Sorry, you need to enable JavaScript to visit this website.

പിണറായി  ലീഗിന്റെ തലയില്‍  കയറാന്‍ വരണ്ട - എം കെ മുനീര്‍

കോഴിക്കോട്- വഖഫ് വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ംലീഗിനെതിരെ നടത്തിയ വിമര്‍ശനത്തില്‍ അതേ നാണയത്തില്‍ തിരിച്ചടിച്ച് എം കെ മുനീര്‍. പിണറായിയുടെ തിട്ടൂരം എകെജി സെന്ററില്‍ മതിയെന്നും ലീഗിന്റെ തലയില്‍ കയറേണ്ടെന്നും മുനീര്‍ പറഞ്ഞു. ലീഗിന്റെ മഹാ സമ്മേളനം കണ്ട് പിണറായിക്ക് സ്ഥലകാല ഭ്രമം സംഭവിച്ചിരിക്കുകയാണ് എന്നും അദ്ദേഹം ആരോപിച്ചു.
മുസ്‌ലിം  ലീഗ് രാഷ്ട്രീയ സംഘടനയാണോ എന്ന് ചോദിക്കുന്ന പിണറായി വിജയനോട് ഞങ്ങള്‍ക്ക് അങ്ങോട്ട് ചോദിക്കാനുള്ളത് അദ്ദേഹം കമ്യൂണിസ്റ്റാണോ എന്നാണ്. കമ്യൂണിസത്തിന്റെ പഴയകാല നിര്‍വചനങ്ങളുടെ അടിസ്ഥാനത്തില്‍ പിണറായി വിജയന്‍ കമ്യൂണിസ്റ്റ് അല്ല എന്നാണ് ഞങ്ങളൊക്കെ വിശ്വസിക്കുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയിലുള്ള അണികളില്‍ ഭൂരിഭാഗം വിശ്വസിക്കുന്നത് അതാണ്.' മുനീര്‍ പറഞ്ഞു.
'വഖഫ് ബോര്‍ഡിലെ നിയമനം പി.എസ്.സിക്ക് വിടുന്ന തീരുമാനം ഏതെങ്കിലും പള്ളികളില്‍ എടുത്തതാണോ? അത് നിയമസഭയില്‍ എടുത്തതല്ലേ? നിയമസഭയിലെ ഒരു രാഷ്ട്രീയ കക്ഷി എന്ന നിലയില്‍ ഞങ്ങള്‍ മിണ്ടരുത് എന്നാണോ അദ്ദേഹം പറയുന്നത്. അദ്ദേഹത്തിന്റെ തിട്ടൂരം വേറെ ആളുകളോട് കാണിച്ചോട്ടെ. ലീഗിന്റെ തലയില്‍ കയറേണ്ട. ഞങ്ങളുടെ മഹാസമ്മേളനം കണ്ട് വിഭ്രാന്തി പൂണ്ടിരിക്കുകയാണ് അദ്ദേഹം. അദ്ദേഹത്തിന് സ്ഥലകാല ഭ്രമം സംഭവിച്ചിരിക്കുന്നു. മുഖ്യമന്ത്രി പറഞ്ഞതു മുഴുവന്‍ വാസ്തവ വിരുദ്ധമാണ്. നിയമസഭയില്‍ വഖഫ് നിയമം നിരാകരിക്കണമെന്ന പ്രമേയമാണ് ഞങ്ങള്‍ കൊണ്ടുവന്നത്. കേസു കാണിച്ച് ഞങ്ങളെ ഭയപ്പടുത്തേണ്ട- മുനീര്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം സി.പി.എം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്‍ പ്രതിനിധി സമ്മേനം ഉദ്ഘാടനം ചെയ്യുവെയാണ് പിണറായി വിജയന്‍  ലീഗിനെ രൂക്ഷമായി വിമര്‍ശിച്ചത്. 'വഖഫ് ബോര്‍ഡ് നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിച്ചത് വഖഫ് ബോര്‍ഡ് ആണ്. അത് സര്‍ക്കാര്‍ അംഗീകരിച്ചെന്നും ആ ചര്‍ച്ചയില്‍ ലീഗ് നേതാക്കളും പങ്കെടുത്തിരുന്നതായും പിണറായി പറഞ്ഞു. ഇപ്പോള്‍ ഉള്ള ആളുകളുടെ ജോലി സംരക്ഷിക്കണം എന്നത് മാത്രമായിരുന്നു അവരുടെ ആവശ്യം. ജിഫ്രി തങ്ങളോടും കാന്തപുരത്തോടും ചര്‍ച്ച നടത്തി. അവര്‍ക്ക് കാര്യം മനസ്സിലായി. ബാക്കി കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും. സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒരു പിടിവാശിയും ഇല്ല. ഇപ്പോള്‍ എന്തായാലും നിയമനം പി.എസ്.സിക്ക് വിടാന്‍ തീരുമാനിച്ചിട്ടില്ല. എല്ലാവരുമായും കൂടിയാലോചിച്ച ശേഷമേ ബാക്കി കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകൂ' എന്നായിരുന്നു പിണറായി പറഞ്ഞത്. ഞങ്ങളുടെ കൂടെയും മുസ്‌ലിം വിഭാഗക്കാര്‍ ഉണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് എല്‍.ഡി.എഫിന് ഉണ്ടായ വളര്‍ച്ച നോക്കൂ, ആ വോട്ടിങ് പാറ്റേണ്‍ നോക്കിയാല്‍ മനസിലാകില്ലേ? ലീഗിനെ രൂക്ഷമായി വിമര്‍ശിച്ച മുഖ്യമന്ത്രി നിങ്ങള്‍ മത സംഘടനയാണോ രാഷ്ട്രീയ പാര്‍ട്ടിയാണോയെന്ന കാര്യത്തില്‍ ആദ്യം തീരുമാനിക്ക് എന്നിട്ടാകാം ബാക്കിയെന്നും തുറന്നടിച്ചിരുന്നു. മുസ്‌ലീങ്ങളുടെ അട്ടിപ്പേറവകാശം ലീഗിനില്ലെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
 

Latest News