Sorry, you need to enable JavaScript to visit this website.

സിംഗപ്പൂരില്‍ ബൂസ്റ്റര്‍ ഡോസ് എടുത്തവര്‍ക്കും  ഒമിക്രോണ്‍ വകഭേദം കണ്ടെത്തി

സിംഗപ്പുര്‍- കോവിഡ് 19 വാക്‌സിനേഷന്‍ ബൂസ്റ്റര്‍ ഡോസ് എടുത്തവര്‍ക്കും ഒമിക്രോണ്‍ വകഭേദം കണ്ടെത്തി. സിംഗപ്പൂരിലാണ് ബൂസ്റ്റര്‍ ഡോസ് എടുത്തവരില്‍ വൈറസ് ബാധ കണ്ടെത്തിയത്. രണ്ട് പേര്‍ക്ക് ഒമിക്രോണ്‍ ബാധ കണ്ടെത്തിയിട്ടുണ്ട്. വിമാനത്താവളത്തിലെ പാസഞ്ചര്‍ സര്‍വീസ് ജീവനക്കാരിയായ 24കാരിക്കാണ് ആദ്യം വൈറസ് ബാധ സ്ഥിരീകരിച്ചത്. ജര്‍മനിയില്‍ നിന്ന് ഡിസംബര്‍ 6ന് എത്തിയ ആളാണ് വൈറസ് ബാധിച്ച രണ്ടാമത്തെ വ്യക്തി. വാക്‌സിനെടുത്തവര്‍ മാത്രം യാത്ര ചെയ്ത വിമാനത്തിലാണ് ഇയാള്‍ നാട്ടിലെത്തിയത്. രണ്ട് പേരും കോവിഡ് വാക്‌സിനേഷന്‍ ബൂസ്റ്റര്‍ ഡോസുകള്‍ സ്വീകരിച്ചവരാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. ഇതുവരെയുള്ള കോവിഡ് വകഭേദങ്ങളില്‍ ഏറ്റവും അപകടകാരിയാണ് ആഫ്രിക്കന്‍ വകഭേദമായ ഒമിക്രോണ്‍. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചതിനാല്‍ മാത്രം ഒമിക്രോണിനെ നിയന്ത്രിക്കാന്‍ കഴിയുമെന്ന് ഉറപ്പില്ലെന്നും ബൂസ്റ്റര്‍ ഡോസുകള്‍ ആവശ്യമായേക്കാമെന്നും ഫൈസര്‍, ഭാരത് ബയോടെക് പോലുള്ള കമ്പനികള്‍ പറഞ്ഞിരുന്നു. ഇതിനിടെ ബൂസ്റ്റര്‍ ഡോസ് എടുത്തവര്‍ക്കും വൈറസ് ബാധിക്കുന്നത് ആശങ്ക പടര്‍ത്തുന്നുണ്ട്.രോഗം വേഗത്തില്‍ പടരുന്നതും ലോകത്ത് കൂടുതല്‍ രാജ്യങ്ങളില്‍ ഒമിക്രോണ്‍ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തുന്നതും ജാഗ്രതയോടെ കാണണമെന്നും നിരീക്ഷണം ശക്തമാക്കണമെന്നും സിംഗപ്പുര്‍ ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്‍കി. വാക്‌സിനേഷന്റെ കാര്യത്തിലും വലിയ പുരോഗതി കൈവരിച്ചിട്ടുണ്ട് സിംഗപ്പുര്‍. ആകെ ജനസംഖ്യയിലെ 87 ശതമാനം പേര്‍ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ച് കഴിഞ്ഞു. 29 ശതമാനം പേര്‍ക്ക് ബൂസ്റ്റര്‍ ഡോസും നല്‍കി.
 

Latest News