ഇന്ത്യ വിട്ടു പോയിട്ടില്ല, വായ്പ  തിരിച്ചടക്കുമെന്ന് വിക്രം കോത്താരി

കാണ്‍പൂര്‍- രാജ്യം വിട്ടിട്ടില്ലെന്നും വായ്പ തിരിച്ചടക്കുമെന്നും പൊതുമേഖലാ ബാങ്കുകളില്‍നിന്ന് 800 കോടി രൂപയിലേറെ വായ്പയെടുത്ത് തിരിച്ചടവ് തെറ്റിച്ച റോട്ടോമാക് പേന കമ്പനി ഉടമ വിക്രം കോത്താരി. താന്‍ കാണ്‍പൂരില്‍ തന്നെ ഉണ്ടെന്ന് ഒരു പ്രസ്താവനയിലൂടെയാണ് അദ്ദേഹം വ്യക്തമാക്കി. 
റോട്ടോമാക് ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ചെയര്‍മാനും എം.ഡിയുമായ കോത്താരി അലഹാബാദ്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എന്നീ ബാങ്കുകളില്‍ നിന്നാണ് വായ്പ എടുത്ത് തിരിച്ചടവ് തെറ്റിച്ചത്. വായ്പയുടെ പലിശയും അടച്ചിട്ടില്ല. ഒരാഴ്ചയോളമായി കാണ്‍പൂരിലെ അദ്ദേഹത്തിന്റെ ഓഫീസ് അടഞ്ഞു കിടക്കുകയാണ്. ഇതാണ് കോത്താരി ഇന്ത്യ വിട്ടുവെന്ന് അഭ്യൂഹം പ്രചരിക്കാന്‍ ഇടയാക്കിയത്.

ഇതൊരു അഴിമതിയല്ല. എന്റെ കമ്പനി അടവ് തെറ്റിച്ചെന്ന് ബാങ്കുകള്‍ പറഞ്ഞിട്ടില്ല. നിശ്ചല ആസ്തി (നോണ്‍പെര്‍ഫോമിങ് അസറ്റ്-എന്‍പിഎ) ആയാണ് തന്റെ ലോണുകളെ ബാങ്കുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലിന്റെ പരിഗണനയിലിരിക്കുന്ന കേസാണിത്. ഞാന്‍ എടുത്ത വായ്പകള്‍ ഉടന്‍ തിരിച്ചടക്കും-കോത്താരി  പ്രസ്താവനയില്‍ വ്യക്തമാക്കി.

വായ്പ തിരിച്ചടിച്ചില്ലെങ്കില്‍ കമ്പനിയുടെ ആസ്തികള്‍ വിറ്റ് വായ്പാ തുക തിരിച്ചുപിടിക്കുമെന്ന് അലഹാബാദ് ബാങ്ക് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.


 

Latest News