റിയാദ്- സൗദി അറേബ്യയുടെ തലസ്ഥാനത്ത് എത്തിയതില്‍ അത്യധികം ആവേശത്തിലാണെന്നും സിനിമ ചിത്രീകരണത്തിനായി വീണ്ടും സൗദിയിലെത്തുമെന്നും ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സല്‍മാന്‍ ഖാന്‍.
റിയാദ് സീസണിനോടനുബന്ധിച്ച് വെള്ളിയാഴ്ച ബോളിവാഡ് പ്ലസ് അന്താരാഷ്ട്ര സ്‌റ്റേജില്‍ നടക്കുന്ന ദ ബാങ് സംഗീത കച്ചേരിയോടനുബന്ധിച്ചാണ് അദ്ദേഹം റിയാദിലെത്തിയത്.
തന്റെ കലാജീവിതത്തില്‍ റിയാദ് സീസണ്‍ അസാധാരണമായ അനുഭവമാണ്. ഒരു മാസം മുമ്പ് ഞാന്‍ കിഴക്കന്‍ പ്രവിശ്യയില്‍ വന്നിരുന്നു. അപ്പോള്‍ തന്നെ സൗദി അറേബ്യയിലെ മാറ്റങ്ങള്‍ കണ്ടറിഞ്ഞു. ഇപ്പോള്‍ പുഞ്ചിരിക്കുന്ന മുഖമാണ് സൗദി ജനതയുടേത്. വെളളിയാഴ്ച നടക്കുന്ന പരിപാടി ഏറ്റവും മികച്ചതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികളുടെ മനസ്സില്‍ തനിക്ക് ഇത്രയധികം സ്ഥാനമുണ്ടെന്ന് വിശ്വസിക്കാനാകുന്നില്ലെന്ന് വേദിയില്‍ കയറി ഒരു കുട്ടി നല്‍കിയ പെയിന്റിംഗ് സ്വീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
സൗദിയില്‍ ആദ്യമായാണ് എത്തുന്നതെന്ന് നടി ശില്‍പാഷെട്ടി പറഞ്ഞു. ഈ രാജ്യത്തിന്റെ സൗന്ദര്യം ആസ്വദിക്കുന്നുവെന്നും ഇക്കാര്യം എല്ലാവരോടും പറയുമെന്നും ശില്‍പാഷെട്ടി പറഞ്ഞു.