Sorry, you need to enable JavaScript to visit this website.

ഭരണം ലഭിച്ചെന്ന് കരുതി അഹങ്കരിച്ച് അതിര് വിടരരുത്- കോടിയേരി

കണ്ണൂര്‍- പാര്‍ട്ടി അംഗങ്ങള്‍ക്ക് മുന്നറിയിപ്പുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംസ്ഥാന ഭരണം ലഭിച്ചതുകൊണ്ട് ഇനി അഹങ്കരിച്ചുകളയാം എന്നുകരുതരുതെന്നും, സാധാരണ പൗരന്മാരുടെയോ മറ്റുള്ളവരുടെയോ മെക്കിട്ട്കയറാമെന്ന് ഏതെങ്കിലും നേതാവോ പ്രവര്‍ത്തകനോ കരുതിയാല്‍ അവര്‍ക്ക് സ്ഥാനം പാര്‍ട്ടിക്ക് പുറത്താണെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.എല്‍ഡിഎഫ് സര്‍ക്കാര്‍ സിപിഐഎമ്മിന്റെമാത്രം സര്‍ക്കാരല്ല, എല്ലാവരുടെയും സര്‍ക്കാരാണെന്നും എല്ലാവര്‍ക്കും നീതി എന്നതാണ് പാര്‍ട്ടി കാഴ്ചപ്പാടെന്നും കോടിയേരി വ്യക്തമാക്കി. സിപിഐഎം നേതാക്കളും പ്രവര്‍ത്തകരും, അവര്‍ ഭരണത്തിലുള്ളവരാകട്ടെ ഇല്ലാത്തവരാകട്ടെ എല്ലാവരും തലക്കനമില്ലാതെ, ജനങ്ങളുടെ മുന്നില്‍ ശിരസ്സുകുനിച്ച് മുന്നോട്ടുപോകണം. സംസ്ഥാനഭരണം അഴിമതിരഹിതമാക്കണമെന്ന ഉറച്ച നിശ്ചയത്തോടുകൂടിയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഓരോ ചുവടും മുന്നോട്ടുവയ്ക്കുന്നത്. ഇത് സംസ്ഥാന ഭരണത്തില്‍ മാത്രമല്ല, ഗ്രാമതല ഭരണത്തിലും സഹകരണ മേഖലയിലും നടപ്പാക്കേണ്ടതാണ്. ഇക്കാര്യത്തില്‍ സൂക്ഷ്മമായ പരിശോധനയും ശ്രദ്ധയും എല്ലാ ഘടകത്തിനും ഉണ്ടാകണമെന്നും കോടിയേരി പറഞ്ഞു.
വിഭാഗീയതയുടെ വിപത്ത് പിഴുതെറിയാന്‍ സമ്പൂര്‍ണമായി പാര്‍ട്ടിക്ക് കഴിഞ്ഞിട്ടുണ്ട്. മുന്‍കാലത്തെപ്പോലെ വിഭാഗീയതയുടെ ഭാഗമായുള്ള മത്സരങ്ങളോ വോട്ടെടുപ്പോ സംസ്ഥാനത്ത് പൊതുവില്‍ ഉണ്ടായിട്ടില്ല. പാര്‍ട്ടി കമ്മിറ്റിയുടെയും സെക്രട്ടറിയുടെയും സമ്മേളന പ്രതിനിധികളുടെയും തെരഞ്ഞെടുപ്പിനെ പാര്‍ട്ടി വിലക്കിയിട്ടില്ല. ജനാധിപത്യപരമായി വോട്ടെടുപ്പ് നടക്കുന്നതിനെ നിരോധിച്ചിട്ടുമില്ലെന്നും കോടിയേരി ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസിനെയും ബിജെപിയെയും മുസ്‌ലിം  ലീഗിനെയുംപോലെ തിരുവായ്ക്ക് എതിര്‍വാ ഇല്ലാത്ത പ്രസ്ഥാനമല്ല സിപിഐഎം. വിഭാഗീയ പ്രവര്‍ത്തനമോ ഗ്രൂപ്പിസമോ പാര്‍ട്ടി അംഗീകരിക്കുകയില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.
 

Latest News