കറാച്ചി- പാക്കിസ്ഥാനില്‍ എഴുപതുകാരനെ കൊന്ന് വെട്ടിനുറുക്കിയ നിലയില്‍ കണ്ടെത്തി. കറാച്ചി സദ്ദാറിലെ ഫഌറ്റിലാണ് നി70കാരന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഫ്‌ളാറ്റിലുണ്ടായിരുന്ന 45 വയസ്സുകാരിയെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയാണ് കൊലപാതകം നടത്തിയതെന്നും തെളിവുകള്‍ ലഭിച്ചിതായും പോലീസ് പറഞ്ഞു.
സദ്ദാറിലെ ഒരു പഴയ അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിലെ ഫ്‌ളാറ്റിന് സമീപം മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് സംഭവസ്ഥലത്തെത്തിയത്. യുവതി ഫ്‌ളാറ്റിനുള്ളില്‍ മയങ്ങിക്കിടക്കുകയായിരുന്നു. ഇവരുടെ സമീപത്തായി വെട്ടിനുറുക്കിയ നിലയില്‍ മൃതദേഹാവശിഷ്ടങ്ങളും കണ്ടെത്തി. ഫ്‌ളാറ്റിലെ പല ഭാഗങ്ങളിലും മൃതദേഹാവശിഷ്ടങ്ങള്‍ ചിതറികിടക്കുന്ന നിലയിലുമായിരുന്നു. പോലീസ് കസ്റ്റഡിയിലെടുത്ത യുവതി അമിത അളവില്‍ മരുന്നുകള്‍ ഉപയോഗിച്ചതിനാല്‍ ഏറെനേരം അബോധാവസ്ഥയിലായിരുന്നു.
കൊല്ലപ്പെട്ടത് ഭര്‍ത്താവായ മുഹമ്മദ് സുഹൈല്‍ ആണെന്നാണ് യുവതി ചോദ്യം ചെയ്യലില്‍ ആദ്യം പറഞ്ഞത്. എന്നാല്‍ പിന്നീട് ഇയാള്‍ തന്റെ ഭര്‍തൃസഹോദരനാണെന്നും പറഞ്ഞു. അതേസമയം, ഇരുവരും വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിച്ചിരുന്നതായാണ് അയല്‍ക്കാര്‍ പോലീസിനോട് പറഞ്ഞത്. ഇരുവരും തമ്മില്‍ പലപ്പോഴും പണത്തെച്ചൊല്ലി വഴക്കിട്ടിരുന്നതായും അയല്‍ക്കാര്‍ പറഞ്ഞു.
പോലീസ് നടത്തിയ അന്വേഷണത്തില്‍ മുഹമ്മദ് സുഹൈലിന് മറ്റൊരു കുടുംബമുണ്ടെന്ന് കണ്ടെത്തി. 70കാരനെ കൊല്ലാനും മൃതദേഹം വെട്ടിനുറുക്കാനും ഉപയോഗിച്ച കത്തിയും ചുറ്റികയും ഫ്‌ളാറ്റില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്. രക്തംപുരണ്ടനിലയില്‍ യുവതിയുടെ വസ്ത്രങ്ങള്‍ കണ്ടെടുത്തതായും പോലീസ് പറഞ്ഞു.