Sorry, you need to enable JavaScript to visit this website.

ശുഹൈബ് വധം: സി.പി.എം കൂടുതൽ കുരുക്കിൽ, ആകാശിനെ അനുകൂലിച്ച് ജയരാജന്റെ പഴയ ഫെയ്‌സ്ബുക്ക് പോസ്റ്റ്

കണ്ണൂർ- മട്ടന്നൂരിലെ കോൺഗ്രസ് നേതാവ് ശുഹൈബിനെ വധിച്ചത് അഞ്ചംഗ കൊലയാളി സംഘം. പ്രാദേശിക സി.പി.എം, ഡി.വൈ.എഫ്.ഐ, സി.ഐ.ടി.യു പ്രവർത്തകരാണ് ക്രൂരമായ കൊലപാതകം നടത്തിയത്. കാല് വെട്ടാനായിരുന്നു തീരുമാനിച്ചതെന്നും എന്നാൽ ആശുപത്രിയിലെത്തിക്കാൻ വൈകിയതാണ് മരണത്തിന് ഇടയാക്കിയത് എന്നുമാണ് പ്രതികളുടെ വാദം. കാലുകൾ വെട്ടാനായിരുന്നു ക്വ്‌ട്ടേഷൻ എന്നാണ് പോലീസ് കസ്റ്റഡിയിലുള്ളവർ മൊഴി നൽകിയത്. കൃത്യം നടത്തിയ ശേഷം മുങ്ങിയ പ്രതികളിൽ ചിലർ സി.പി.എം ശക്തികേന്ദ്രത്തിൽ ഒളിവിൽ കഴിയുകയാണെന്നും ഇവരെ പിടികൂടാനുള്ള നീക്കം നടക്കുകയാണെന്നും പോലീസ് പറഞ്ഞു. എന്നാൽ, പോലീസും സി.പി.എം നേതൃത്വവും തമ്മിലുള്ള ഒളിച്ചുകളി നാടകമാണ് നടക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു. കൊലപാതകത്തിൽ സി.പി.എം ഉന്നത നേതൃത്വത്തിന് പങ്കുണ്ടെന്നും കോൺഗ്രസ് ആരോപിച്ചു. പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് കെ. സുധാകരൻ കണ്ണൂരിൽ നിരാഹാര സമരം തുടങ്ങി. യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വം സെക്രട്ടറിയേറ്റിന് മുന്നിൽ സമരം തുടങ്ങി. 
അതിനിടെ, ശുഹൈബിന്റെ കൊലപാതകവുമായി സി.പി.എമ്മിന് ബന്ധമില്ലെന്ന വാദവുമായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വീണ്ടും രംഗത്തെത്തി. കൊലപാതകത്തിന് പിന്നിൽ ഏതെങ്കിലും പാർട്ടി പ്രവർത്തകർ ഉണ്ടെങ്കിൽ അവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും യഥാർത്ഥ പ്രതികളെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പോലീസ് ഉള്ളതെന്നും കോടിയേരി പറഞ്ഞു. പോലീസ് അന്വേഷണത്തിൽ ഇടപെടലുകൾ നടത്തില്ലെന്നും കോടിയേരി വ്യക്തമാക്കി.
ശുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട് മട്ടന്നൂരിന് സമീപം തില്ലങ്കേരിയിലെ ആകാശ് , വിജിൻരാജ് എന്നിവർ ഇന്നലെ രാവിലെ മാലൂർ പൊലിസ് സ്റ്റേഷനിൽ പ്രാദേശിക സി.പി.എം നേതാക്കൾക്കൊപ്പമെത്തി കീഴടങ്ങിയിരുന്നു. തില്ലങ്കേരിയിലെ ആർ.എസ്.എസ് പ്രവർത്തകൻ വിനീഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് ഇന്നലെ കീഴടങ്ങിയ ഇരുവരും. വിനീഷ് വധക്കേസിലെ ഒന്നാം പ്രതിയാണ് ആകാശ്. ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ പ്രതികളെ കൃത്യത്തിന് ശേഷം മറ്റൊരു കാറിൽ കൊണ്ട് പോയത് ഇന്നെല കസ്റ്റഡിയിലായ പ്രതികളാണെന്ന് പൊലിസ് പറഞ്ഞു. ആകാശിന് വേണ്ടി പൊലിസ് ദിവസങ്ങളായി തിരച്ചിൽ നടത്തുകയായിരുന്നെന്നും അറിയുന്നു. സി.സി ടി.വി ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞെതെന്ന് പൊലിസ് പറയുന്നു. എന്നാൽ കേസിലെ പ്രതികളല്ല ഇവരെന്നും പൊലിസ് ശല്യം ചെയ്തപ്പോൾ സ്‌റ്റേഷനിലെത്തിയതാണെന്നും സി.പി.എം നേതാക്കൾ പറഞ്ഞു. ജില്ലാ പൊലിസ് ചീഫിന്റെ നേതൃത്വത്തിൽ ഇവരെ ചോദ്യം ചെയ്ത് കൊണ്ടിരിക്കുകയാണ്. അഞ്ച് പേർ പൊലിസ് കസ്റ്റഡിയിലുണ്ടെന്ന വിവരവുമുണ്ട.്
