ആലപ്പുഴ- റോഡിലൂടെ നടന്നു പോകുകയായിരുന്ന വൃദ്ധയുടെ സ്വര്‍ണമാല പൊട്ടിച്ചെടുത്ത കേസില്‍, ആലപ്പുഴ കളപ്പുര ചക്കംപറമ്പ് വീട്ടില്‍ രമാദേവി(45)യെ മണ്ണഞ്ചേരി പോലീസ് പിടികൂടി. കലവൂര്‍ പാലത്തിന് തെക്കു കൂടി നടന്നു പോകവേ സമീപവാസിയായ സരസമ്മ(81)യുടെ സ്വര്‍ണമാലയാണ് പൊട്ടിച്ചത്. കഴിഞ്ഞദിവസം രാവിലെയായിരുന്നു സംഭവം.
സരസമ്മയുടെ സമീപം വഴി ചോദിക്കാനെന്ന വ്യാജേന സ്‌കൂട്ടറില്‍ എത്തിയ രമ മാല പൊട്ടിക്കുകയായിരുന്നു. പെട്ടെന്ന് സരസമ്മ പിടിച്ചതിനാല്‍ ഒരു പവന്റെ മാലയില്‍ മൂന്നര ഗ്രാം സ്വര്‍ണമാണ് നഷ്ടപ്പെട്ടത്. ഇതേസമയം സമീപത്തെ മരത്തിന് മുകളിലുണ്ടായിരുന്ന മരംവെട്ട് തൊഴിലാളി ഇത് കാണുന്നുണ്ടായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെയും ദൃക്‌സാക്ഷിയുടെ മൊഴിയുടെയും അടിസ്ഥാനത്തില്‍ ഇവര്‍ സഞ്ചരിച്ച വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ കണ്ടെത്തി. തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
മോഷ്ടിച്ച സ്വര്‍ണാഭരണത്തിന്റെ ഭാഗം ആലപ്പുഴയിലെ സ്വര്‍ണക്കടയില്‍ ഇവര്‍ വിറ്റിരുന്നു. ഇതും പോലീസ് പിടിച്ചെടുത്തു. സ്വകാര്യ കമ്പനിയുടെ നെറ്റ്വര്‍ക്കറായ രമയ്ക്ക് കാര്‍ ഉള്‍പ്പെടെ 3 വാഹനങ്ങളുള്ളതായും ആര്‍ഭാട ജീവിതത്തിനാണ് പണം വിനിയോഗിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.