ബീജീങ്- സിന്‍ജിയാങ്ങിലെ ഉയ്ഗൂര്‍ ജനതക്കെതിരെ ചൈന വംശഹത്യ നടത്തിയതായി യുകെ ആസ്ഥാനമായുള്ള അനൗദ്യോഗിക ട്രൈബ്യൂണല്‍ കണ്ടെത്തി.
ഉയിഗൂറുകള്‍ക്കെതിരെ രാജ്യം നടത്തിയതായി ആരോപിക്കപ്പെടുന്ന ജനന നിയന്ത്രണവും വന്ധ്യംകരണ നടപടികളും ഈ നിഗമനത്തിലെത്താനുള്ള പ്രാഥമിക കാരണമായി ഉയ്ഗൂര്‍ ട്രൈബ്യൂണല്‍ ചൂണ്ടിക്കാട്ടി.
'ഉയിഗൂറിന്റെയും മറ്റ് വംശീയ ന്യൂനപക്ഷങ്ങളുടെയും ജനസംഖ്യ കുറച്ചുകൊണ്ടുവരാന്‍ ചൈന 'മനഃപൂര്‍വ്വവും വ്യവസ്ഥാപിതവും യോജിച്ചതുമായ നയം' നടപ്പിലാക്കിയതായി ട്രൈബ്യൂണല്‍ അധ്യക്ഷനായ പ്രമുഖ ബ്രിട്ടീഷ് ബാരിസ്റ്റര്‍ സര്‍ ജെഫ്രി നൈസ് പറഞ്ഞു. സിന്‍ജിയാങ് മേഖലയിലെ മുസ്്‌ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങളുടെ പ്രാഥമിക ഉത്തരവാദിത്തം ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ വഹിക്കുമെന്ന് പാനല്‍ വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഭിഭാഷകരും അക്കാദമിക് വിദഗ്ധരും അടങ്ങുന്നതായിരുന്നു ട്രിബ്യൂണലിന്റെ സമിതി. അതിന്റെ കണ്ടെത്തലുകള്‍ക്ക് നിയമപരമായ ശക്തിയില്ല. എന്നാല്‍ ചൈനക്കെതിരായ ആരോപണങ്ങളെ ചുറ്റിപ്പറ്റിയുള്ള തെളിവുകള്‍ കൂട്ടിച്ചേര്‍ക്കാനും വംശഹത്യയെക്കുറിച്ചുള്ള ചോദ്യത്തില്‍ ഒരു സ്വതന്ത്ര നിഗമനത്തിലെത്താനുമായിരുന്നു ലക്ഷ്യമെന്ന് സംഘാടകര്‍ പറഞ്ഞു.