ദുബായ്- യു.എ.ഇയിൽ നിന്ന് ആംസ്റ്റർഡാമിലേക്കു പറക്കുകയായിരുന്ന ടാൻസാവിയ വിമാനത്തിൽ യാത്രക്കാരന്റെ നിരന്തര കീഴ്‌വായുവിനെ ചൊല്ലിയുണ്ടായ ബഹളവും തർക്കവും മൂലം വിമാനം അടിയന്തിരമായി വിയന്നയിൽ ഇറക്കി. പ്രായമുള്ള ഒരു യാത്രക്കാരനാണ് സഹയാത്രികരുടെ പരാതികൾക്ക് ചെവികൊടുക്കാതെ നിരന്തരം കീഴ്‌വായു വിട്ടു കൊണ്ടിരുന്നത്. ഇദ്ദേഹത്തിന്റെ സീറ്റിനു സമീപമുണ്ടായിരുന്ന രണ്ട് ഡച്ച് യാത്രക്കാർ വിമാന ജീവനക്കാരോട് പരാതിപ്പെട്ടു. തുടർന്ന് ഇദ്ദേഹത്തോട് കീഴവായു നിയന്ത്രിക്കാൻ പൈലറ്റ് ആവശ്യപ്പെട്ടു. ഇത് ചെവികൊള്ളാതെ യാത്രക്കാരൻ കീഴ്‌വായു വിടുന്നത് തുടർന്നതോടെയാണ് കോലാഹലമുണ്ടാക്കിയത്. ബഹളം പരിധിവിട്ട് അടിപിടി ആയതോടെ പൈലറ്റ് അടിയന്തിര ലാൻഡിങ് നടത്തുകയായിരുന്നു.
വിയന്നയിൽ ഇറങ്ങിയ വിമാനത്തിൽ നിന്നും പോലീസുകാരെത്തിയാണ് കോലാഹലമുണ്ടാക്കിയ നാലു യാത്രക്കാരെ പുറത്തിറക്കിയത്. ഇവരുടെ സമീപ സീറ്റിലുണ്ടായിരുന്ന രണ്ടു സഹോദരിമാരേയും പോലീസ് പുറത്തിറക്കി. ഇവർക്ക് കോലാഹലവുമായി ഒരു ബന്ധവുമുണ്ടായിരുന്നില്ല. തങ്ങൾ നിരപരാധികളാണെന്നും ഈ വിമാനത്തിൽ കയറേണ്ടി വന്നത് കഷ്ടമായിപ്പോയെന്നും ഇവരിലൊരാളായ 25കാരി നോറ ലെചാബ് പറഞ്ഞു. വിമാനത്തിലെ ജീവനക്കാർ പ്രകോപനപരമായാണ് പെരുമാറിയതെന്നും അവരാണ് രംഗം വഷളാക്കിയതെന്നും ഇവർ പറഞ്ഞു.
വിയന്നയിൽ പുറത്താക്കപ്പെട്ട നാലു യാത്രക്കാർ ടാൻസാവിയ വിമാനത്തിൽ യാത്ര വിലക്കേർപ്പെടുത്തിയതായി കമ്പനി വക്താവ് അറിയിച്ചു. പുറത്താക്കപ്പെട്ട സഹോദരിമാരും കുറ്റക്കാരാണെന്നും അവർ മോശമായാണ് പെരുമാറിയതെന്നും കമ്പനി പറയുന്നു.