മെഴുകിയ തറയിൽ വിട്രിവൈഡ് ടൈലുകൾ വന്നു. അതിനിടെ സിമന്റും മൊസൈക്കും കരിങ്കല്ലും മാർബിളും ഒക്കെ കടന്നു പോയി. വില കുറഞ്ഞതോ പേരു കേൾക്കാത്തതോ ആയ നിർമാണ സങ്കേതങ്ങളും സാധനങ്ങളും ഉപയോഗിക്കാൻ ആർക്കും ധൈര്യമില്ലാതായി. ബർമിംഗ് ഹാം കാരൻ ലാറി ബേക്കറുടെ ശിഷ്യന്മാരും അനുയായികളുമാകാൻ എല്ലാവർക്കും പറ്റില്ലല്ലോ. കുറഞ്ഞ ചെലവിൽ വീടുണ്ടാക്കുന്നത് ദരിദ്രവാസികളോ കോടിപതികളോ ആയിരിക്കും.
അടുത്ത വീട്ടിൽ ഇല്ലാത്ത സൗകര്യം എങ്ങനെ കാണിച്ചുകൊടുക്കാം എന്നാണ് എപ്പോഴും ആലോചന. തറയുടെ കാര്യത്തിലായാലും മുറിയുടെ കാര്യത്തിലായാലും കുളിയുടെ കാര്യത്തിലായാലും നമുക്കുള്ളതു നോക്കി അയൽപക്കം അസൂയപ്പെടണം. പണ്ടൊരിക്കൽ പട്ടാളത്തിൽ കൽപന കൊടുത്തു ശീലിച്ച ഒരു വിരുതൻ വ്യവസായി ഉണ്ടാക്കിക്കൊണ്ടിരുന്ന ഒരു ഭവന ശൃംഖലയിൽ ഞാൻ താൽപര്യം കാണിച്ചു. നീന്തൽക്കുളമായിരുന്നു അതിന്റെ വിശേഷതകളിൽ ഒന്ന്. അതൊന്നു കാണുക തന്നെ എന്നുറച്ച് ഞാൻ പോകുമ്പോൾ വേറൊരു ചങ്ങാതി ചോദിച്ചു, 'കുളമൊക്കെ കൊള്ളാം, വെള്ളം ആ കുന്നിൻ മുകളിൽ എങ്ങനെ എത്തും?' എനിക്കുത്തരമുണ്ടായിരുന്നു: 'സൗകര്യം ഏർപ്പെടുത്തിയാൽ മതി, ഉപയോഗിക്കണമെന്നില്ല.'
മറ്റൊരു പട്ടണത്തിൽ വേണ്ടപ്പെട്ട ഒരാൾ വർഷങ്ങൾക്കു ശേഷം ഒരു ഫഌറ്റ് വാങ്ങിയപ്പോൾ അതേ ചിന്ത വീണ്ടും പത്തി വിടർത്തി. നീന്തൽ കുളം അപ്പോഴേക്കും സർവസാധാരണമായിരിക്കുന്നു. പക്ഷേ അതിന്റെ ഉപയോഗം എത്രയെന്നു തിട്ടപ്പെടുത്താൻ വിഷമം. നീന്തൽ ഭ്രാന്തന്മാർക്കു പോലും ആണ്ടിൽ ആറുമാസം അത് ഉപയോഗിക്കാൻ പറ്റില്ല. മാനം കറുക്കുമ്പോഴേക്കും മരം കോച്ചാൻ തുടങ്ങുന്നതാണ് അവിടത്തെ കാലാവസ്ഥ. എന്നാലും പൂൾ ഇല്ലാതെ കഴിയാൻ വയ്യ. വേറൊരു ബന്ധു പണിത മേൽപുരത്തോട്ടത്തിൽ ആരും രണ്ടാമതൊരിക്കൽ കയറിയിട്ടില്ലെന്ന് അയാൾ തന്നെ പറഞ്ഞത് അൽപം അഹങ്കാരത്തോടെയോ ചമ്മലോടെയോ ആയിരുന്നു.
ഒരു കുടുംബത്തിന് കഴിയാൻ ഇത്രയും സ്ഥലവും സൗകര്യവും വേണോ? വാസസ്ഥലത്തിന്റെ വിസ്തീർണത്തിന് പരിധി നിശ്ചയിക്കുകയും നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്യാമോ? അതു വയ്യ. ഭക്ഷണങ്ങളുടെ അളവും എണ്ണവും നിയന്ത്രിക്കാമോ? അതും വയ്യ. എല്ലാവരും കഴിവും ഇഷ്ടവും പോലെ വീടുണ്ടാക്കുകയും ഊണു വിളമ്പുകയും ചെയ്യട്ടെ.
പക്ഷേ വിശേഷിച്ചൊരാവശ്യവും നിറവേറ്റാത്തതും ഭംഗിയോ ലാഭമോ പോഷിപ്പിക്കാത്തതുമായ ഒന്നിനും അടിപ്പെടാതെ ഒരു സംസ്‌കാരം വികസിക്കുന്നതാവും ആരോഗ്യകരം.