നവജാത ശിശുവിനെ വെള്ളത്തില്‍ മുക്കിക്കൊന്ന അമ്മ അറസ്റ്റില്‍

കോട്ടയം - പാറത്തോട് ഇടക്കുന്നത്തെ  നവജാത ശിശുവിന്റെ മരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തി. അമ്മ നിഷയുടെ അറസ്റ്റു രേഖപ്പെടുത്തി. കുഞ്ഞിനെ വെള്ളത്തില്‍ മുക്കി കൊന്നതാണെന്ന് ഇവര്‍ കുറ്റസമ്മതം നടത്തി.

വളര്‍ത്താന്‍ കഴിയാത്തതു കൊണ്ട് കൊന്നുവെന്നാണ് മൊഴി. നാലു ദിവസം പ്രായമുണ്ടായിരുന്ന കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത് ശുചിമുറിയിലെ വലിയ കന്നാസില്‍ നിന്നാണ്. ഒറ്റമുറി വസതിയില്‍ അഞ്ചു കുട്ടികളുമായാണ് നിഷ കഴിഞ്ഞിരുന്നത്.നവജാതശിശു മരിച്ചത് വെള്ളത്തില്‍ മുങ്ങിയാണെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. ഇതോടെയാണ് ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ അമ്മയെ ചോദ്യം ചെയ്തത്. പ്രസവത്തെ തുടര്‍ന്നുള്ള പ്രശ്‌നങ്ങള്‍ കാരണം കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടിയുടെ അമ്മ നിഷയെ പോലീസ് നിരീക്ഷണത്തിലാക്കിയിരുന്നു.

കുട്ടിയുടെ ജനനദിവസം സംബന്ധിച്ച് അച്ഛന്‍ സുരേഷും അമ്മ നിഷയും വ്യത്യസ്തമായിട്ടാണ് പോലീസിന് മൊഴി നല്‍കിയത്. പോസ്റ്റ്മോര്‍ട്ടത്തില്‍ ഏഴ് ദിവസത്തിനിടെയാണ് കുട്ടി ജനിച്ചതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുട്ടിയുടെ മൃതദേഹം മുട്ടമ്പലം പൊതുശ്മാശനത്തില്‍ സംസ്‌കരിച്ചു.

പാറത്തോട് ഇടക്കുന്നം മുക്കാലിയില്‍ മൂത്തേടത്ത്മലയില്‍ സുരേഷ്-നിഷ ദമ്പതിമാരുടെ ആറാമത്തെ നവജാതശിശുവിനെയാണ് വീടിനുള്ളിലെ ശൗചാലയത്തില്‍ ബുധനാഴ്ച രാവിലെ 11-ഓടെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ശൗചാലയത്തില്‍ വേള്ളം ശേഖരിക്കുന്നതിനായി വെച്ചിരുന്ന മുകള്‍ഭാഗം മുറിച്ച കന്നാസിലാണ് മൃതദേഹം ഒളിപ്പിച്ചിരുന്നത്. നിഷയുടെ ഇടതു കാലിന് ജന്മനാ ശേഷിക്കുറവുള്ളതാണ്. സംഭവസമയത്ത് അമ്മ നിഷയും കുട്ടികളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

 

 

 

Latest News