യുഎസിലെ സിഖ് മേയര്‍ക്കും  കുടുംബത്തിനും വധഭീഷണി

ഹൂസറ്റണ്‍- ന്യൂജേഴ്സിയിലെ ഹൊബോക്കെന്‍ സിറ്റി മേയറായ സിഖ് വംശജനായ രവീന്ദര്‍ ഭല്ലയും വധഭീഷണിയില്‍. തനിക്കും കുടുംബത്തിനും വധഭീഷണിയുണ്ടെന്ന് മേയര്‍ വെളിപ്പെടുത്തി.  കഴിഞ്ഞ ദിവസം നഗരസഭാ ഹാളിലേക്ക് ഒരു അജ്ഞാതന്‍ സുരക്ഷ ഭേദിച്ചെത്തിയതിനു തൊട്ടുപിറകെയാണ് മേയറുടെ വെളിപ്പെടുത്തല്‍. സുരക്ഷ മെച്ചപ്പെടുത്തുന്നതിന് നഗരസഭ എഫ്ബിഐയുടെ ഭീകരവിരുദ്ധ കര്‍മ സേനയുടെ സഹായം തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 
എനിക്കും എന്റെ കുടുംബത്തിനുമെതിരെ ഈയിടെ ഒരു വധഭീഷണി ഉണ്ടായ പശ്ചാത്തലത്തില്‍ സുരക്ഷ ഗൗരവത്തിലെടുക്കേണ്ടതുണ്ട്- ഭല്ല പറഞ്ഞു. ഭീഷണി സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയില്ല. 

ഈയിടെ നഗരസഭാ ഹാളിലെ റെസ്റ്റ്റൂമില്‍ പോകണമെന്നാവശ്യപ്പെട്ട് എത്തിയ ഒരാള്‍ അകത്ത് കടന്ന് ശേഷം പുറത്തു പോകുന്നതിനിടെ ഒരു ബാഗ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റിന്റെ മേശക്കരികിലേക്ക് വലിച്ചെറിയുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഭല്ലയുടെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ജാസണ്‍ ഫ്രീമാനാണ് ഈ സംഭവം കണ്ടത്. ഈ സമയം ഭല്ല ഓഫീസില്‍ ഉണ്ടായിരുന്നില്ല. നഗരസഭാ മേയര്‍ തെരഞ്ഞെടുപ്പില്‍ കടുത്ത മത്സരം ജയിച്ചാണ് ഭല്ല മേയറായത്. തെരഞ്ഞെടുപ്പിനിടെ ഭല്ല തീവ്രവാദിയാണെന്നടക്കമുള്ള മോശം പരാമര്‍ശങ്ങളാണ് എതിരാളികള്‍ ഉന്നയിച്ചിരുന്നത്. ന്യൂ ജേഴ്സിയിലെ ആദ്യ സിഖ് മേയറാണ് ഭല്ല.
 

Latest News