Sorry, you need to enable JavaScript to visit this website.

ചാന്‍സലര്‍ സ്ഥാനവും മുഖ്യമന്ത്രി ഏറ്റെടുക്കട്ടെ- ഗവര്‍ണര്‍

തിരുവനന്തപുരം- സര്‍വകലാശാല വിഷയത്തില്‍ അനുനയത്തിന് വഴങ്ങാതെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ധനമന്ത്രിയും ചീഫ് സെക്രട്ടറിയും ഗവര്‍ണറെ കണ്ടെങ്കിലും നിലപാടില്‍ മാറ്റമില്ല. സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനം മുഖ്യമന്ത്രി ഏറ്റെടുക്കട്ടെയെന്നാണ് ഗവര്‍ണര്‍ വ്യക്തമാക്കിയത്.,സര്‍വകലാശാല വിഷയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പിന്തുണച്ച് പ്രതിപക്ഷം രംഗത്തെത്തി. സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവി മുഖ്യമന്ത്രിയുടെ ഔദാര്യമല്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. ഗവര്‍ണറുടെ കത്ത് മുഖ്യമന്ത്രിയുടെ മുഖത്തേറ്റ അടിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.
സര്‍വകലാശാലകളിലെ സര്‍ക്കാര്‍ ഇടപെടലില്‍ കടുത്ത എതിര്‍പ്പുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്നലെ രംഗത്തെത്തിയിരുന്നു. കാലടി, കണ്ണൂര്‍ സര്‍വകലാശാലകളിലെ വി സി നിയമനങ്ങളില്‍ അതൃപ്തി. ചരിത്രത്തിലില്ലാത്ത വിധം അസാധാരണ പ്രതിഷേധവുമായാണ് ഗവര്‍ണര്‍ സര്‍ക്കാരിന് കത്ത് നല്‍കിയിരിക്കുന്നത്. കണ്ണൂര്‍ വൈസ് ചാന്‍സലറുടെ പുനര്‍നിയമനം അടക്കം വിവിധ കാര്യങ്ങളിലെ അതൃപ്തി പരസ്യമാക്കി ഗവര്‍ണര്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. ഇങ്ങനെയാണെങ്കില്‍ സര്‍വകലാശാലകളുടെ ചാന്‍സലര്‍ എന്ന പരമാധികാര പദവി താന്‍ ഒഴിഞ്ഞുതരാമെന്നും, സര്‍ക്കാരിന് വേണമെങ്കില്‍ തന്നെ നീക്കം ചെയ്യാമെന്നും കടുത്ത ഭാഷയിലുള്ള കത്തില്‍ ഗവര്‍ണര്‍ പറഞ്ഞു.
ഇതോടൊപ്പം കാലടി സംസ്‌കൃതസര്‍വകലാശാല വിസി നിയമനത്തിന് സെര്‍ച്ച് കമ്മിറ്റി പേരുകള്‍ നല്‍കാത്തതും പ്രതിഷേധത്തിന് കാരണമാണ്. പട്ടിക നല്‍കാത്തതിനാല്‍ സെര്‍ച്ച് കമ്മിറ്റി തന്നെ ഇല്ലാതായി. ഇതിന് തൊട്ടുപിന്നാലെ സര്‍ക്കാര്‍ ഒറ്റപ്പേര് വിസി സ്ഥാനത്തേക്ക് രാജ്ഭവന് നല്‍കി. ഇതില്‍ ഗവര്‍ണര്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തുന്നു. സര്‍വകലാശാലകളില്‍ രാഷ്ട്രീയ അതിപ്രസരമാണെന്നും ഗവര്‍ണര്‍ കത്തില്‍ കുറ്റപ്പെടുത്തുന്നുണ്ട്.
 

Latest News