Sorry, you need to enable JavaScript to visit this website.

അഴിമതി അരങ്ങേറുമ്പോൾ പിഎൻബി സ്വന്തമാക്കിയത് മൂന്ന് വിജിലൻസ് അവാർഡുകൾ

ന്യൂദൽഹി- സ്വന്തം ഉദ്യോഗസ്ഥരുടെ തന്നെ അറിവോടെ 11,300 കോടിയിലേറെ രൂപയുടെ തട്ടിപ്പ് അരങ്ങേറുന്നതിനിടെ പഞ്ചാബ് നാഷണൽ ബാങ്ക് (പി.എൻ.ബി) സ്വന്തമാക്കിയത് മൂന്ന് വിജിലൻസ് അവാർഡുകൾ. അഴിമതി തടയുന്നതിലുള്ള പ്രവർത്തന മികവിനും പരിഹാര നടപടികൾക്കുമാണ് ഈ പുരസ്‌കാരങ്ങൾ എന്നതാണ് വൈരുധ്യം. ഏഴു വർഷത്തിനിടെ നടന്ന വെട്ടിപ്പാണ് ഈ പൊതുമേഖലാ ബാങ്ക് ഇപ്പോൾ കണ്ടെത്തിയത്. തട്ടിപ്പ് ഇടപാടുകൾ ഏറെയും നടന്നു കഴിഞ്ഞ മൂന്ന് വർഷത്തിനിടെയാണ് മകിച്ച രീതിയിൽ അഴിമതി 'തടഞ്ഞതിന്' കേന്ദ്ര വിജിലൻസ് കമ്മീഷണറിൽ നിന്നടക്കം മൂന്ന് വിജിലൻസ് അവാർഡുകൾ പി.എൻ.ബി സ്വന്തമാക്കിയത്.

ഇവയിൽ രണ്ട് അവാർഡുകൾ 2017-ലാണ് ലഭിച്ചത്. രണ്ടും ഏറ്റുവാങ്ങിയത് കേന്ദ്ര വിജിലൻസ് കമ്മീഷണർ കെ.വി ചൗധരിയിൽ നിന്ന്. ബാങ്കിൽനിന്നും കോടികൾ തട്ടിയ വ്യവസായി നീരവ് മോഡിയുടേയും ബന്ധുക്കളുടേയും കമ്പനികൾക്കു വേണ്ടി ജാമ്യം നിൽക്കുന്നതിന് 293 ലെറ്റർ ഓഫ് അണ്ടർടേക്കിങ് പി.എൻ.ബി നൽകിയതും ഈ വർഷമാണ്. മറ്റ് ബാങ്ക് ശാഖകൾ വായ്പ അനുവദിക്കുന്നതിന് ഇടപാടുകാരന് ബാങ്കുകൾ നൽകുന്ന ജാമ്യം രേഖയാണ് ലെറ്റർ ഓഫ് അണ്ടർടേക്കിംഗ് (എൽ.ഒ.യു). ഈ രേഖകളുപയോഗിച്ചാണ് നീരവ് മോഡി വിദേശ ബാങ്ക് ശാഖകൾ ഉൾപ്പെടെ പല ബാങ്കുകളിൽ നിന്നും വായ്പ എടുത്തിട്ടുള്ളത്.

2017 മാർച്ചിൽ കോർപറേറ്റ് വിജിലൻസ് എക്‌സലൻസ് അവാർഡാണ് പി.എൻ.ബിയുടെ ചീഫ് വിജിലൻസ് ഓഫീസർ എസ്.കെ നാഗ്പാൽ ഏറ്റുവാങ്ങിയത്. ഹൈദരാബാദിലെ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് പബ്ലിക് എന്റർെ്രെപസസ് നടത്തിയ വിജിലൻസ് കോൺക്ലേവിലാണ് പുരസ്‌കാരം സ്വീകരിച്ചത്. 2017 ഒക്ടോബറിൽ കേന്ദ്ര വിജിലൻസ് കമ്മീഷൻ സംഘടിപ്പിച്ച വിജിലൻസ് വാരാചരണത്തിന്റെ ഭാഗമായാണ് മൂന്നാം അവാർഡ് പി.എൻ.ബി സ്വന്തമാക്കിയത്. അഴിമതി തടയുന്നതിൽ മികച്ച പ്രവർത്തനം നടത്തിയ പൊതുമേഖലാ സ്ഥാപനങ്ങൾക്കാണ് അവാർഡുകൾ നൽകിയിരുന്നത്. അച്ചടക്ക നടപടികൾ സമയബന്ധിതമായി നടപ്പാക്കുന്നതിൽ മികവുറ്റ പ്രവർത്തനമാണ് പി.എൻ.ബി കാഴ്ചവച്ചതെന്ന് കമ്മീഷൻ വെബ്‌സൈറ്റിൽ പറയുന്നു.

അവാർഡുകളൊക്കെ വാരിക്കൂട്ടിയിട്ടുണ്ടെങ്കിലും കോടികളുടെ വമ്പൻ തട്ടിപ്പ് യഥാസമയം തിരിച്ചറിയുന്നതിൽ വീഴ്ച്ച വരുത്തിയ പി.എൻ.ബിയിൽ നിന്നും തട്ടിപ്പു സംബന്ധിച്ച് വിവരങ്ങളാരായാൻ ഉദ്യോഗസ്ഥരെ തിങ്കളാഴ്ച കേന്ദ്ര വിജിലൻസ് കമ്മീഷൻ വിളിച്ചിട്ടുണ്ട്. തട്ടിപ്പു വീരൻ നീരവ് മോഡിയുടെ സംഘത്തിന് ബാങ്കിന്റെ കംപ്യൂട്ടറിലേക്ക് നേരിട്ട് പ്രവേശനം നൽകിയതായുള്ള ഗുരുതര വീഴ്ചകളാണ് സി.ബി.ഐ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള പുതിയ റിപ്പോർട്ടുകൾ പറയുന്നത്.
 

Latest News