കാളികാവ്-പുല്ലങ്കോട് എസ്റ്റേറ്റില്‍ കാട്ടുപന്നികളെ കൊന്നു തിന്ന കടുവയെ പിടികൂടുന്നതിനുള്ള പദ്ധതികളുമായി വനപാലകരും എസ്റ്റേറ്റ് മാനേജ്‌മെന്റും നടപടി തുടങ്ങി. അതേസമയം രണ്ടാംദിനവും നാട്ടിലിറങ്ങിയ കടുവ വീണ്ടും കാട്ടുപന്നിയെ കൊന്നു. എസ്റ്റേറ്റില്‍ വനപാലകര്‍ കെണി സ്ഥാപിച്ചു. രണ്ടു ദിവസങ്ങളിലായി തുടര്‍ച്ചയായി രണ്ടു പന്നികളെയാണ് കടുവ കൊന്നത്. രണ്ടു ദിവസവും കടുവയുടെ സാന്നിധ്യം കണ്ടെത്തിയതിനാല്‍ തൊഴിലാളികള്‍ കടുത്ത ഭീതിയിലാണ്. കടുവയെ തുരത്താനുള്ള നടപടിയുടെ ഭാഗമായി സംഭവസ്ഥലത്ത് വൈകുന്നേരത്തോടെ കെണി സ്ഥാപിച്ചു. ഡപ്യൂട്ടി റേഞ്ചര്‍ പി. രാമദാസിന്റെ നേതൃത്വത്തില്‍ കടുവയെ കെണിയില്‍ വീഴ്ത്താനും തുരത്താനുമുള്ള സര്‍വസന്നാഹങ്ങളുമായിട്ടാണ് വനപാലകര്‍ എത്തിയിട്ടുള്ളത്.
കടുവ, പന്നികളെ പിടികൂടിയ സ്ഥലവും വനവും തമ്മില്‍ കാര്യമായ അകലമില്ല. കടുവയെ തുരത്തുന്നതിന്റെ ഭാഗമായി വനം വകുപ്പിന്റെ ദ്രുത കര്‍മ സേനയും സ്ഥലത്തെത്തി നടപടികള്‍ തുടങ്ങി. കാല്‍പ്പാടുകളും ആക്രമണ രീതിയും കണ്ടതില്‍ നിന്ന് പന്നികളെ കൊന്നത് കടുവ തന്നെയെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.