അതിനിടെ, എടയന്നൂരിൽ നടന്ന ദൗർഭാഗ്യകരമായ ഒരു സംഭവത്തെ മുൻനിർത്തി വലതുപക്ഷ മാധ്യമങ്ങളും എതിരാളികളും പാർട്ടിക്കെതിരെ പച്ച കള്ളം പ്രചരിപ്പിക്കുകയാണെന്നും സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജൻ പറഞ്ഞു. ശുഹൈബ് കൊലപാതകത്തിൽ സി.പി.എംന് പങ്കില്ലെന്നും പാർട്ടി പ്രവർത്തകരാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ സംരക്ഷിക്കില്ലെന്നും അന്ന് തന്നെ വ്യക്തമാക്കിയതാണെന്നും ജയരാജൻ പറഞ്ഞു.  ഈ സംഭവത്തെ മുൻനിർത്തി സംഘടിതമായ ആക്രമണം നടത്തുന്നവർ സി.പി.എമ്മിനെതിരെ നടക്കുന്ന ആക്രമണങ്ങളെ സൗകര്യപൂർവ്വം കണ്ടില്ലെന്ന് നടിക്കുകയാണ്. അപകടകരമായ പ്രവണതയാണിത്.എതിരാളികൾക്ക് സി.പി.എമ്മിനെ ആക്രമിക്കാൻ പ്രോൽസാഹനം നൽകുന്ന തരത്തിലാണ് ചില മാധ്യമങ്ങളുടെ ഇടപെടൽ. വലതുപക്ഷ മാധ്യമങ്ങളുടെ ഈ ഇരട്ടത്താപ്പ് ജനങ്ങൾ തിരിച്ചറിയണമെന്നും അക്രമികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അഭ്യർത്ഥിക്കുന്നുവെന്നും ജയരാജൻ പറഞ്ഞു.
അതേസമയം, ശുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട് പോലീസിൽ കീഴടങ്ങിയ ആകാശ് നേരത്തെ തന്നെ നിരവധി ക്രിമിനൽ സംഭവങ്ങളിൽ ഉൾപ്പെട്ടയാളാണ് എന്നതിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ആകാശ് തില്ലങ്കേരിയുടെ പേരെടുത്ത് പറഞ്ഞ് ഇദ്ദേഹം പാർട്ടി പ്രവർത്തകനാണെന്ന് നേരത്തെ തന്നെ സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജൻ ഫെയ്‌സ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. 
കഴിഞ്ഞവർഷം ഏപ്രിലിൽ കൂത്തുപറമ്പ് രക്തസാക്ഷി മണ്ഡപത്തിന് സമീപം സംസാരിച്ചിരിക്കുകയായിരുന്നു യുവാവിനെയും യുവതിയെയും അക്രമിച്ച സംഘത്തിൽ ആകാശുണ്ടായിരുന്നു. ഈ സംഭവം വിവാദമായതിനെ തുടർന്ന് പി.ജയരാജൻ ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റിലാണ് ആകാശ് സി.പി.എം അംഗമാണെന്നും പാർട്ടി അനുഭാവിയേക്കാൾ കൂടുതൽ ഉത്തരവാദിത്തം പാർട്ടി അംഗത്തിനുണ്ടെന്നും ജയരാജൻ പറഞ്ഞത്. ഇത്തരം പ്രശ്‌നങ്ങളിൽ ആകാശ് കൂടുതൽ ജാഗ്രത കാണിക്കേണ്ടതായിരുന്നുവെന്നും പറഞ്ഞാണ് ജയരാജൻ ഫെയ്‌സ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചത്. ശുഹൈബ് വധക്കേസിൽ പോലീസിൽ കീഴടങ്ങിയ പ്രതികൾ ജയരാജനും മുഖ്യമന്ത്രിക്കുമൊപ്പം നിൽക്കുന്ന സെൽഫികൾ പുറത്തുവന്നതിന് പുറമെയാണ് ജയരാജന്റെ പഴയ ഫെയ്‌സ്ബുക്ക് പോസ്റ്റും ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
 

Latest News