VIDEO - തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ കൊല: യുവാവിന്റെ കാൽ വെട്ടിയെടുത്ത് റോഡിലെറിഞ്ഞു

തിരുവനന്തപുരം- പോത്തൻകോട് കല്ലൂരിൽ പത്തംഗ ഗുണ്ടാസംഘം യുവാവിനെ വെട്ടി കൊലപ്പെടുത്തി. കല്ലൂർ സ്വദേശി സുധീഷിനെയാണ് കൊലപ്പെടുത്തിയത്. സുധീഷിനെ ദേഹമാസകലം വെട്ടിയ ശേഷം കാൽ വെട്ടിയെടുത്ത് റോഡിലേക്ക് വലിച്ചെറിഞ്ഞു. സ്ഥലത്ത് നാടൻ ബോംബെറിഞ്ഞ് ഭീകാരാന്തരീക്ഷം സൃഷ്ടിക്കുകയും പരിസരവാസികളെ വാളും മഴുവുമടങ്ങുന്ന ആയുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്ത ശേഷമാണ് സുധീഷിനെ വീട്ടിൽ കയറി വെട്ടിയത്. ഗുണ്ടാ സംഘത്തെ കണ്ട് ഓടി വീട്ടിൽ കയറിയ സുധീഷിനെ വീട്ടിനകത്തിട്ട് വെട്ടുകയായിരുന്നു. കുട്ടികളുടെ മുന്നിലിട്ടായിരുന്നു ക്രൂമായ ആക്രമണം. ദേഹമാകെ വെട്ടേറ്റ സുധീഷിനെ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരണ പ്പെടുകയായിരുന്നു. വെട്ടേറ്റു വീണ ശേഷമാണ് സുധീഷിന്റെ കാൽ അക്രമി സംഘം വെട്ടി മാറ്റിയത്. സംഘത്തിലുണ്ടായിരുന്നവരിൽ ഒരാൾ മുറിഞ്ഞു പോയ കാലുമെടുത്ത് പുറത്തേക്ക് വരികയും ബൈക്കിൽ കയറി തിരിച്ചു പോകും വഴി റോഡിലേക്ക് വലിച്ചെറിയുകയുമായിരുന്നു. ആക്രമണത്തിന് പിന്നിൽ ഗുണ്ടാ പകയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വാഹനങ്ങളിലെത്തിയ സംഘം കാലുമായി ബൈക്കിൽ സഞ്ചരിക്കുന്നതിന്റെയും കാൽപാദം വലിച്ചെറിയുന്നതിന്റേയും സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.

മംഗലപുരം, ആറ്റിങ്ങൽ സ്റ്റേഷനുകളിൽ വധശ്രമം, അടിപിടി കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട സുധീഷ്. കുപ്രസിന്ധ ഗുണ്ട ഒട്ടകം രാജേഷും സംഘവുമാണ് വെട്ടിയതെന്ന് ആശുപത്രിയിൽ പോകുന്ന വഴി മധ്യേ സുധീഷ് പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഡി.ഐ.ജി സഞ്ജയ് കുമാർ ഗുരുഡിൻ, റൂറൽ എസ്.പി പി.കെ. മധു എന്നിവർ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.

Latest News