ന്യൂദല്‍ഹി- തിരുവനന്തപുരത്തെ കാസര്‍കോടുമായി ബന്ധിപ്പിക്കുന്ന കെ റെയില്‍ പദ്ധതി സാങ്കേതികമായും സാമ്പത്തികമായും പ്രായോഗികമെങ്കില്‍മാത്രമേ പരിഗണിക്കൂ എന്ന് കേന്ദ്രം. സെമി ഹൈസ്പീഡ് റെയില്‍ ഇടനാഴി കേരള സര്‍ക്കാരിന്റെയും (51 ശതമാനം) കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെയും(49 ശതമാനം) സംയുക്ത സംരംഭമായ കേരള റെയില്‍ വികസന കോര്‍പറേഷന്‍ ലിമിറ്റഡാണ് നടപ്പാക്കുന്നത്. സാങ്കേതികസാമ്പത്തിക വശങ്ങള്‍ പരിഗണിച്ചതിനു ശേഷം പ്രയോഗികമാണെങ്കില്‍ മാത്രമായിരിക്കും ഇതെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയെ രേഖാമൂലം അറിയിച്ചു. ലീഗ് എം.പി. പി.വി. അബ്ദുല്‍ വഹാബിന്റെ ചോദ്യത്തിനാണിത്.
കേരള റെയില്‍വികസന കോര്‍പറേഷന്‍ ലിമിറ്റഡ് നടത്തിയ സര്‍വേ പ്രകാരം 63,941 കോടി രൂപയാണ് പദ്ധതിച്ചെലവ്. പണം എങ്ങനെ കണ്ടെത്തും എന്നുള്ളതിന്റെ വിവരങ്ങള്‍ ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.