ലീഗിന്  എന്താണോ ചെയ്യാൻ പറ്റുന്നത് അത് ചെയ്യൂ, വെല്ലുവിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം- വഖഫ് ബോർഡ് പി.എസ്.സിക്ക് വിട്ട നടപടിയിൽ ലീഗിന് ചെയ്യാൻ പറ്റുന്നത് ചെയ്യാൻ വെല്ലുവിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമനം സംബന്ധിച്ച് മുഴുവൻ ജനാധിപത്യ നടപടിക്രമങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്. ലീഗ് ആദ്യം അവരാര് എന്ന് തീരുമാനിക്കണം. മതസംഘടനയാണോ, രാഷ്ട്രീയ സംഘടനയാണോ എന്ന് തീരുമാനിക്കണം. സർക്കാറിന് വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിടണം എന്ന് ഒരു നിർബന്ധവുമില്ല. മതസംഘടനകളുമായി ഇക്കാര്യം ചർച്ച ചെയ്തിട്ടുണ്ട്. അവർക്ക് ബോധ്യമായിട്ടുണ്ട്. എന്നാൽ ലീഗിന് ബോധ്യമായിട്ടില്ല. ലീഗ് ആരാണ്. ലീഗിന് മുസ്്‌ലിംകളുടെമുഴുവൻ അട്ടിപ്പേറാവകാശം പേറാൻ അധികാരമില്ല. മലപ്പുറം ജില്ലയിൽ അടക്കം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഗ്രാഫ് ഉയർന്നിരിക്കുന്നു. കേരളത്തിലെ ഒരു മതവിഭാഗത്തിന്റെ അട്ടിപ്പേറാവകാശം തങ്ങൾക്കാണ് എന്ന് പറഞ്ഞാൽ അംഗീകരിച്ചു തരാൻ തയ്യാറല്ല. മതനേതാക്കളുമായി ചർച്ച ചെയ്തിട്ടുണ്ട്. സമസ്തയോടും കാന്തപുരം അബൂബക്കർ മുസ്ലിയാരോടും ചർച്ച ചെയ്തിട്ടുണ്ട്. മറ്റു കൂട്ടരും വന്നിട്ടുണ്ട്. അവർക്കെല്ലാം ബോധ്യമായിട്ടുണ്ട്. ലീഗിന് ബോധ്യമായിട്ടില്ല പോലും. നിങ്ങളുടെ ബോധ്യം ആര് പരിഗണിക്കുന്നു. ഇന്ത്യൻ യൂണിയൻ മുസ്്‌ലിം ലീഗിന് എന്താണോ ചെയ്യാൻ പറ്റുന്നത് അത് ചെയ്യൂ. പി.എസ്.സി നിയമനം ഇപ്പോൾ നടപ്പാക്കുന്നില്ല എന്ന കാര്യം ആവർത്തിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

Latest News