തിരുവനന്തപുരം- സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ സമരം തുടരാനാണ് തീരുമാനമെങ്കില്‍ കര്‍ശന നടപടികളുമായി സര്‍ക്കാരിന് മുന്നോട്ട് പോകേണ്ടി വരുമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍. ബസുകള്‍ പിടിച്ചെടുക്കുന്നതടക്കമുള്ള കടുത്ത തീരുമാനങ്ങളിലേക്ക് സര്‍ക്കാരിനെ നയിക്കരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കില്ലെന്നും ഗതാഗതമന്ത്രി ആവര്‍ത്തിച്ചു. സമരത്തിലുള്ള ബസുടമകളുടെ സംഘടനകളുമായി ഞായറാഴ്ച സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിയെങ്കിലും വിജയിച്ചിരുന്നില്ല. വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കില്ലെന്ന് സര്‍ക്കാര്‍ നിലപാടെടുത്തതോടെ ചര്‍ച്ച തീരുമാനമാകാതെ പിരിയുകയായിരുന്നു.
നിരക്ക് വര്‍ധന ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകള്‍ നടത്തുന്ന അനിശ്ചിതകാല സമരം സമരം നാലാം ദിവസത്തിലേക്ക് കടന്നിരിക്കയാണ്. സമരം ഇനിയും തുടര്‍ന്നാല്‍ പ്രതിസന്ധി കൂടുമെന്ന് ചൂണ്ടാക്കാട്ടി ഒരുവിഭാഗം ഉടമകള്‍ രംഗത്തുവന്നതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അതേസമയം, ലക്ഷ്യം കാണുംവരെ സമരം തുടരണമെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം. ഈ ഭിന്നതക്കിടയില്‍ സമരം നടത്തുന്ന 12 സംഘടനകളില്‍ അഞ്ച് സംഘടനകള്‍ ഇന്ന് തൃശൂരില്‍ യോഗം ചേരുന്നുണ്ട്. സമരം തുടരണോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് സൂചന.